കേരളത്തില്‍ ദേശീയപാത വികസനം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഈ വര്‍ഷം പണി പൂര്‍ത്തിയാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ദേശീയപാത തുറന്നുകഴിഞ്ഞാല്‍ ആരംഭിക്കാനിരിക്കുന്ന ടോള്‍ ബൂത്തുകളെക്കുറിച്ചും ടോള്‍ തുകയെക്കുറിച്ചുമെല്ലാം വിവിധ കോണുകളില്‍ ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ടോള്‍ബൂത്തുകളുടെ 60 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ആധാര്‍കാര്‍ഡ് ഉപയോഗിച്ച് പ്രത്യേക പാസ് വാങ്ങി ഇവര്‍ക്ക് ദേശീയപാതയില്‍ സൗജന്യയാത്ര നടത്താമെന്നാണ് അവകാശവാദം.
Fact-Check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും 60 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെ ടോള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയതായി ഗഡ്ക്കരി പറയുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹിന്ദിയടക്കം വിവിധ ഭാഷകളില്‍ നിരവധി പേര്‍ ഇതേ അവകാശവാദത്തോടെ ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഔദ്യോഗിക അക്കൗണ്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഇതിന്റെ യഥാര്‍ത്ഥ വീഡിയോ നിതിന്‍ ഗഡ്ക്കരി തന്നെ എക്സില്‍ പങ്കുവെച്ചതായി കണ്ടെത്തി. സന്‍സദ് ടിവിയില്‍ 2022 മാര്‍ച്ച് 22 ന് സംപ്രേഷണം ചെയ്ത വീഡിയോയാണ് അതേദിവസം തന്നെ പങ്കുവെച്ചിരിക്കുന്നത്.
എക്സില്‍ നല്‍കിയിരിക്കുന്ന വിവരണമനുസരിച്ച് 60 കിലോമീറ്ററിനകത്ത് ഒന്നിലധികം ടോള്‍ബൂത്തുകള്‍ നിലവിലുണ്ടെങ്കില്‍ അവ മൂന്ന് മാസത്തിനകം അടച്ചുപൂട്ടുമെന്ന് പാര്‍ലമെന്റില്‍ അറിയിച്ചതിന്റെ വീഡിയോയാണിത്.
വീഡിയോ പരിശോധിച്ചതോടെ ടോള്‍ബൂത്തുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് പാസ് നല്‍കുന്ന കാര്യം പറഞ്ഞതിന് ശേഷമാണ് അദ്ദേഹം 60 കിലോമീറ്ററിനകത്ത് ഒരു ടോള്‍പ്ലാസ മാത്രമേ അനുവദിക്കൂ എന്ന കാര്യം പറയുന്നതെന്ന് വ്യക്തമായി. ഇത് രണ്ടും രണ്ട് വിഷയങ്ങളുമായി ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ക്കുള്ള മറുപടിയാണ്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദൂരദര്‍ശന്‍റെ യൂട്യൂബ് ചാനലില്‍ നിതിന്‍ ഗഡ്ക്കരിയുടെ സംസാരത്തിന്റെ പൂര്‍ണരൂപം പങ്കുവെച്ചതായി കണ്ടെത്തി. ഇതില്‍ 21-ാം മിനുറ്റില്‍ ഈ ഭാഗം കാണാം.
ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് പറഞ്ഞ ശേഷമാണ് അദ്ദേഹം ഈ വിഷയങ്ങള്‍ സംസാരിക്കുന്നത്. പ്രസംഗത്തിന്റെ പൂര്‍ണരൂപത്തില്‍നിന്ന് ആധാര്‍ ഉപയോഗിച്ച് പാസ് നല്‍കുമെന്ന് പറയുന്നതും 60 കിലോമീറ്റര്‍ പരിധിയില്‍ ഒന്നിലേറെ ടോള്‍ബൂത്തുകള്‍ ഉണ്ടെങ്കില്‍ ഒന്നു മാത്രം നിലനിര്‍ത്തി ബാക്കി അടച്ചുപൂട്ടുമെന്ന് പറയുന്നതും പരസ്പരം ബന്ധപ്പെടുത്തുന്നില്ലെന്ന് വ്യക്തമായി.
60 കിലോമീറ്റര്‍ പരിധിയില്‍ ഒന്നിലധികം ടോള്‍ ബൂത്തുകള്‍ നിര്‍ത്തലാക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ദി ഹിന്ദു അടക്കം മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായി നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി.
തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ടോള്‍ നല്‍കുന്നതില്‍ ഇളവുകളുണ്ടോ എന്നും പരിശോധിച്ചു. ദേശീയപാത അതോറിറ്റിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരപ്രകാരം 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ അഡ്രസ് ഉള്‍പ്പെടെ രേഖകള്‍ സമര്‍പ്പിച്ച് ഇളവ് നേടാമെന്ന് നല്‍കിയിരിക്കുന്നതായി കണ്ടെത്തി.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
ടോള്‍ ബൂത്തിന്റെ 60 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞിട്ടില്ല. ആധാര്‍ ഉപയോഗിച്ച് പ്രദേശവാസികള്‍ക്ക് പ്രത്യേക പാസ് നല്‍കുന്ന കാര്യം പറഞ്ഞ ശേഷം അദ്ദേഹം പറയുന്നത് 60 കിലോമീറ്റര്‍ പരിധിയില്‍ ഒരു ടോള്‍ബൂത്ത് മാത്രമേ നിലനിര്‍ത്തൂ എന്നാണ്. ഇത് രണ്ടും രണ്ട് വിഷയങ്ങളായാണ് ചര്‍ച്ചചെയ്തതെന്നും പരസ്പരം ബന്ധപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.