മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയ്ക്കെതിരെ പ്രതിഷേധമുണ്ടായെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിനെതിരെ ‘ഗോ ബാക്ക്’ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി പേരെയും വീഡിയോയില്‍ കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധിയ്ക്കെതിരെ പ്രതിഷേധമുണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് അസമില്‍നിന്നുള്ള പഴയ വീഡിയോയാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ANI വാര്‍ത്താ ഏജന്‍സിയുടെ വാട്ടര്‍മാര്‍ക്ക് വീഡിയോയില്‍ കാണാം. വീഡിയോയുടെ 1:03 സമയത്ത് ദൃശ്യങ്ങളിലെ പ്ലക്കാര്‍ഡുകള്‍ക്കിടയില്‍ ഒന്നില്‍ ‘അന്യായ് യാത്ര’ എന്നെഴുതിയതായി കാണാം.
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധമാകാം ഇതെന്ന സൂചന ലഭിച്ചു. ഈ സൂചനനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ANI എക്സ് ഹാന്‍ഡിലില്‍ 2024 ജനുവരി 21 ന് ഇതേ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി.
അസമിലെ നഗോണ്‍ പ്രദേശത്ത് രാഹുല്‍ഗാന്ധിയ്ക്കെതിരെയുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണിതെന്ന് വിവരണത്തില്‍നിന്ന് വ്യക്തമാകുന്നു. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായതെന്ന് ന്യൂസ്18 റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. PTI യെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെരാള്‍ഡ് ഉള്‍പ്പെടെ മാധ്യമങ്ങളും ഈ വാര്‍ത്ത ഇതേദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍നിന്നുള്ളതല്ലെന്നും അസമില്‍നിന്നുള്ളതാണെന്നും വ്യക്തമായി.
തുടര്‍ന്ന് രാഹുല്‍ഗാന്ധി ഈയിടെ നടത്തിയ മണിപ്പൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. 2024 ജൂലൈ 8 തിങ്കളാഴ്ചയായിരുന്നു സന്ദര്‍ശനം. ഇതിന്റെ ചിത്രങ്ങള്‍ അന്നുതന്നെ കോണ്‍ഗ്രസ് എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.
സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ രാഹുല്‍ഗാന്ധിയുടെ പേജിലും നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ മാതൃഭൂമി ഓണ്‍ലൈന്‍ ഉള്‍പ്പെടെ മലയാള മാധ്യമങ്ങളും നല്‍കിയതായി കാണാം.
അതേസമയം 2024 ജൂലൈ 8ലെ മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധിയ്ക്കെതിരെ പ്രതിഷേധമുണ്ടായതായി മാധ്യമ റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനുമായില്ല.
Conclusion:
മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധിയ്ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്. 2024 ജനുവരിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമില്‍വെച്ച് രാഹുല്‍ഗാന്ധിയ്ക്ക് നേരെയുണ്ടായ പ്രതിഷേധനത്തിന്റെ ദൃശ്യങ്ങളാണിതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.