വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജിതമാകുന്ന സാഹചര്യത്തില്‍ മുന്‍ എംപി രാഹുല്‍ഗാന്ധിയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുന്‍ എംപിയും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രചാരണം. എപി ഫണ്ടായി അനുവദിച്ച 17 കോടി രൂപയില്‍ 5 കോടി രൂപ മാത്രമാണ് വയനാട് മണ്ഡലത്തില്‍ ചെലവഴിച്ചതെന്നാണ് പ്രചാരണം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി.
2019 - 2024 കാലഘട്ടത്തിലെ 17-ാം ലോക്സഭയിലാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിച്ച് എംപിയായത്. ഈ കാലഘട്ടത്തില്‍ എംപിമാര്‍ക്ക് അനുവദിച്ച ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ MPLADS വെബ്സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം അനുവദിച്ച 17 കോടി രൂപയുടെ പലിശ സഹിതം ലഭ്യമായ 17 കോടി 21 ലക്ഷത്തിലധികം രൂപ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. 20 കോടിയിലധികം രൂപയുടെ പദ്ധതി ശിപാര്‍ശകളാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്നതെന്നും ഇതില്‍ 8 കോടി 78 ലക്ഷത്തിലേറെ രൂപ ഇതിനകം ചെലവഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അനുവദിച്ച തുകയും ചെലവഴിച്ച തുകയും തമ്മിലെ ശതമാനക്കണക്ക് പ്രകാരം രാഹുല്‍ ഗാന്ധിയുടെ ഫണ്ട് വിനിയോഗം 123 ശതമാനത്തിലേറെയാണെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് പ്രചാരണവുമായി ബന്ധപ്പെട്ട് കല്പറ്റ എംഎല്‍എ ടി സിദ്ദീഖുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“ഇത് തീര്‍ത്തും വ്യാജപ്രചാരണമാണ്. വയനാട് ലോക്സഭ മണ്ഡലമെന്നത് വയനാട് ജില്ല മാത്രമല്ല. വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ക്കൊപ്പം മലപ്പുറത്തെ മൂന്നും കോഴിക്കോട്ടെ ഒരു നിയോജകമണ്ഡലവും വയനാട് ലോക്‌സഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. മണ്ഡലത്തില്‍ ആകെ വിനിയോഗിച്ച തുകയ്ക്ക് പകരം വയനാട് ജില്ലയിലെ മാത്രം കണക്ക് ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. അനുവദിച്ച തുകയെക്കാള്‍ കൂടുതല്‍ തുകയുടെ പദ്ധതി ശിപാര്‍ശകള്‍ സമര്‍പ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ എംപി ഫണ്ട് ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ചവരിലൊരാളുമാണ് അദ്ദേഹം. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇപ്പോഴിത് വീണ്ടും പ്രചരിക്കുന്നത് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ”
2024 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്ന സമയത്ത് ഫെയ്സ്ബുക്കില്‍ ടി. സിദ്ദീഖ് പങ്കുവെച്ച വിശദീകരണ വീഡിയോയും ലഭ്യമായി.വീഡിയോയിലും അതിനൊപ്പം ചേര്‍ത്ത കുറിപ്പിലും അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടി സിദ്ദീഖ് മാധ്യമങ്ങളോട് വിശദീകരിച്ചതിന്റെ വീഡിയോ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചതായും കണ്ടെത്തി. ഇതിലും ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചതായി കാണാം.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
അനുവദിച്ച 17 കോടി രൂപയുടെ എംപി ഫണ്ടില്‍ അഞ്ചുകോടി രൂപ മാത്രമാണ് വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി വിനിയോഗിച്ചതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വസ്തുത പരിശോധനയില്‍ കണ്ടെത്തി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടിയിലധികം രൂപയുടെ ശിപാര്‍ശ രാഹുല്‍ഗാന്ധി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 17 കോടിയിലേറെ രൂപ അനുവദിച്ചതായും 8 കോടിയിലധികം രൂപ ചെലവഴിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.