വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതില്‍ ചിലതെല്ലാം വ്യാജമോ സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റിയവയോ ആണ്. പ്രിയങ്ക ഗാന്ധി പന്നിയിറച്ചി കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് പുതിയ പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സമയത്ത് കല്പറ്റ എംഎല്‍എ ടി സിദ്ദീഖിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ട്വന്റിഫോര്‍ ന്യൂസ് വാര്‍ത്ത നല്‍കിയെന്ന തരത്തിലാണ് സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ട്വന്റിഫോര്‍ ന്യൂസ് ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് ആദ്യം പരിശോധിച്ചത്. നീളമേറിയ തലക്കെട്ടും അക്ഷരത്തെറ്റുകളും ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും ചിത്രങ്ങളുമെല്ലാം ഇത് വ്യാജമാകാമെന്നതിന്റെ സൂചനകള്‍ നല്‍കി. തുടര്‍ന്ന് ട്വന്റിഫോര്‍ വെബ് ഡെസ്കുമായി ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇങ്ങനെ:
“പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണ്. ട്വന്റിഫോര്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ല. മറ്റേതോ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് മൊബൈലില്‍ എടുത്ത് അതിലെ തലക്കെട്ടും ചിത്രങ്ങളും മാറ്റിയാണ് പ്രചാരണം. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലെ ഫോണ്ട് ഞങ്ങള്‍ ഉപയോഗിക്കുന്നതല്ല. മാത്രവുമല്ല, അതില്‍ നല്‍കിയിരിക്കുന്നപോലെ ചിത്രങ്ങള്‍ ഉപയോഗിക്കാറുമില്ല. നേരത്തെയും ചാനലിന്റെ പേരില്‍ ഇത്തരം വ്യാജ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. പ്രചാരണം വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് ചാനല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്താകാര്‍ഡുകള്‍ പങ്കുവെച്ചിട്ടുണ്ട്.”
പ്രചാരണം വ്യാജമാണെന്ന് കാണിച്ച് ട്വന്റിഫോര്‍ ന്യൂസ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വാര്‍ത്താ കാര്‍ഡ് ലഭ്യമായി. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടടക്കം ഉള്‍പ്പെടുത്തിയാണ് കാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ട്വന്റിഫോര്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വ്യക്തമായി.
Conclusion:
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി പന്നിയിറച്ചി കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുവെന്ന തരത്തില്‍ ട്വന്റിഫോര്‍ ന്യൂസ് വാര്‍ത്ത നല്‍കിയതായി നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.