അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദിക്കെതിരെ പ്രതിഷേധം: പ്രചരിക്കുന്നത് പഴയ വീഡിയോ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലത്തില്‍ ചെരുപ്പുമാല തൂക്കി പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം മണിപ്പൂര്‍ സംഘര്‍ഷവിഷയം ഉള്‍പ്പെടെ കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് സമൂഹമാധ്യമ പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP |
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധമെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തന്റെ ആദ്യ സ്റ്റേറ്റ് വിസിറ്റ് പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ കോലത്തില്‍ ചെരുപ്പ് മാല തൂക്കിയ ദൃശ്യങ്ങളില്‍ ചില പ്ലക്കാര്‍ഡുകളും കാണാം.
അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും ഉള്‍പ്പെടെ വിവരണസഹിതമാണ് Swami Sandeepananda Giri തന്‍റെ വെരിഫൈഡ് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
അഞ്ചുദിവസത്തെ അമേരിക്ക-ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ജൂണ്‍ 26നാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ആദ്യത്തെ മൂന്ന് ദിവസം അമേരിക്ക സന്ദര്‍ശിച്ച അദ്ദേഹം യുഎന്‍ ആസ്ഥാനത്തെ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കുകയും അമേരിക്കയുമായി വിവിധ കരാറുകളില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയ്ക്കെതിരെ ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ നടന്നതായി വാര്‍ത്തകളൊന്നും ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ കണ്ടെത്താനായില്ല.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ദൃശ്യങ്ങള്‍ കീഫ്രെയിമുകളാക്കി റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ ഫെയ്സ്ബുക്കില്‍ 2019 ഒക്ടോബറില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ ലഭിച്ചു.
Jantar Mantar Live എന്ന ഫെയ്സ്ബുക്ക് പേജില്‍ 2019 ഒക്ടോബര്‍ 3 ന് പങ്കുവെച്ച ദൃശ്യങ്ങളില്‍ ഇത് വിദേശത്ത് നടന്നതാണെന്ന സൂചനയുണ്ട്. ഭീകരവാദത്തിന്‍റെ ഇന്ത്യന്‍മുഖം എന്ന വിവരണവും കാണാം.
ഇതോടെ ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നാല് വര്‍ഷത്തോളം പഴയതാകാമന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ പ്ലക്കാര്‍ഡുകളില്‍ കശ്മീരുമായി ബന്ധപ്പെട്ട വിവിധ മുദ്രാവാക്യങ്ങള്‍ കണ്ടു.
ഇവ പ്രധാന സൂചനയായി കീവേഡുകളായി പരിഗണിച്ചു. തുടര്‍ന്ന് പ്രതിഷേധത്തിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി ഗൂഗ്ള്‍ അഡ്വാന്‍സ് സെര്‍ച്ച് സംവിധാനത്തിലൂടെ 2019 ലെ വാര്‍ത്തകള്‍ ഈ കീവേഡുകള്‍ ഉപയോഗിച്ച് ശേഖരിച്ചു. 2019 സെപ്തംബറിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിവിധ സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത The Wire പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
സമാനമായ റിപ്പോര്‍ട്ട് ANIയും നല്കിയതായി കാണാം.
തുടര്‍ന്ന് പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ താരതമ്യം ചെയ്യുന്നതിനായി യൂട്യൂബിലും കീവേഡുകളുപയോഗിച്ച് പരിശോധിച്ചു. Associated Press 2023 സെപ്തംബര്‍ 27 ന് പ്രസിദ്ധീകരിച്ച പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങളിലേതിന് സമാനമായ ഫ്രീ കശ്മീര്‍ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ദൃശ്യങ്ങളില്‍ കാണാം.
ഇതോടെ 2019 സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. ഇത് സ്ഥിരീകരിക്കുന്നതിനായി പ്രചരിക്കുന്ന ദൃശ്യത്തില്‍ കാണുന്ന E-47St എന്ന സ്ട്രീറ്റ് ബോര്‍ഡ് സൂചനയായി എടുത്ത് ഗൂഗ്ള്‍ മാപ്പ് പരിശോധിച്ചു. സ്ട്രീറ്റ് വ്യൂവില്‍ ഇത് ന്യൂയോര്‍ക്കിലെ ഈസ്റ്റ് 47 സ്ട്രീറ്റ് ആണെന്ന് സ്ഥിരീകിരിക്കാനായി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 2023 ജൂണിലെ അമേരിക്കന്‍ സന്ദര്‍ശനവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
Conclusion:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധത്തിന്‍റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2019 ലേതാണെന്നും 2023 ലെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് വിവിധ ഇന്‍ഡോ-അമേരിക്കന്‍ കൂട്ടായ്മകള്‍ 2019 സെപ്തംബറില്‍ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണിവ. മണിപ്പൂര്‍ സംഘര്‍ഷം ഉള്‍പ്പെടെ പ്രതിപാദിച്ച് ഈയിടെ നടന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പങ്കുവെയ്ക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.