ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും മഹാജനസഖ്യത്തിന്റെയും പരാജയത്തിന് പിന്നാലെ തോല്‍വി ഉറപ്പിച്ച് തലേദിവസം തന്നെ രാഹുല്‍ഗാന്ധി വിദേശത്തേക്ക് കടന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എയര്‍പോര്‍ട്ടില്‍ നടന്നുനീങ്ങുന്ന രാഹുല്‍ഗാന്ധിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് പഴയ വീഡിയോയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചതോടെ വീഡിയോ നേരത്തെയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതായി കണ്ടെത്തി. ഡല്‍ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ടും ഇതേ വീഡിയോ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. വിശദമായ പരിശോധനയില്‍ വ്യത്യസ്തമായ തലക്കെട്ടോടെ 2025 ഒക്ടോബര്‍ 14ന് ഒരു ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ഈ വീഡിയോ നല്‍കിയതായി കണ്ടെത്തി. ഹീത്രു വിമാനത്താവളത്തില്‍വെച്ച് ഒരു വ്ലോഗര്‍ രാഹുല്‍ഗാന്ധിയെ കണ്ടുമുട്ടിയെന്നും അദ്ദേഹം പങ്കിട്ട വീഡിയോ എന്നും വിവരണത്തോടെയാണ് ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ UK Vibes-with-OM എന്ന യൂട്യൂബ് പേജിലാണ് ഈ വീഡിയോ 2025 സെപ്തംബറില്‍ ആദ്യമായി പങ്കിട്ടതെന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ നിലവില്‍ ലഭ്യമല്ല.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ഏറെ നാള്‍ മുന്‍പത്തേതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോയോ എന്നും പരിശോധിച്ചു. മാധ്യമവാര്‍ത്തകള്‍ പരിശോധിച്ചതോടെ 2025 നവംബര്‍ 15 ന് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെ ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കാണാം. കൂടിക്കാഴ്ചയ്ക്കായി രാഹുല്‍ഗാന്ധി ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയിലെത്തുന്ന ദൃശ്യങ്ങള്‍ ANI നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ തോല്‍വി ഉറപ്പായതോടെ തലേദിവസം രാഹുല്‍ഗാന്ധി വിദേശത്തേക്ക് കടക്കുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയിലുണ്ടെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.