തമിഴ്നാട്ടില്‍ കണ്ടെത്തിയ 'മിമിക്രി' പക്ഷി: വീഡിയോയുടെ വസ്തുതയറിയാം

25 ഓളം വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഈ അപൂര്‍വയിനം പക്ഷിയുടെ അന്താരാഷ്ട്രമൂല്യം 25 ലക്ഷം രൂപയാണെന്നും 15 മാധ്യമപ്രവര്‍ത്തകര്‍ 62 ദിവസമെടുത്താണ് ശബ്ദങ്ങള്‍ റെക്കോ‍‍ഡ് ചെയ്തതെന്നുമാണ് അവകാശവാദം.

By -  HABEEB RAHMAN YP |  Published on  9 Jan 2023 6:26 PM GMT
തമിഴ്നാട്ടില്‍ കണ്ടെത്തിയ മിമിക്രി പക്ഷി: വീഡിയോയുടെ വസ്തുതയറിയാം

വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന അപൂര്‍വയിനം പക്ഷിയുടേതെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തമിഴ്നാട്ടില്‍ കണ്ടെത്തിയ ഈ പക്ഷിയ്ക്ക് 25 ലക്ഷം രൂപ അന്താരാഷ്ട്രമൂല്യമുണ്ടെന്നും 15 മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് 62 ദിവസമെടുത്താണ് പക്ഷിയുടെ ശബ്ദം റെക്കോ‍ഡ് ചെയ്തതെന്നുമാണ് വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന വിവരണം.

My Own Takes എന്ന ഫെയ്സ്ബുക്ക് പേജില്‍ 2022 ഡിസംബര്‍ 28ന് പങ്കുവെച്ചിരിക്കുന്ന വീഡിയോ ഒരു തെലുഗു വാര്‍ത്താ ചാനലിലേതാണ്.


ഇതേ വീ‍ഡിയോ സമാന അടിക്കുറിപ്പോടെ വാട്സാപ്പിലും നിരവധി പേര്‍ പങ്കുവെച്ചതായി കണ്ടെത്തി.


Fact-check:

വീഡിയോയ്ക്കൊപ്പം നല്‍കിയ വിവരണവും വീഡിയോയും തമ്മിലെ പ്രത്യക്ഷമായ പൊരുത്തക്കേടാണ് ആദ്യം ശ്രദ്ധിച്ചത്. 15 മാധ്യമപ്രവര്‍ത്തകര്‍ 62 ദിവസമെടുത്ത് റെക്കോഡ് ചെയ്ത ശബ്ദമെന്ന വിവരണത്തോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഒരൊറ്റ ഷോട്ടില്‍ (മൊബൈല്‍ ക്യാമറയില്‍ എടുത്ത വീഡിയോ പോലെ തോന്നിക്കുന്നത്) ‌‌പക്ഷി വിവിധ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതായി കാണാം.


തെലുഗു വാര്‍ത്തയില്‍ പറയുന്നത് നല്‍കിയ വിവരണം തന്നെയാണെന്ന് സ്ഥിരീകരിച്ചെങ്കിലും ചാനലിന്‍റെ യൂട്യൂബ് പേജുകളിലോ മറ്റോ ഈ വീഡിയോ കണ്ടെത്താനായില്ല.

തുടര്‍ന്ന് വീഡിയോയ്ക്കൊപ്പം നല്‍കിയ വിവരണത്തിലെ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിവിധ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്ന് 2020 ജനുവരി മുതല്‍ സമാന അടിക്കുറിപ്പോടെ ഈ വീ‍‍ഡിയോ വ്യാപകമായി പങ്കുവെച്ചതായി കണ്ടെത്തി.


തെലുഗു വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ വീഡിയോ ആണെന്ന് സ്ഥിരീകരിച്ചതോടെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് പരിശോധന നടത്തി. ഇതോടെ 2019ല്‍ തന്നെ ഈ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതായി കണ്ടെത്തി.
പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണറായിരുന്ന കിരണ്‍ ബേദി 2019 നവംബറില്‍ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതായി കാണാം. തമിഴില്‍ സുരാഗ പക്ഷി എന്നുവിളിക്കുന്ന പക്ഷിയുടെ ദൃശ്യങ്ങള്‍ 19 ഫോട്ടോഗ്രാഫര്‍മാര്‍ 62 ദിവസംകൊണ്ടാണ് ചിത്രീകരിച്ചതെന്ന അവകാശവാദം ഇവിടെയും കാണാം. നിലവിലെ ഉപരാഷ്ട്രപതിയായ ജഗ്ദീപ് ധന്‍കറും സമാനമായ അടിക്കുറിപ്പോടെ ട്വിറ്ററില്‍ 2020 ജനുവരിയില്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നു.
ഇതോടെ വീഡീയോ 2019 നവംബറിന് മുന്‍പുള്ളതാണെന്ന് മനസ്സിലായി. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡ‍ിയോ യൂട്യൂബില്‍ കണ്ടെത്തി.
Four Finger എന്ന യൂട്യൂബ് ചാനലില്‍ 2019 ഒക്ടോബര്‍ 1-നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ അഡലെയ്ഡ് മൃഗശാലയിലെ ദൃശ്യം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നല്കിയിരിക്കുന്നത്. ഒപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ ഇത് Lyrebird ആണെന്ന് വ്യക്തമാക്കുന്നു.

ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ ഈ പക്ഷിയെക്കുറിച്ച് അഡലെയ്ഡ് മൃഗശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ ലഭിച്ചു. 2017-ലാണ് ഈ പക്ഷിയെ എത്തിച്ചതെന്നും വിവിധ തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന പക്ഷിയാണിതെന്നും വെബ്സൈറ്റില്‍ ചിത്രസഹിതം വിശദീകരിക്കുന്നു.


ഓസ്ട്രേലിയയിലെ അപൂര്‍വയിനം പക്ഷിയുടെ വീഡിയോ ഇന്‍റര്‍നെറ്റില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനെക്കുറിച്ച് 2019 ഒക്ടോബര്‍ 7-ന് ന്യൂസ് 18 പ്രസിദ്ധീകരിച്ച വാര്‍ത്തയും ലഭിച്ചു.

ഇതോടെ പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയ വിവരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വീഡിയോ 2019 ലേതാണെന്നും വ്യക്തമായി.


Conclusion:

തമിഴ്നാട്ടില്‍ കണ്ടെത്തിയ അപൂര്‍വയിനം പക്ഷിയെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഓസ്ട്രേലിയയിലെ അഡലെയ്ഡ് മൃഗശാലയിലെ Lyrebird ന്‍റെ ദൃശ്യങ്ങളാണെന്നും ഇത് 2019-ല്‍ ചിത്രീകരിച്ചതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് ചിത്രീകരിക്കാനോ ശബ്ദം റെക്കോഡ് ചെയ്യാനോ 15 മാധ്യമപ്രവര്‍ത്തകര്‍ 62 ദിവസം ചെലവഴിച്ചതായി പരാമര്‍ശം എവിടെയും കണ്ടെത്താനായില്ല. പ്രചരിക്കുന്ന വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Claim Review:Rare bird has been found in Tamilnadu costs 25L; 15 journalists took 62 days to capture.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story