ഉത്തര്‍പ്രദേശ് വെടിവെയ്പ്പ് പ്രതി പൊലീസിനൊപ്പം: ചിത്രത്തിന്റെ വസ്തുതയറിയാം

ആതിഖ് അഹമ്മദ് കൊലക്കേസിലെ പ്രതിയ്ക്കൊപ്പം പൊലീസ് മൊബൈല്‍ ഫോണ്‍ ഗെയിം കളിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  17 April 2023 7:42 PM GMT
ഉത്തര്‍പ്രദേശ് വെടിവെയ്പ്പ് പ്രതി പൊലീസിനൊപ്പം: ചിത്രത്തിന്റെ വസ്തുതയറിയാം

സമാജ് വാദി പാര്‍ട്ടി മുന്‍ എംപി യും കൊടും കുറ്റവാളിയുമായ ആതിഖ് അഹമ്മദിനെയും സഹോദരനയെും 2023 ഏപ്രില്‍ 15ന് രാത്രിയാണ് മൂന്നംഗസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. കനത്ത പൊലീസ് സുരക്ഷയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെ തത്സമയ ചാനല്‍ ക്യാമറകള്‍ക്കുമുന്നിലാണ് കൊലപാതകം നടന്നത്. ഇതുസംബന്ധിച്ച് പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് വെടിവെയ്പ്പിന് ശേഷം പ്രതിയ്ക്കൊപ്പം മൊബൈല്‍ഫോണില്‍ ഗെയിം കളിക്കുന്ന പൊലീസ് എന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


മലബാര്‍ സഖാക്കള്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ചിത്രം 1500-ഓളം പേര്‍ പങ്കുവെച്ചതായി കാണാം. Rahul Gandhi Fans Kerala എന്ന പേജില്‍നിന്നും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്.


Fact-check:

തത്സമയ ചാനല്‍ ക്യാമറകള്‍ക്കുമുന്നില്‍‌ നടന്ന വെടിവെയ്പ്പ് രാജ്യത്തെ ഞെട്ടിച്ചതാണ്. സംഭവത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയില്‍ ഏപ്രില്‍ 15ന് രാത്രി തന്ന ഉന്നതതല യോഗം ചേരുകയും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രയാഗ് രാജില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതായും 17 പൊലീസുകാരെ സസ്പെന്‍റ് ചെയ്തതായും വാര്‍ത്തകളുണ്ട്.

ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയ്ക്കിടെ പ്രതികളിലൊരാളെ ഇത്തരത്തില്‍ ‍മതിയായ സുരക്ഷയില്ലാതെ പൊതുഗതാഗത സംവിധാനത്തില്‍ കൊണ്ടുപോകുമോ എന്നതാണ് വസ്തുതാ പരിശോധനയിലെ ആദ്യ സൂചന.

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി പരിശോധിച്ചെങ്കിലും വ്യക്തമായ ഫലങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ India Posts എന്ന വെബ്സൈറ്റില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.


റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ചിത്രം പങ്കുവെച്ച IPS ഓഫീസറുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ സന്ദര്‍ശിച്ചു. 2023 ഏപ്രില്‍ 14ന് വൈകീട്ട് 3.11ന് ‘പൊലീസിന്‍റെ ജാഗ്രതക്കുറവ്’ എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചതായി കാണാം.




ഇതോടെ ചിത്രം 2023 ഏപ്രില്‍ 14നോ അതിന് മുന്‍പോ എടുത്തതാണെന്ന് വ്യക്തമായി. എന്നാല്‍ ചിത്രം എവിടെനിന്നുള്ളതാണെന്ന സൂചനകള്‍ അദ്ദേഹത്തിന്‍റെ ട്വീറ്റിലും കാണാനായില്ല.

കൂടുതല്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ India Today ഇതേ ചിത്രം ഏപ്രില്‍ 15ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. എന്നാല്‍ ഈ റിപ്പോര്‍ട്ടിലും ചിത്രം എവിടെനിന്നാണെന്ന സൂചനകള്‍ ലഭിച്ചില്ല.


തുടര്‍ന്ന് ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചു. പൊലീസ് അണിഞ്ഞ യൂനിഫോമിലെ ലോഗോ വിവിധ സംസ്ഥാന പൊലീസ് ലോഗോകളുമായി ഒത്തുനോക്കിയതിലൂടെ ചിത്രത്തിലുള്ളത് ഉത്തര്‍പ്രദേശ് പൊലീസ് ആണെന്ന് സ്ഥിരീകരിക്കാനായി. കൂടാതെ, ആതിഖ് അഹമ്മദ് കൊലക്കേസ് ദൃശ്യങ്ങളില്‍ കൂടെയുള്ള പൊലീസുകാരുടെ യൂനിഫോം ലോഗോയും ഇതുതന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ചിത്രത്തിലുള്ളത് ഉത്തര്‍പ്രദേശ് പൊലീസാണെന്ന് വ്യക്തമായി.




ചിത്രത്തിലുള്ളത് ഉത്തര്‍പ്രദേശ് പൊലീസ് ആണെങ്കിലും ചിത്രം ഏപ്രില്‍ 14നോ അതിന് മുന്‍പോ എടുത്തതാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആതിഖ് അഹമ്മദ് കൊലക്കേസിലെ പ്രതിയ്ക്കൊപ്പമിരിക്കുന്ന പൊലീസ് എന്ന അടിക്കുറിപ്പ് വ്യാജമാണെന്ന് വ്യക്തമായി.


Conclusion:

ഉത്തര്‍പ്രദേശില്‍ ആതിഖ് അഹമ്മദ് കൊലക്കേസ് പ്രതിയ്ക്കൊപ്പം പൊലീസ് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ചിത്രത്തിലുള്ളത് ഉത്തര്‍ പ്രദേശ് പൊലീസാണ്. എന്നാല്‍ ചിത്രം ആതിഖ് അഹമ്മദ് കൊലപാതകത്തിന് മുന്‍പേ പ്രചരിച്ചതാണെന്ന് വ്യക്തമായി.

Claim Review:Police plays mobile game with accused in Atiq Ahmed murder
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story