Fact Check: UPI അക്കൗണ്ട് തുടങ്ങിയാല്‍ 2000 രൂപ സര്‍ക്കാര്‍ സമ്മാനം - പ്രചരിക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചറിയാം
UPI അക്കൗണ്ട് തുടങ്ങുന്നതുവഴി ഇന്ത്യന്‍ ഗവണ്മെന്റിന്റെ സമ്മാനമായി 2000 രൂപ ലഭിക്കുമെന്ന വിവരണത്തോടെയാണ് അക്കൗണ്ട് സൃഷ്ടിക്കാനെന്ന വ്യാജേന ലിങ്ക് സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
By - HABEEB RAHMAN YP | Published on 22 Feb 2024 2:20 PM ISTഓണ്‍ലൈന്‍ പണമിടപാടുകള്‍ സര്‍ക്കാര്‍ വളരെയേറെ പ്രോത്സാഹിപ്പിക്കുന്ന കാലത്ത് UPI യുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പ് വ്യാപകമാണ്. ഇത്തരമൊരു വ്യാജ സന്ദേശമാണ് ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. Madestuco എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന ലിങ്കിനൊപ്പം UPI അക്കൗണ്ട് നിര്‍മിക്കുന്നതിലൂടെ 2000 രൂപ സര്‍ക്കാറിന്റെ സമ്മാനമായി നേടാമെന്നാണ് പ്രചാരണം.
UPI അക്കൗണ്ട് നിര്‍മിക്കുന്നതിനായി ക്ലിക്ക് ചെയ്യാന്‍ ലിങ്കും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.
Fact-check:
UPI പണമിടപാട് സര്‍ക്കാര്‍ വലിയരീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അക്കൗണ്ട് നിര്‍മിക്കുന്നവര്‍ക്ക് പണം സമ്മാനമായി നല്‍കുന്നതിനെക്കുറിച്ച് എവിടെയും കണ്ടില്ല. UPI സംവിധാനം രാജ്യത്ത് ഏകോപിപ്പിക്കുന്ന NCPI യുടെ വെബ്സൈറ്റ് പരിശോധിച്ചെങ്കിലും ഇത്തരത്തില്‍ യാതൊരു വിവരവും കണ്ടെത്താനായില്ല.
തുടര്‍ന്ന് ലിങ്ക് പങ്കുവെച്ച ഫെയ്സ്ബുക്ക് പേജിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു. പേജിന്റെ ആമുഖം സ്പാനിഷ് ഭാഷയിലാണ് നല്‍കിയിരിക്കുന്നത്. പേജ് കൈകാര്യം ചെയ്യുന്നത് ഫിലിപ്പൈന്‍സ്, വിയറ്റ്നാം രാജ്യങ്ങളില്‍നിന്നാണെന്നും സൂചന ലഭിച്ചു.
ഇതോടെ ലിങ്ക് വ്യാജമാകാമെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്നതാകാമെന്നും സൂചന ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം വിശദമായ പരിശോധന നടത്തി.
ആദ്യമായി UPI അക്കൗണ്ട് തുറക്കാനെന്ന വ്യാജേന പങ്കുവെച്ചിരിക്കുന്ന ലിങ്കാണ് പരിശോധിച്ചത്. ഇത് ഔദ്യോഗിക സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ ലിങ്ക് അല്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.
തുടര്‍ന്ന് ഈ ലിങ്കില്‍ പ്രവേശിച്ചതോടെ മുന്‍കൂട്ടി തയ്യാറാക്കി വെച്ച ഒരു സ്റ്റാറ്റിക് വെബ്സൈറ്റ് പേജാണ് ദൃശ്യമായത്. പേജില്‍ ഫോണ്‍പേ-യുടെ ലോഗോയും ‘റിപ്പബ്ലിക്ദിന ക്യാഷ്ബാക്ക്’ എന്ന തലക്കെട്ടും കാണാം.
താഴേക്ക് സ്ക്രോള്‍ ചെയ്യുന്നതോടെ ഒരു സ്ക്രാച്ച്-വിന്‍ ആനിമേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ 5000 രൂപകൂടി സമ്മാനം ലഭിച്ചുവെന്നും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതിനായി താഴെ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടുന്ന ഭാഗം കാണാം.
ഇതില്‍ സെറ്റ് ചെയ്തിരിക്കുന്ന ഹൈപ്പര്‍ലിങ്ക് ശേഖരിച്ച ശേഷം വിശദമായി പരിശോധിച്ചു. ഫോണ്‍പേ ആപ്പിലേക്ക് റീഡയറക്ട് ചെയ്തിരിക്കുന്ന ലിങ്കില്‍ ഫ്രീചാര്‍ജ് എന്ന പെയ്മെന്റ് ഗേറ്റ്-വേ ഉപയോഗിച്ച് ഒരു അക്കൗണ്ടിലേക്ക് 1991 രൂപ അയക്കുന്നതിനുള്ള പെയ്മെന്റ് റിക്വസ്റ്റ് ആണ് സെറ്റ് ചെയ്തിരിക്കുന്നത്.
ഫോണില്‍ ഫോണ്‍പേ ആപ്പ് ഉപയോഗിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഓട്ടോമാറ്റിക് ആയി ആപ്ലിക്കേഷന്‍ തുറന്നുവരികയും സെറ്റ് ചെയ്തിരിക്കുന്ന അക്കൗണ്ടിലേക്ക് 1991 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള പ്രോംപ്റ്റ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പണം ലഭിക്കാനെന്ന് തെറ്റിദ്ധരിച്ച് ഇതില്‍ ക്ലിക്ക് ചെയ്ത് പിന്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കുന്നതോടെ തുകയും ഉപയോക്താവിന്റെ വിവരങ്ങളും തട്ടിപ്പ് സംഘത്തിന് ലഭിക്കുന്നു.
Rushtam Jatav എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നതെന്ന സൂചന ഇതില്‍ കാണാം. Freecharge എന്ന പെയ്മെന്റ് ഗേറ്റ്-വേ ഉപയോഗിച്ച് സെറ്റ് ചെയ്തിരിക്കുന്ന അക്കൗണ്ട് ആയതിനാല്‍ ഇതില്‍ സ്ഥിരീകരണത്തിന് പരിമിതികളുണ്ട്.
UPI ഇടപാടുമായി ബന്ധപ്പെട്ട് കൃത്യമായ അറിവില്ലാത്തവരെ ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പാണിതെന്ന് ഇതോടെ വ്യക്തമായി.
UPI ഇടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
പണം സ്വീകരിക്കുന്നതിനായി ഒരിക്കലും ഒരു QR കോഡ് സ്കാന്‍ ചെയ്യുകയോ പിന്‍ നമ്പര്‍ നല്‍കുകയോ ചെയ്യേണ്ടതില്ലെന്ന് ഓര്‍ക്കുക
പണം സ്വീകരിക്കുന്നതിനായി ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്ന ലിങ്കുകള്‍ കൃത്യമായി പരിശോധിക്കുക; സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക .
UPI അപ്ലിക്കേഷനുകളില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കുക. ചെറിയ തുക മാത്രം സൂക്ഷിക്കുന്ന അക്കൗണ്ടുകള്‍ ഇതിനായി ഉപയോഗപ്പെടുത്തുക.
തട്ടിപ്പ് സംശയിക്കുന്ന ഏതെങ്കിലും സാഹചര്യമുണ്ടായാല്‍ ഉടനെ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടുകയും സൈബര്‍ പൊലീസിന്റെ 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ അറിയിക്കുകയും ചെയ്യുക.
Conclusion:
UPI അക്കൗണ്ട് തുറക്കുന്നവര്‍ക്ക് 2000 രൂപ സര്‍ക്കാര്‍ സമ്മാനം എന്ന രീതിയില്‍ പ്രചരിക്കുന്ന ലിങ്ക് സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിടുന്ന വ്യാജലിങ്കാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.