‘കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകരെ ജനം തല്ലിയോടിക്കുന്ന കാഴ്ച’ - വീഡിയോയുടെ വസ്തുതയറിയാം

കര്‍‌ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തനിടെ ബിജെപി പ്രവര്‍ത്തകരെ ജനങ്ങള്‍ തല്ലിയോടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  29 April 2023 11:37 AM GMT
‘കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകരെ ജനം തല്ലിയോടിക്കുന്ന കാഴ്ച’ - വീഡിയോയുടെ വസ്തുതയറിയാം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിരവധി വ്യാജസന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപിയുടെ പ്രചരണ വാഹനം ഉള്‍പ്പെടെ ആക്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ദൃശ്യങ്ങള്‍ ഈയിടെ ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നു.


കര്‍ണാടകയിലെ ബിജെപി യെ ജനങ്ങള്‍ എത്രത്തോളം വെറുത്തു എന്നതിന് തെളിവാണ് ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയാണ് Shirly Israel Vlog എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


Fact-check:

30 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരുകൂട്ടം ആളുകള്‍ തെരഞ്ഞെടുപ്പ് പ്രചരണ വാഹനം ആക്രമിക്കുന്നതായി കാണാം. ദൃശ്യങ്ങളില്‍നിന്ന് അത് ബിജെപിയുടെ പ്രചരണ വാഹനമാണെന്നും വ്യക്തമാണ്.

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് പരിശോധന നടത്തി. ഇതില്‍നിന്ന് സുപ്രധാനമായ ചില സൂചനകള്‍ ലഭിച്ചു.


ബിജെപി-ടിആര്‍എസ് പ്രവര്‍ത്തകര്‍ തമ്മില്‍ മുനുങ്ങോട് ഉപതെരഞ്ഞെടുപ്പ് സമയത്തുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണെന്ന സൂചനകളാണ് ലഭിച്ചത്. സൂചനകളിലെ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ സംഭവവുമായി ബന്ധപ്പെട്ട വിശദമായ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.




2022 നവംബര്‍ 2ന് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം തെലങ്കാനയിലെ മുനുങ്ങോട് ഉപതെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷമാണിത്. തുടര്‍ന്ന് ഇതേസംഭവത്തിന്‍റെ മറ്റ് റിപ്പോര്‍ട്ടുകളും പരിശോധിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഇതേദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയിലും ഇതേ കാര്യം ആവര്‍ത്തിക്കുന്നു. സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.




പ്രചരിക്കുന്ന ദൃശ്യങ്ങളുമായി ഒത്തുനോക്കുന്നതിനായി ദൃശ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും പരിശോധിച്ചു.

2022 നവംബര്‍ 2ന് CNN-News18 യൂട്യൂബില്‍ നല്‍കിയ വാര്‍ത്തയില്‍ ഇതേ ദൃശ്യങ്ങള്‍ കാണാം. പ്രചരിക്കുന്ന വീഡിയോയിലെ പ്രചരണവാഹനത്തിന്‍റെ ദൃശ്യങ്ങളില്‍നിന്ന് ഇതേ സംഭവമാണെന്ന് സ്ഥിരീകരിക്കാനായി. തെലങ്കാനയിലെ മുനുങ്ങോടില്‍ ബിജെപി-ടിആര്‍എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.


ഇന്ത്യാടുഡേയും ഇതുസംബന്ധിച്ച വീഡിയോ റിപ്പോര്‍ട്ട് യൂട്യൂബില്‍ നല്‍കിയിട്ടുണ്ട്.

ഇതോടെ പ്രചരിക്കുന്ന വീഡിയോ കര്‍ണാടകയില്‍നിന്നുള്ളതല്ലെന്ന് വ്യക്തം.


Conclusion:

കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകരെയും പ്രചരണ വാഹനത്തെയും ജനങ്ങള്‍ അടിച്ചോടിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ വസ്തുതാ പരിശോധനയില്‍ വ്യക്തമായി. 2022 നവംബറില്‍ തെലങ്കാനയിലെ മുനുങ്ങോട് ഉപതെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി-ടിആര്‍എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണിതെന്ന് വ്യക്തമായി.

Claim Review:Public attacks BJP workers and vehicle in Karnataka during election campaign
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story