Fact Check: റമദാനില്‍ ഏകനായി ജുമുഅ നമസ്കാരം നിര്‍വഹിക്കുന്ന ഇമാം? ചിത്രത്തിന്റെ സത്യമറിയാം

നോമ്പുകാലത്തെ അവസാന വെള്ളിയാഴ്ച പള്ളിയില്‍ ഏകനായി ജുമുഅ നമസ്കാരം നിര്‍വഹിക്കുന്ന ഇമാമിന്റെ ചിത്രമെന്ന വിവരണത്തോടെ കണ്ണൂര്‍ ജില്ലയിലെ മഴൂര്‍ ജുമാമസ്ജിദിലേതെന്ന അവകാശവാദത്തോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 1 April 2025 2:40 PM IST

Fact Check: റമദാനില്‍ ഏകനായി ജുമുഅ നമസ്കാരം നിര്‍വഹിക്കുന്ന ഇമാം? ചിത്രത്തിന്റെ സത്യമറിയാം
Claim:റംസാനിലെ അവസാന വെള്ളിയാഴ്ച കണ്ണൂര്‍ മഴൂര്‍ ജുമാമസ്ജിദില്‍ ഏകനായി ജുമുഅ നിര്‍വഹിക്കുന്ന ഇമാം
Fact:പ്രചാരണം വസ്തുതാവിരുദ്ധം. ചിത്രം 2020 ലെ നോമ്പുകാലത്ത് കൊവി‍ഡ് നിയന്ത്രണങ്ങള്‍ക്കിടെ പകര്‍ത്തിയത്.

ഇസ്‍ലാം മതവിശ്വാസികള്‍ക്ക് പുണ്യമാസമായ റമദാനില്‍ പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേക പ്രാര്‍ത്ഥനകളും ആരാധനാകര്‍മങ്ങളും ഇതിന്റെ ഭാഗമായി നടത്തുന്നു. നോമ്പുകാലത്തെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് പതിവിലേറെ തിരക്ക് സ്വാഭാവികമാണ്. റംസാനിലെ അവസാന വെള്ളിയാഴ്ചയില്‍ ഇത് വീണ്ടും കൂടാറാണ് പതിവ്. എന്നാല്‍ നോമ്പുകാലത്തെ അവസാന വെള്ളിയാഴ്ച ഒറ്റയ്ക്ക് ജുമുഅ നിര്‍വഹിക്കുന്ന ഇമാമിന്റേതെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ മഴൂര്‍ ജുമാമസ്ജിദിലെ ചിത്രമെന്ന തരത്തില്‍ പത്രത്തില്‍ അച്ചടിച്ചുവന്ന വാര്‍ത്താചിത്രത്തിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന പത്രവാര്‍ത്ത പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

റമദാനിലെ അവസാന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ആരും എത്താതിരിക്കുകയയെന്നത് മലബാറിനെ സംബന്ധിച്ച് സങ്കല്പിക്കാവുന്ന ഒന്നല്ല. ഈ പശ്ചാത്തലത്തിലാണ് വസ്തുത പരിശോധന നടത്തിയത്. പ്രചരിക്കുന്ന വിവിധ പോസ്റ്റുകളിലെ കമന്റുകള്‍ പരിശോധിച്ചതോടെ ചിത്രം കൊവിഡ് മഹാമാരിക്കാലത്ത് പകര്‍ത്തിയതാണെന്ന സൂചന ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകനും മഴൂര്‍ സ്വദേശിയുമായ റിയാസ് കെ എം ആര്‍ പങ്കുവെച്ച വീഡിയോ ലഭിച്ചു.



ചിത്രം പ്രാദേശിക മാധ്യമ ഫോട്ടോഗ്രാഫറായ കൃഷ്ണന്‍ കാഞ്ഞിരങ്ങാട് കൊവിഡ് കാലത്ത് പകര്‍ത്തിയതാണെന്നും നാടിനെതിരെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈ സൂചനകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ബന്ധപ്പെടുകയും വിശദവിവരങ്ങള്‍ക്കായി മഴൂര്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി ഷൗക്കത്തുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രതികരണം:

“ഈ ചിത്രത്തിന് അഞ്ചുവര്‍ഷത്തോളം പഴക്കമുണ്ട്. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നാട്ടിലെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിിക്കുന്ന ആരാധനാലയമെന്ന തരത്തിലാണ് അന്ന് അത് ചര്‍ച്ചചെയ്തത്. ഇപ്പോള്‍ ആരാണ് ഇത് പ്രചരിപ്പിക്കുന്നതെന്നോ അവരുടെ ഉദ്ദേശമെന്താണെന്നോ അറിയില്ല. റമദാന്‍ മാസം നിരവധി പേര്‍ ജുമുഅ നമസ്കാരത്തിനടക്കം പള്ളിയിലെത്തിയിരുന്നു. മാത്രവുമല്ല, ചിത്രത്തില്‍ കാണുന്ന ജാബിര്‍ അസ്ഹരി എന്ന വ്യക്തിയല്ല ജുമുഅക്ക് നേതൃത്വം നല്‍കുന്നത്. കൊവിഡ് സമയത്ത് പള്ളിയുടെ അടുത്ത് താമസിക്കുന്ന വ്യക്തിയെന്ന നിലയ്ക്കാണ് അദ്ദേഹം പള്ളിയിലെത്തി കര്‍മങ്ങള്‍ നിര്‍വഹിച്ചത്.”

തുടര്‍ന്ന് ചിത്രം പകര്‍ത്തിയ മംഗളം പത്രത്തിലെ ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍ കാഞ്ഞിരങ്ങാടുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:

“ഈ ചിത്രം കൊവി‍ഡ് ലോക്ക്ഡൗണ്‍ സമയത്ത് - കൃത്യമായി പറഞ്ഞാല്‍ 2020 മെയ് 22 ന് - പകര്‍ത്തിയതാണ്. കൊവി‍ഡ് മാനദണ്ഡങ്ങല്‍ കൃത്യമായി പാലിക്കുന്ന ആരാധനാലയമെന്ന തരത്തിലാണ് ചിത്രം പകര്‍ത്തിയത്. മംഗളം പത്രത്തിന്റെ കണ്ണൂര്‍, കോഴിക്കോട് എഡിഷനുകളില്‍ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ സാമൂഹ്യ അകലം പാലിച്ച് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് കൊട്ടിയൂര്‍ ക്ഷേത്രമടക്കം ആരാധനാലയങ്ങളിലെ ചിത്രങ്ങളും ആ സമയത്ത് പകര്‍ത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രചാരണം തീര്‍ത്തും വസ്തുതാവിരുദ്ധമാണ്.”

പ്രചരിക്കുന്ന ചിത്രമടക്കം പകര്‍ത്തിയ ചിത്രങ്ങളും അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു.



ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നിലവിലെ നോമ്പുകാലവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.


Conclusion:

റംസാനിലെ അവസാന വെള്ളിയാഴ്ച കണ്ണൂര്‍ മഴൂര്‍ ജുമാമസ്ജിദില്‍ ഏകനായി ജുമുഅ നിര്‍വഹിക്കുന്ന ഇമാമിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വസ്തുതാ വിരുദ്ധമാണ്. ചിത്രം 2020 ലെ നോമ്പുകാലത്ത് കൊവി‍ഡ് നിയന്ത്രണങ്ങള്‍ക്കിടെ പകര്‍ത്തിയതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

Claim Review:റംസാനിലെ അവസാന വെള്ളിയാഴ്ച കണ്ണൂര്‍ മഴൂര്‍ ജുമാമസ്ജിദില്‍ ഏകനായി ജുമുഅ നിര്‍വഹിക്കുന്ന ഇമാം
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം വസ്തുതാവിരുദ്ധം. ചിത്രം 2020 ലെ നോമ്പുകാലത്ത് കൊവി‍ഡ് നിയന്ത്രണങ്ങള്‍ക്കിടെ പകര്‍ത്തിയത്.
Next Story