ടാറ്റ കമ്പനിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനി ഉടമസ്ഥനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റയുടെ വക 5000 രൂപവരെ സമ്മാനം! കേള്‍ക്കുമ്പോള്‍ വിശ്വസിക്കുന്നവരും വിശ്വാസംവരാതെ ലിങ്കില്‍ ക്ലിക്ക് ചെയ്തുനോക്കുന്നവരും കുറവല്ല. രത്തന്‍ ടാറ്റയുടെ ചിത്രസഹിതം ഇത്തരമൊരു അവകാശവാദത്തോടെയുള്ള സന്ദേശമാണ് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നത്.
Fact-check:
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കാനോ സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യമിട്ടോ തയ്യാറാക്കിയ സ്കാം സന്ദേശമാണിതെന്ന് ന്യൂസ്മീറ്റര്‍ പരിശോധനയില്‍ വ്യക്തമായി.
നേരത്തെയും സമാനമായ സന്ദേശങ്ങള്‍ മുകേഷ് അംബാനിയുടെയും മറ്റും പേരില്‍ വ്യാപകമായി പ്രചരിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ ഇത് അത്തരം തട്ടിപ്പിലേക്കുള്ള ലിങ്ക് ആയിരിക്കാമെന്ന സൂചന ലഭിച്ചു. പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് മറ്റൊരു വെബ്സൈറ്റിലേക്കുള്ള ലിങ്കാണ്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഒരു സ്ക്രാച്ച് കാര്‍ഡ് സഹിതം തയ്യാറാക്കിയ വ്യാജ സ്റ്റാറ്റിക് വെബ് പേജിലേക്കെത്തുന്നു.
പേജിന്റെ വെബ് അഡ്രസ് (URL) പരിശോധിച്ചാല്‍തന്നെ ഇത് വ്യാജ വെബ്സൈറ്റാണെന്ന് സ്ഥിരീകരിക്കാം. ഔദ്യോഗിക ഡൊമൈന്‍ നാമമില്ലാത്ത URL ല്‍നിന്ന് ഇത് വ്യക്തമാണ്.
മൊബൈലില്‍ ലോഡ് ചെയ്യാനാവശ്യമായ റെസല്യൂഷനില്‍ സെറ്റ് ചെയ്തിരിക്കുന്ന പേജില്‍ ഒരു സ്ക്രാച്ച് കാര്‍ഡും നല്‍കിയിട്ടുണ്ട്. ഇത് സ്ക്രാച്ച് ചെയ്യുന്നതിലൂടെ 4995 എന്ന സംഖ്യ കാണാം. ഈ പണം സമ്മാനത്തുകയായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഉപയോക്താക്കളെ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യിക്കുന്നു.
സ്ക്രാച്ച് കാര്‍ഡിന് താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഉപയോക്താക്കളെ ഫോണ്‍പേ അപ്ലിക്കേഷനിലേക്കാണ് എത്തിക്കുന്നത്. ഇതില്‍ സെറ്റ് ചെയ്തുവച്ച 4995 എന്ന തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍നിന്ന് നിശ്ചിത അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യപ്പെടുന്ന രീതിയിലാണ് ക്രമീകരണം. തുക കിട്ടാനെന്ന ധാരണയില്‍ പിന്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കുന്നതോടെ ഈ തുക സ്വന്തം അക്കൗണ്ടില്‍നിന്ന് തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യപ്പെടുന്നു.
രാജീവ് രഞ്ജന്‍ കുമാര്‍ യതി എന്ന പേരിലാണ് അക്കൗണ്ട്. അക്കൗണ്ട് വിവരങ്ങളൊന്നും നല്‍കാതെ നിശ്ചിത തുക അക്കൗണ്ടിലേക്ക് കൈമാറാനാവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലിങ്കാണ് സ്ക്രാച്ച് കാര്‍ഡിനൊപ്പമുള്ള ലിങ്ക്.
അതേസമയംയുപിഐ അപ്ലിക്കേഷനുകള്‍ വഴി പണം സ്വീകരിക്കാന്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുകയോ പിന്‍ നമ്പര്‍ നല്‍കുകയോ ചെയ്യേണ്ടതില്ലെന്ന അടിസ്ഥാന ധാരണ മാത്രം മതി ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവാതിരിക്കാന്‍.
അതിലുപരി 1868 ല്‍ സ്ഥാപിതമായ, ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ടാറ്റയുടെ 25-ാം വാര്‍ഷികമെന്ന അവകാശവാദവും.
Conclusion:
രത്തന്‍ ടാറ്റ കമ്പനിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 5000 രൂപവരെ സമ്മാനത്തുകയെന്ന വിവരണത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലിങ്ക് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ സ്കാം ലിങ്കാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.