ഏറെ വിവാദമായ വഖഫ് ഭേദഗതി ബില്‍ 12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം 2025 ഏപ്രില്‍ 3 ന് പുലര്‍ച്ചെയാണ് ലോക്സഭയില്‍ വോട്ടിനിട്ട് പാസാക്കിയത്. ഏപ്രില്‍ 2ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിച്ച സഭാ നടപടികള്‍ക്ക് പിന്നാലെയാണ് ബില്‍ അവതരണത്തിലേക്ക് കടന്നത്. എന്നാല്‍ ബില്‍ അവതരണത്തിന്റെ സുപ്രധാന സെഷനില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയിലുണ്ടായിരുന്നില്ലെന്ന ചില മാധ്യമവാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം ഇതിനെ പ്രതിരോധിച്ച് രാഹുല്‍ഗാന്ധി സഭയിലിരിക്കുന്ന ചിത്രങ്ങളും ചിലര്‍ പങ്കുവെച്ചതായി കാണാം. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തയാണ് നല്‍കിയതെന്ന പ്രചാരണവും ശക്തമാണ്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രാഹുല്‍ഗാന്ധി വൈകിയാണ് സഭയിലെത്തിയതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
രാഹുല്‍ഗാന്ധി സഭയില്‍ എത്തിയില്ലെന്ന തരത്തില്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നതാണ് പ്രധാന ആരോപണം. ഇതിനെതിരെ തെളിവായി കെ സി വേണുഗോപാലിന് തൊട്ടടുത്തായി രാഹുല്‍ ഗാന്ധി സഭയിലിരിക്കുന്ന ചിത്രവും നിരവധിപേര്‍ പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ മാധ്യമവാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടിലെ സമയവും രാഹുല്‍ ഗാന്ധി സഭയിലിരിക്കുന്ന ചിത്രത്തിലെ സമയവും തമ്മിലെ വ്യത്യാസം അദ്ദേഹം വൈകിയെത്തിതിനാലാവാം മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയതെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കുന്നതിനായി വിശദമായ പരിശോധന നടത്തി.
കൂടുതലായി പ്രചരിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ തല്‍സമയ സംപ്രേഷണത്തിന്റെ സ്ക്രീന്‍ഷോട്ടാണ് ആദ്യം പരിശോധിച്ചത്. ഇതില്‍ താഴെ ബ്രേക്കിങ് ന്യൂസ് ടിക്കറിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ലെന്ന് എഴുതിക്കാണിക്കുന്നത്. ഉച്ചയ്ക്ക് 12.32നാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും കാണാം.
തുടര്‍ന്ന് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ സംപ്രേഷണം ചെയ്യുന്ന സന്‍സദ് ടെലിവിഷന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്ക് 12ന് സഭാനടപടികളോടെയാണ് ബില്ലവതരണത്തിന് തുടക്കമായത്. 12:06 മുതല്‍ 12:16 വരെ കെ സി വേണുഗോപാല്‍ എംപി സംസാരിക്കുന്നുണ്ട്. ഈ സമയത്തെ ദൃശ്യങ്ങളിലെവിടെയും രാഹുല്‍ ഗാന്ധി സഭയിലില്ല.
റിപ്പോര്‍ട്ടര്‍ ടിവിയില്‍ രാഹുല്‍ ഗാന്ധി സഭയിലില്ലെന്ന് വാര്‍ത്ത നല്‍കിയ 12:32 ലെ ദൃശ്യങ്ങള്‍ സന്‍സദ് ടിവിയില്‍ പരിശോധിച്ചു. 12:33 ന് നല്‍കിയ വൈഡ് ആംഗിളിലും രാഹുല്‍ ഗാന്ധി ഇല്ലെന്നത് വ്യക്തമാണ്.
56 മിനുറ്റ് നീണ്ടുനിന്ന കിരണ്‍ റിജിജുവിന്റെ പ്രസംഗത്തിന്റെ അവസാനഭാഗത്തെ സഭാ ദൃശ്യങ്ങളാണ് പിന്നീട് പരിശോധിച്ചത് ഉച്ചകഴിഞ്ഞ് 1:09 ന്റെ വൈഡ് ആംഗിള്‍ ദൃശ്യത്തിലും രാഹുല്‍ഗാന്ധി സഭയിലില്ലന്ന് കാണാം.
ഇതോടെ രാഹുല്‍ഗാന്ധി സഭയിലെത്തിയില്ലെന്ന് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത വ്യാജമല്ലെന്ന് വ്യക്തമായി. ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെല്ലാം അവ നല്‍കിയിരിക്കുന്നത് ഉച്ചയ്ക്ക് 1 മണിയ്ക്ക് മുന്‍പാണ്.
സന്‍സദ് ടിവിയുടെ സംപ്രേഷണത്തില്‍ കിരണ്‍ റിജിജുവിന്റെ ബില്‍ അവതരണണം പൂര്‍ത്തിയാകുന്നവരെ രാഹുല്‍ഗാന്ധി സഭയിലില്ലെന്ന് കാണാം. പിന്നീട് സംസാരിച്ചത്. അസമില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ്. ഈ സമയത്തെ ദൃശ്യങ്ങളില്‍ രാഹുല്‍ ഗാന്ധി എത്തിയതായി കാണാം.
ഇതോടെ രാഹുല്‍ ഗാന്ധി വൈകിയാണ് സഭയിലെത്തിയതെന്നും ഇതാണ് വ്യത്യസ്ത അവകാശവാദങ്ങള്‍ക്ക് വഴിവെച്ചതെന്നും വ്യക്തമായി. ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുല്‍ഗാന്ധി പാര്‍ലമെന്റിലേക്കെത്തുന്ന ദൃശ്യങ്ങള്‍ ANI പങ്കുവെച്ചത് ഇതിനെ സാധൂകരിക്കുന്നു.
അതേസമയം പ്രിയങ്ക ഗാന്ധി സഭയില്‍ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. വിദേശത്തായതിനാലാണ് സഭയില്‍ എത്താതിരുന്നത് എന്നാണ് പ്രിയങ്കയുടെ വിശദീകരണം.
Conclusion:
വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ച ദിവസം രാഹുല്‍ഗാന്ധി ലോക്സഭയില്‍ എത്തിയില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. അതേസമയം ഇതുസംബന്ധിച്ച് മാധ്യങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന ആരോപണവും വസ്തുതാവിരുദ്ധമാണ്. രാഹുല്‍ഗാന്ധി വൈകിയാണ് സഭയിലെത്തിയതെന്നും മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത കൃത്യമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.