മഹാത്മാ ഗാന്ധിയുടെ ശവകുടീരത്തില്‍ സമര്‍പ്പിക്കപ്പെട്ട നാണയം രാഹുല്‍ഗാന്ധി മോഷ്ടിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അവസരം കിട്ടയാല്‍ മോഷണവും അഴിമതിയും നടത്തുമെന്ന തരത്തില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും വിമര്‍ശിച്ച് നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും രാജീവ് ഗാന്ധിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ഒരു പൂവ് രാഹുല്‍ഗാന്ധി എടുക്കുന്ന ദൃശ്യമാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നതെന്നും കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രെിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ നിരവധി സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്ന് ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. ഇതില്‍ വെരിഫൈഡ് അക്കൗണ്ടുകളില്‍ ചിലതില്‍ നടത്തിയ പരിശോധനയില്‍ കോണ്‍ഗ്രസ് ദേശീയ മീഡിയ കോര്‍ഡിനേറ്റര്‍ സുപ്രിയ ഭരദ്വാജിന്റെ ട്വീറ്റ് ലഭിച്ചു. 2025 മെയ് 21 നാണ് അവര്‍ ഈ ദൃശ്യം എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.
രാജീവ് ഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം രാഹുല്‍ഗാന്ധി ഒരു പൂവെടുത്ത് പോക്കറ്റില്‍ സൂക്ഷിക്കുന്നു എന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. വീരഭൂമി, ന്യൂഡല്‍ഹി തുടങ്ങിയ ഹാഷ്ടാഗുകളും കാണാം.
തുടര്‍ന്ന് ഈ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ വീഡിയോ നിരവധി മാധ്യമറിപ്പോര്‍ട്ടുകളില്‍ പങ്കുവെച്ചതായി കണ്ടെത്തി. ലൈവ് ഹിന്ദുസ്ഥാന്‍ 2025 മെയ് 21 ന് പങ്കുവെച്ച യൂട്യൂബ് വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ കാണാം. നല്‍കിയിരിക്കുന്ന വിവരണത്തില്‍ രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ രാഹുല്‍ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തതായി വ്യക്തമാക്കുന്നു.
ഇതോടെ മഹാത്മാഗാന്ധിയുടെ ശവകുടീരത്തില്‍നിന്ന് നാണയം മോഷ്ടിക്കുന്ന ദൃശ്യമെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു. ദി പ്രിന്റ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ മാധ്യമങ്ങളും പുഷ്പാര്‍ച്ചനയുടെ പൂര്‍ണ വീഡിയോ നല്‍കിയിട്ടുണ്ട്.
വിശദമായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ദൃശ്യങ്ങള്‍ 2025 മെയ് 21 ന് രാജീവ് ഗാന്ധിയുടെ 34-ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് പുഷ്പാര്‍ച്ചന നടത്തുന്നതിന്റേതാണെന്ന് വ്യക്തമായി.
Conclusion:
മഹാത്മാഗാന്ധിയുടെ കല്ലറയില്‍ സമര്‍പ്പിക്കപ്പെട്ട നാണയം മോഷ്ടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതമാണ്. രാജീവ് ഗാന്ധിയുടെ 34-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാഹുല്‍ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ ഒരു പൂവെടുത്ത് രാഹുല്‍ഗാനന്ധി തന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്ന ദൃശ്യമാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നതെന്ന് സ്ഥിരീകരിച്ചു.