കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. താനും സുധാകരനുമൊക്കെ ബിജെപിയില്‍ പോകുമെന്നും പോയാല്‍ അവര്‍ തങ്ങളെ പൊന്നുപോലെ നോക്കുമെന്നും കോണ്‍ഗ്രസിലുള്ളവര്‍ മോശമായാണ് തങ്ങളെ കാണുന്നതെന്നും അദ്ദേഹം പറയുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോ സഹിതമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന അവകാശവാദം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആറുവര്‍ഷത്തിലേറെ പഴക്കമുള്ള ഈ വീഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി വ്യക്തമായി. 16 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പലഭാഗങ്ങളും ഒഴിവാക്കിയതിന്റെ ഭാഗമായി പലതവണ അപൂര്‍ണമായ വാക്യങ്ങള്‍ കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിന്റെ വാട്ടര്‍മാര്‍ക്ക് വീഡിയോയില്‍ നല്‍കിയിരിക്കുന്നതായി കണ്ടെത്തി. ഇതോടെ ചാനലിന്റെ യൂട്യൂബ് പേജില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്ന കീവേഡ് ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് ലഭിച്ചു.
‘ബിജെപിയിലേക്ക് പോയാല്‍ രാജകീയ പരിവേഷം കിട്ടുമെന്നുറപ്പുണ്ട്’ എന്ന തലക്കെട്ടോടെ 2018 ജൂണ്‍ 11ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് നല്‍കിയിരിക്കുന്നത്. വീഡിയോയുടെ 2 മിനുറ്റ് 50 സെക്കന്റിലാണ് പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ഭാഗം. അതിന്റെ യഥാര്‍ത്ഥ രൂപം ഇപ്രകാരമാണ്:
“ശിങ്കിടികളിൽ ചില ആളുകളൊക്കെ ഇപ്പോ പറഞ്ഞ് തുടങ്ങി, ഞാനും സുധാകരനുമൊക്കെ ബിജെപിയിൽ പോകും.. പോയാൽ ബിജെപിക്കാർ ഞങ്ങളെ പൊന്നുപോലെ കൊണ്ടുനടക്കും… മാർക്സിസ്റ്റുകാർ പൊന്നുപോലെ കൊണ്ടുനടക്കും, കാരണം ഇന്ന് ഈ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞങ്ങൾ ചെയ്യുന്ന പണി ഇടത്പക്ഷത്തിനോ ബിജെപിക്കോ ചെയ്താൽ അവര് ഞങ്ങളെ രാജാക്കന്മാരായി കൊണ്ടുനടക്കും… ഇവര്‍ ഞങ്ങളെ തെണ്ടികളായിട്ടാണ് കാണുന്നത്.. അവര് രാജാക്കന്മാരാക്കും… പക്ഷേ ആ രാജാവിനെക്കാൾ കോൺഗ്രസ് പാർട്ടിയിലെ തെണ്ടികളാവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.. അതുകൊണ്ടാണ് ഇതിൽ നിൽക്കുന്നത്… അല്ലാതെ ഇവരുടെ സൗന്ദര്യം കണ്ടിട്ടല്ല.”
പ്രചരിക്കുന്ന വീഡിയോയിലെ വാക്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇതിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളഞ്ഞതായി കാണാം. പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത് ഇപ്രകാരമാണ്:
“ശിങ്കിടികളിൽ ചില ആളുകളൊക്കെ ഇപ്പോ പറഞ്ഞ് തുടങ്ങി, ഞാനും സുധാകരനുമൊക്കെ ബിജെപിയിൽ പോകും.. പോയാൽ ബിജെപിക്കാർ ഞങ്ങളെ പൊന്നുപോലെ കൊണ്ടുനടക്കും… മാർക്സിസ്റ്റുകാർ പൊന്നുപോലെ കൊണ്ടുനടക്കും, കാരണം ഇന്ന് ഈ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞങ്ങൾ ചെയ്യുന്ന പണി ഇടത്പക്ഷത്തിനോ ബിജെപിക്കോ ചെയ്താൽ അവര് ഞങ്ങളെ രാജാക്കന്മാരായി കൊണ്ടുനടക്കും… ഇവര്‍ ഞങ്ങളെ തെണ്ടികളായിട്ടാണ് കാണുന്നത്.. അവര് രാജാക്കന്മാരാക്കും… പക്ഷേ ആ രാജാവിനെക്കാൾ കോൺഗ്രസ് പാർട്ടിയിലെ തെണ്ടികളാവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.. അതുകൊണ്ടാണ് ഇതിൽ നിൽക്കുന്നത്… അല്ലാതെ ഇവരുടെ സൗന്ദര്യം കണ്ടിട്ടല്ല.”
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. ഈ രാജ്മോഹന്‍ ഉണ്ണിത്താന്‍ നിലവില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമാണ്.
Conclusion:
രാജ്മോഹന്‍ ഉണ്ണിത്താനും കെ സുധാകരനും ബിജെപിയിലേക്ക് പോകുന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്ന് ന്യൂസ്മീറ്റര്‍ വസ്തുത പരിശോധനയില്‍ വ്യക്തമായി. 2018ല്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ പങ്കുവെച്ച വീഡിയോയിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. യഥാര്‍ത്ഥ പതിപ്പില്‍ കോണ്‍ഗ്രസ് വിട്ട് പോകില്ലെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്.