നെഹ്റു കുടുംബത്തില്‍നിന്നൊരു ഗായിക എന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു ടെലിവിഷന്‍ പരിപാടിയില്‍ യുവതി വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്നതിന്റെ ചില ഭാഗങ്ങളാണ് പ്രചരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടെയും മകൾ ജോനിറ്റ ഗാന്ധിയുടെ മനോഹര ഗാനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Hyder Thalikulam എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്കൊപ്പം ഈ അവകാശവാദങ്ങള്‍ കാണാം.
Fact-check:
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ യുവതി മലയാളമടക്കം വിവിധ ഭാഷകളില്‍ ഗാനമാലപിക്കുന്നതായി കാണാം. ജോനിറ്റ ഗാന്ധിയെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളില്‍ നല്കിയിരിക്കുന്ന പേര്. ഇത് സ്ഥിരീകരിക്കുന്നതിന് ആദ്യമായി വീഡിയോയിലെ ലോഗോ ഒരു സൂചനയായി പരിഗണിച്ച് Behindwoods Cold ന്റെ യൂട്യൂബ് ചാനല്‍ പരിശോധിച്ചു. ഇതോടെ വീഡിയോ യൂട്യൂബില്‍ കണ്ടെത്താനായി. എന്നാല്‍ അഭിമുഖത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചതായി കണ്ടെത്താനായില്ല.
തുടര്‍ന്ന് വെബ്സൈറ്റില്‍തന്നെ നല്കിയിരിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചു. ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതോടെ ജോനിറ്റഗാന്ധിയ്ക്ക് പ്രിയങ്കാഗാന്ധിയുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കാനായി. ഫെയ്സ്ബുക്കില്‍ അമ്മ സ്നേഹ ഗാന്ധിയുടെയും അച്ഛന്‍ ദീപക് ഗാന്ധിയുടെയും കൂടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതായി കാണാം.
ഇതോടെ പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് ബോധ്യമായി. തുടര്‍ന്ന് വസ്തുതാ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ പ്രിയങ്കാഗാന്ധിയുടെ മക്കളെക്കുറിച്ചും അന്വേഷിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രിയങ്കാഗാന്ധിയുടെ മകള്‍ മിരായ ഗാന്ധി പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്കിയതായി കണ്ടു.
പ്രിയങ്കാഗാന്ധിയുടെ രണ്ട് മക്കളില്‍ ഇളയമകളാണ് മിരായയെന്നും സഹോദരന്‍ റെഹാന്‍ ആണെന്നും റിപ്പോര്‍ട്ടുകളില്‍ കാണാം.
ഇതോടെ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് സ്ഥിരീകരിക്കാനായി.
Conclusion:
നെഹ്റു കുടുംബത്തിലെ ഗായികയെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത് ജോനിറ്റ ഗാന്ധി ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ്. ഇവര്‍ ഇന്ത്യന്‍ വംശജയായ കനേഡിയന്‍ ഗായികയാണ്. ജോനിറ്റ പ്രിയങ്കാഗാന്ധിയുടെ മകളാണെന്ന അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.