Fact Check: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധി? ചിത്രത്തിന്റെ വാസ്തവം

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍ സന്തോഷത്തോടെ പുഞ്ചിരിക്കുന്ന പ്രിയങ്ക ഗാന്ധിയുടേതെന്ന അവകാശവാദത്തോടെ പ്രിയങ്കയുടെ ചിത്രമടങ്ങുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‌

By -  HABEEB RAHMAN YP
Published on : 31 Jan 2025 11:14 PM IST

Fact Check: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധി? ചിത്രത്തിന്റെ വാസ്തവം
Claim:കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട്ടിലെ രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കഗാന്ധി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം.
Fact:പ്രചാരണം വ്യാജം. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡിലെ യഥാര്‍ത്ഥ ചിത്രം മാറ്റി പഴയൊരു ചിത്രം ചേര്‍ത്താണ് പ്രചാരണം.

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്കഗാന്ധി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമെന്ന വിവരണത്തോടെ ഒരു വാര്‍ത്താ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘കടുവ കൊന്ന രാധയുടെ വീട്ടില്‍ പ്രിയങ്ക ഗാന്ധി’ എന്ന തലക്കെട്ടോടെ തയ്യാറാക്കിയിരിക്കുന്നഏഷ്യാനെറ്റ് ന്യൂസിന്റ വാര്‍ത്താ കാര്‍ഡില്‍ പ്രിയങ്ക ഗാന്ധിയും മകള്‍ മിരായ വാദ്രയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കാണാം.




Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എഡിറ്റ് ചെയ്ത വാര്‍ത്താകാര്‍ഡാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം ചിത്രത്തിലുള്ളത് അവരുടെ മകള്‍ മിരായ വാദ്രയാണ്. വയനാട് സന്ദര്‍ശനത്തില്‍ പ്രിയങ്കയ്ക്കൊപ്പം മകള്‍ ഉണ്ടായിരുന്നില്ലെന്നതാണ് ചിത്രം വ്യാജമാകാമെന്നതിന്റെ ആദ്യ സൂചനയായത്. 2025 ജനുവരി 28നാണ് പ്രിയങ്ക വയനാട് സന്ദര്‍ശിക്കാനെത്തിയത്. ഈ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച വാര്‍ത്താ കാര്‍ഡുകള്‍ പരിശോധിച്ചതോടെ യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്താനായി.



യഥാര്‍ത്ഥ കാര്‍ഡില്‍ ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിരിക്കുന്ന ചിത്രത്തിനുമേലെ മറ്റൊരു ചിത്രം ചേര്‍ത്താണ് പ്രചാരണമെന്ന് ഇതോടെ വ്യക്തമായി. ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കൊപ്പം ഈ ചിത്രം നല്‍കിയിരിക്കുന്നതായി കാണാം.




രാധയുടെ വീട് സന്ദര്‍ശിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തത്സമയ വീഡിയോ ദൃശ്യങ്ങളും വിവിധ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. യൂട്യൂബില്‍ മനോരമ ന്യൂസിന്റെ വീഡിയോയില്‍ ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡിലേതിന് സമാനമായ ദൃശ്യം കാണാം.



ഈ ദൃശ്യങ്ങളിലെല്ലാം പ്രിയങ്ക ഗാന്ധി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പ്രചരിക്കുന്ന ചിത്രത്തിലേതില്‍നിന്ന് വ്യത്യസ്തമാണ്. ഇതോടെ പ്രചരിക്കുന്ന കാര്‍ഡിലെ ചിത്രം വയനാട്ടിലേതല്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ ആ ചിത്രത്തിന്റെ പശ്ചാത്തലമന്വേഷിച്ചു. ഇതോടെ ദി ഹിന്ദു ദിനപത്രത്തിന്റെ എക്സ് ഹാന്‍ഡിലില്‍ 2024 മെയ് 25ന് ഈ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. ലോക്സഭ തിരിഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം പോളിങ് ബൂത്തിന് പുറത്ത് മകള്‍ക്കൊപ്പം നില്‍ക്കുന്ന പ്രിയങ്കഗാന്ധി എന്ന വിവരണത്തോടെയാണ് ചിത്രം നല്‍കിയിരിക്കുന്നത്.



ഇതോടെ ചിത്രത്തിന് നിലവിലെ സാഹചര്യവുമായോ പ്രിയങ്കയുടെ വയനാട് സന്ദര്‍ശനവുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.


Conclusion:

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കഗാാന്ധി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് വ്യാജമാണ്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ കാര്‍ഡിലെ ചിത്രം എഡിറ്റ് ചെയ്ത് പഴയ ചിത്രം ചേര്‍ത്താണ് പ്രചാരണമെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

Claim Review:കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട്ടിലെ രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കഗാന്ധി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം വ്യാജം. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡിലെ യഥാര്‍ത്ഥ ചിത്രം മാറ്റി പഴയൊരു ചിത്രം ചേര്‍ത്താണ് പ്രചാരണം.
Next Story