ദൈവവുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നും അസുഖങ്ങളൊന്നും ബാധിക്കില്ലെന്നും ദൈവത്തോട് നേരിട്ട് സംസാരിക്കാറുണ്ടെന്നുമെല്ലാം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പറയുന്നതെന്ന അവകാശവാദത്തോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നു. രാഹുല്‍ഗാന്ധി ഹിന്ദിയില്‍ നടത്തിയ ഒരു പ്രസംഗത്തിലെ ദൃശ്യങ്ങളാണ് 
പ്രചരിക്കുന്നത്. മോദിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നതെങ്കില്‍ അത് വലിയ വിവാദമായേനെയെന്നും സന്ദേശത്തിലുണ്ട്.
 
Fact-check: 
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അപൂര്‍ണമായി എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 
പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ ‘ബദലേംഗേ’ എന്നുതുടങ്ങുന്ന ഒരു വാക്യം എഴുതിയതായി കാണാം. ഈ കീവേഡുപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് ബീഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിലെ ഭാഗമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് പേജില്‍ പങ്കിട്ട യഥാര്‍ത്ഥ വീഡിയോയും ലഭിച്ചു. 2025  ഒക്ടോബര്‍ 29ന് ബീഹാറിലെ ദര്‍ഭംഗയില്‍ രാഹുല്‍ഗാന്ധി നടത്തിയ സംയുക്ത പൊതുസമ്മേളനത്തിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണിതെന്ന് ഇതോടെ വ്യക്തമായി.
 
 
ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ അദ്ദേഹം പല വിഷയങ്ങള്‍ സംസാരിക്കുന്നുണ്ട്. വീഡിയോയുടെ 36-ാം മിനുറ്റിലാണ് പ്രചരിക്കുന്ന ഭാഗമെന്ന് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്നാനത്തിനായി യമുനാ നദിയ്ക്കരികെ പ്രത്യേക കുളം തയ്യാറാക്കിയതിനെക്കുറിച്ചാണ് അദ്ദേഹം ഈ ഭാഗത്ത് പറയുന്നത്. പ്രസംഗത്തിന്റെ ഈ ഭാഗത്തെ മലയാള വിവര്‍ത്തനം: 
“കഴിഞ്ഞ യോഗത്തില്‍ ഞാൻ പറഞ്ഞിരുന്നു - തിരഞ്ഞെടുപ്പിന് മുന്‍പ്  മോദിയെക്കൊണ്ട് നിങ്ങൾക്ക്  എന്തും ചെയ്യിക്കാം. അടുത്ത യോഗത്തില്‍ 'മോദി ജി, ദയവായി വേദിയിൽ നൃത്തം ചെയ്യൂ, ഞങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്യാം' എന്ന് ആരെങ്കിലും പറഞ്ഞാൽ അദ്ദേഹം നൃത്തം ചെയ്യാൻ തുടങ്ങുകയും ഭരതനാട്യം അവതരിപ്പിക്കുകയും ചെയ്യും. അദ്ദേഹം ഒരു നാടകം കളിച്ചു. ആ നാടകത്തിലൂടെ രാജ്യത്തെ സത്യം പുറത്തുവന്നു. എന്തായിരുന്നു നാടകം? ഒരു വശത്ത്, യമുന.  അഴുകിയ വെള്ളം - ആരെങ്കിലും അത് കുടിച്ചാൽ, അവർ രോഗികളാകുകയോ മരിക്കുകയോ ചെയ്യും. ആർക്കും അതിൽ ഇറങ്ങാനാവില്ല.  അത് വളരെയേറെ മലിനമാണ്.  നിങ്ങളതിൽ കാലുകുത്തിയാൽ രോഗബാധയുണ്ടാകും.  പക്ഷേ മോദി ജി ഒരു നാടകം കളിച്ചു.  അദ്ദേഹം അവിടെ ഒരു ചെറിയ കുളമുണ്ടാക്കി - നിങ്ങൾ  കണ്ടിരുന്നോ? ഇതാണ് നിങ്ങൾക്കുള്ള ഇന്ത്യ.  തിരഞ്ഞെടുപ്പിനുവേണ്ടി അവർ നിങ്ങള്‍ക്കായി പലതും  കാണിച്ചുതരും.  'നോക്കൂ സഹോദരന്മാരേ, ഞാന്‍  യമുനയിൽ മുങ്ങുകയാണ്. എനിക്ക് ഒരു രോഗവും വരില്ല; എനിക്ക് ദൈവവുമായി നേരിട്ട് ബന്ധമുണ്ട് - ഞാൻ ദൈവത്തോട് നേരിട്ട് സംസാരിക്കുന്നു.’ എന്നിട്ട് പിന്നിലൂടെ  പൈപ്പ് സ്ഥാപിച്ച്  അതിലേക്ക് ശുദ്ധജലമെത്തിക്കുന്നു.” 
ഇതോടെ പ്രസംഗത്തിലെ ഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ വിമര്‍ശനമായിരുന്നുവെന്നും മോദിയുടെ മറുപടിയെന്നതരത്തിലാണ് ആക്ഷേപഹാസ്യ  രൂപേണ രാഹുല്‍ഗാന്ധി പ്രസംഗത്തിലെ ഈ ഭാഗം പറയുന്നതെന്നും വ്യക്തമായി. 
Conclusion: 
ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നും തനിക്ക് അസുഖങ്ങള്‍ വരില്ലെന്നുമുള്ള പ്രസ്താവന രാഹുല്‍ഗാന്ധി ഒരു പൊതുവേദിയില്‍ പ്രസംഗത്തിനിടെ പറഞ്ഞുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. യമുന സ്നാനത്തിനായി ശുദ്ധജലമുപയോഗിച്ച് പ്രധാനമന്ത്രിയ്ക്കായി താല്‍ക്കാലിക കുളമൊരുക്കിയതിനെ പരിഹസിച്ച് മോദി പറഞ്ഞേക്കുന്ന കാര്യങ്ങളെന്ന നിലയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്ന  പ്രസംഗഭാഗം എഡിറ്റ് ചെ്യതാണ് പ്രചാരണമെന്ന് സ്ഥിരീകരിച്ചു.