ജി-7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകനേതാക്കള്‍ അവഗണിച്ചോ? വസ്തുതയറിയാം
പ്രചരിക്കുന്ന ദൈര്‍ഘ്യം കുറഞ്ഞ ദൃശ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമുള്ള ഏതാനും ലോക നേതാക്കള്‍ പരസ്പരം സംസാരിക്കുന്നതും മോദി അവരെ മാറിമാറി നോക്കുന്നതും കാണാം.
By - HABEEB RAHMAN YP | Published on 29 May 2023 5:52 PM GMTജപ്പാനില്‍ ജി-7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകനേതാക്കള്‍ അവഗണിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. നരേന്ദ്രമോദിയ്ക്കൊപ്പം ഏതാനും ലോകനേതാക്കള്‍ ഒരുമിച്ച് നില്‍ക്കുന്ന ദൃശ്യങ്ങളില്‍ അവരെല്ലാം പരസ്പരം സംസാരിക്കുന്നതും മോദി അവരെ മാറിമാറി നോക്കുന്നതുമായ ദൃശ്യങ്ങള്‍ സഹിതമാണ് പ്രചരണം.
ജി-7 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ആരും തിരിഞ്ഞുനോക്കാതെ നമ്മുടെ പ്രധാനമന്ത്രി എന്ന അടിക്കുറിപ്പോടെയാണ് I am Congress എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
വസ്തുതാപരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ നിരീക്ഷിച്ചു.
പന്ത്രണ്ട് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരെല്ലാം കൈയ്യടിച്ച ശേഷം നടന്നു നീങ്ങുന്നതും പിന്‍ നിരയില്‍ രണ്ടുപേര്‍ പരസ്പരം സംസാരിക്കുന്നും കാണാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആരും സംസാരിക്കുന്നില്ലെന്നും വ്യക്തമാണ്. എന്നാല്‍ സാഹചര്യം വ്യക്തമല്ലാത്ത വീഡിയോയുടെ യഥാര്‍ത്ഥ പശ്ചാത്തലം മനസ്സിലാക്കുന്നതിനായി കീവേഡുകള്‍ ഉപയോഗിച്ച് ദൈര്‍ഘ്യമേറിയ വീഡിയോ കണ്ടെത്താന്‍ ശ്രമിച്ചു.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെരിഫൈഡ് യൂട്യൂബ് ചാനലില്‍നിന്ന് ഇതേ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് മെയ് 20ന് പങ്കുവെച്ചതായി കണ്ടെത്തി. വീഡിയോയില്‍നിന്ന് ജി-7 ഉച്ചകോടിയില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സമയത്തെ ദൃശ്യങ്ങളാണിതെന്ന് വ്യക്തമായി. ഫോട്ടോഷൂട്ടിന് ശേഷം പുറത്തേക്ക് നടന്നു നീങ്ങുന്നതിന് തൊട്ടുമുന്‍പത്തെ ഏതാനും സെക്കന്‍റുകളാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ അതിനു തൊട്ടടുത്ത നിമിഷം മുന്‍നിരയിലെ നേതാക്കളില്‍ ഒരാള്‍ക്ക് ഹസ്തദാനം ചെയ്ത് സംസാരിച്ചുകൊണ്ട് നരേന്ദ്രമോദി പുറത്തേക്കിറങ്ങുന്ന ഭാഗം യൂട്യൂബിലെ വീഡിയോയില്‍ കാണാം.
ഇതേ യൂട്യൂബ് ചാനലില്‍ തന്നെ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടയിലെ ചില അപൂര്‍വ നിമിഷങ്ങള്‍ എന്ന തലക്കെട്ടോടെ ഒരു വീഡിയോ മെയ് 21ന് പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ വിവിധ ലോകനേതാക്കളുമായി അദ്ദേഹം സംവദിക്കുന്നത് കാണാം.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥ വീഡിയോയില്‍നിന്ന് അടര്‍ത്തിമാറ്റിയ ഭാഗമാണെന്നും അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമായി.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെരിഫൈഡ് ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചു. 2023 മെയ് 20ന് ജി-7 യോഗത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശനത്തിനിടെയുള്ള നിരവധി ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍നിന്നും അദ്ദേഹം വിവിധ നേതാക്കളുമായി സംവദിച്ചതായി കാണാം.
ഇതോടെ പ്രചരിക്കുന്ന അവകാശവാദം പൂര്‍ണമായും തെറ്റെന്ന് വ്യക്തമായി.
Conclusion:
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജി-7 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ അവഗണിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യഥാര്‍ത്ഥ വീഡിയോയില്‍നിന്ന് അടര്‍ത്തിമാറ്റിയ ദൈര്‍ഘ്യം കുറഞ്ഞ പതിപ്പാണ് പ്രചരിക്കുന്നത്. പ്രധാനമന്ത്രി മറ്റുള്ളവരുമായി സംവദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പില്‍ ലഭ്യമാണ്. കൂടാതെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളില്‍നിന്നും അദ്ദേഹം നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി കാണാം.