Fact Check: ആശുപത്രിയില്‍ സോണിയ ഗാന്ധിയ്ക്കൊപ്പം രാഹുലും പ്രിയങ്കയും? ചിത്രത്തിന്റെ സത്യമറിയാം

ആമാശയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2026 മാര്‍ച്ച് 24ന് ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 29 March 2026 12:40 AM IST

Fact Check: ആശുപത്രിയില്‍ സോണിയ ഗാന്ധിയ്ക്കൊപ്പം രാഹുലും പ്രിയങ്കയും? ചിത്രത്തിന്റെ സത്യമറിയാം
Claim:രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയ്ക്കൊപ്പം ആശുപത്രിയില്‍
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആമാശയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയില്‍ സോണിയ ഗാന്ധിയ്ക്ക് സമീപത്ത് അവരുടെ കൈപിടിച്ച് ഇരിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും സമീപത്ത് നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങി. സോണിയ ഗാന്ധിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥനകളോടെ വിവിധ കോണ്‍ഗ്രസ് പേജുകളില്‍നിന്നും ചിത്രം വ്യാപകമായി പങ്കിട്ടു.




Fact-check:


പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.


പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതിലൊരു വാട്ടര്‍മാര്‍ക്ക് കണ്ടെത്തി. Mahi Hemram എന്ന പേരിലുള്ള ഈ വാട്ടര്‍മാര്‍ക്ക് പരിശോധിച്ചതോടെ ഇതേ പേരില്‍ ഒരു ഫെയ്സ്ബുക്ക് പേജ് ലഭിച്ചു. വിനോദ ഉള്ളടക്കങ്ങള്‍ പങ്കുവെയ്ക്കുന്ന ഈ പേജില്‍ ഇത്തരം നിരവധി ചിത്രങ്ങള്‍ കാണാം. പ്രധാനമന്ത്രി നരേന്ദ്രമോദി സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുന്ന എഐ ചിത്രമടക്കം ഇതിലുണ്ട്. ഇതോടെ പ്രചരിക്കുന്ന ചിത്രവും എഐ നിര്‍മിതമാകാമെന്ന സൂചന ലഭിച്ചു.



തുടര്‍ന്ന് എഐ നിര്‍മിത ഉള്ളടക്കം പരിശോധിക്കുന്ന രണ്ട് വ്യത്യസ്ത പ്ലാറ്റ്ഫോമുകളില്‍ ചിത്രം പരിശോധനയ്ക്ക് വിധേയമാക്കി. ഹൈവ് മോഡറേഷന്‍ സൈറ്റിലാണ് ആദ്യം പരിശോധിച്ചത്. പ്രചരിക്കുന്ന ചിത്രം 99 ശതമാനവും എഐ നിര്‍മിതമാകാനുള്ള സാധ്യതയാണ് ഇതില്‍ ലഭിച്ചത്.




തുടര്‍ന്ന് സൈറ്റ് എന്‍ജിന്‍ എന്ന മറ്റൊരു പ്ലാറ്റ്ഫോമിലും പരിശോധിച്ചു. ഇതിലും സമാന ഫലം ലഭിച്ചതോടെ പ്രചരിക്കുന്നത് യഥാര്‍ത്ഥ ചിത്രമല്ലെന്ന് സ്ഥിരീകരിച്ചു.




Conclusion:


രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയില്‍ സോണിയഗാന്ധയ്ക്ക് സമീപം നില്‍ക്കുന്ന ചിത്രം എഐ നിര്‍മിതമാണ്. ആമാശയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സോണിയ ഗാന്ധിയെ 2026 മാര്‍ച്ച് 24 ന് ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതം.
Next Story