സ്റ്റാലിന്‍ സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ RSS തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്തിയോ? പ്രചരിക്കുന്ന ചിത്രങ്ങളുടെ വസ്തുതയറിയാം
പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യത കണക്കിലെടുത്താണ് ഗാന്ധിജയന്തിദിനത്തിലെ RSS റൂട്ട് മാര്‍ച്ചിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ അതേദിവസം തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്തിയെന്ന് അവകാശപ്പെട്ട് ചിത്രങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.
By - HABEEB RAHMAN YP | Published on 4 Oct 2022 5:40 PM GMTസ്റ്റാലിന്‍ സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ തമിഴ്നാട്ടില്‍ RSS മെഗാ റൂട്ട് മാര്‍ച്ച് നടത്തിയെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ RSS ന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ അനുകൂലവിധിയെ മറികടന്നായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പോപ്പുലര്‍ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യത കണക്കിലെടുത്താണ് അനുമതി നിഷേധിച്ചത് എന്നായിരുന്നു വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവണ്‍മെന്‍റ് കോടതിയില്‍ നല്‍കിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി ശരിവെച്ച കോടതി റൂട്ട് മാര്‍ച്ച് നവംബര്‍ ആറിന് നടത്താന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ അനുമതിയില്ലാതെ സര്‍ക്കാറിനെ വെല്ലുവിളിച്ച് ഗാന്ധിജയന്തി ദിനത്തില്‍ RSS റൂട്ട് മാര്‍ച്ച് നടത്തിയെന്ന അവകാശവാദവുമായാണ് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചില ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
News INDIA Malayalam എന്ന ഓണ്‍ലൈന്‍ വാര്‍ത്താചാനലിന്‍റെ ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച വാര്‍ത്താ വീഡിയോയില്‍ ഇതേ അവകാശവാദങ്ങളുണ്ട്. "സ്റ്റാലിനെ വിറപ്പിച്ച് ആര്‍എസ്എസ് മെഗാറാലി; സ്റ്റാലിനെ നോക്കുകുത്തിയാക്കി പ്രവര്‍ത്തകരുടെ കിടിലന്‍ നീക്കം" എന്നാണ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റൂട്ട് മാര്‍ച്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
മെട്രോമാന്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ Sagar My എന്ന അക്കൗണ്ടില്‍നിന്നും ഇതേ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. "ചെന്നൈയിൽ സ്റ്റാലിൻ നിരോധിച്ച റൂട്ട് മാർച്ചാണ് വരിവരിയായി മുന്നോട്ട് നീങ്ങുന്നത്" എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വാര്‍ത്തയാണ് News INDIA Malayalam എന്ന ഓണ്‍ലൈന്‍ പേജില്‍ നല്‍കിയിരിക്കുന്നത്. അതില്‍ അവതാരകയുടെ വോയിസ് പ്രസന്‍റേഷന്‍ തുടങ്ങുന്നത് ഇങ്ങനെയാണ്:
"തമിഴ്നാട് ഇന്നലെ സാക്ഷ്യം വഹിച്ചത് RSS സംഘടിപ്പിച്ച മെഗാ റാലിയ്ക്കാണ്.സ്റ്റാലിന്‍ സര്‍ക്കാറിനെ വിറപ്പിച്ചായിരുന്നു RSS ന്‍റെ മെഗാറാലി. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു റൂട്ട് മാര്‍ച്ച് ആരംഭിച്ചത്. പുതുച്ചേരി MP എസ് സെല്‍വഗണപതിയാണ് മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തത്. പുതുച്ചേരി ആഭ്യന്തരമന്ത്രി നമശിവായയും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു…"
വീഡിയോയുടെ 1:30 സമയം മുതല്‍ പറയുന്നത് ഇങ്ങനെയാണ്:
"...എന്നാല്‍ സ്റ്റാലിന്‍ സര്‍ക്കാറിനെ വിറപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസം ആര്‍എസ്എസ് മെഗാറാലി നടത്തി. തമിഴ്നാട് സംസ്ഥാനത്തിന്‍റെ ഭാഗമായ പുതുച്ചേരിയിലായിരുന്നു ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തന്നെ മെഗാറാലി നടത്തിയത്"
പുതുച്ചേരിയിലാണ് റൂട്ട് മാര്‍ച്ച് നടത്തിയതെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. പുതുച്ചേരി തമിഴ്നാടിന്‍റെ ഭാഗമല്ലെന്നതും ഒരു കേന്ദ്രഭരണ പ്രദേശമാണെന്നതും വളരെ അടിസ്ഥാനപരമായ അറിവാണ്.
പുതുച്ചേരി, കരെയ്ക്കല്‍, മാഹി, യാനം എന്നീ പ്രദേശങ്ങള്‍ ഫ്രഞ്ച് കോളനികളായിരുന്നു. സ്വാതന്ത്ര്യാനന്തരം 1954 നവംബര്‍ ഒന്നിനാണ് ഈ പ്രദേശങ്ങള്‍ ഒരുമിച്ച് പോണ്ടിച്ചേരി അഥവാ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന് കീഴിലാവുന്നത്. പുതുച്ചേരിയുടെ വിശദമായ ചരിത്രം ഇവിടെ വായിക്കാം.
പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്‍റെ ഭാഗമായ പുതുച്ചേരി, കരെയ്ക്കല്‍ എന്നീ പ്രദേശങ്ങള്‍ തമിഴ്നാടുമായും, മാഹി കേരളവുമായും, യാനം ആന്ധ്രാപ്രദേശുമായും അതിര്‍ത്തി പങ്കിടുന്നു. എന്നാല്‍ ഈ പ്രദേശങ്ങള്‍ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളുടെ ഭാഗമല്ല. സംസ്ഥാനങ്ങള്‍ക്ക് ഈ പ്രദേശങ്ങളില്‍ അധികാരവുമില്ല.
കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയിലും പുതച്ചേരിയിലും നിയമസഭകളും മന്ത്രിമാരുമുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളുടെ ഭരണവും അധികാരവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഔദ്യോഗിക രേഖകളില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്.
പുതുച്ചേരി ഒരു കേന്ദ്രഭരണപ്രദേശമാണെന്നും തമിഴ്നാടിന്‍റെയോ സ്റ്റാലിന്‍ സര്‍ക്കാറിന്‍റെയോ ഭാഗമല്ലെന്നും വ്യക്തമാണ്. വസ്തുതാപരമായ പിശകുകള്‍ക്കപ്പുറം News INDIA Malayalam എന്ന ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ അവതരണരീതിയും ഉള്ളടക്കവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വ്യക്തമായി.
വസ്തുതാ പരിശോധനയുടെ രണ്ടാം ഘട്ടത്തില്‍ മെട്രോമാന്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വിശദമായി പരിശോധിച്ചു. റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കൃത്യമായ ഫലങ്ങള്‍ ലഭിച്ചില്ലെങ്കിലും വാര്‍ത്താ വീഡിയോയില്‍ പരാമര്‍ശിച്ച പുതുച്ചേരി ആഭ്യന്തരമന്ത്രിയുടെ പേര് ഉപയോഗിച്ച് നടത്തിയ കീവേഡ് സെര്‍ച്ചില്‍ സമാന ചിത്രങ്ങള്‍ സഹിതം പുതുച്ചേരിയിലെ RSS റാലിയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ ലഭ്യമായി.
പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായവും ഭക്ഷ്യമന്ത്രി എ.കെ. സായ് ജെ. സരവണ കുമാറും ഗാന്ധിജയന്തി ദിനത്തില്‍ പുതുച്ചേരിയില്‍ നടന്ന ആര്‍എസ്എസ് റാലിയില്‍ പങ്കെടുത്തതാണ് ദി ന്യൂസ് മിനുട് നല്‍കിയ വാര്‍ത്ത.
ഗാന്ധിജയന്തി ദിനത്തില്‍ പുതുച്ചേരിയില്‍ ആര്‍ എസ് എസ് നടത്തിയ മാര്‍ച്ചിനെക്കുറിച്ച് വേറെയും റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. 'ദി ഹിന്ദു'വും ANI യും ഉള്‍പ്പെടെ ദേശീയമാധ്യമങ്ങള്‍ ചിത്രസഹിതം പോണ്ടിച്ചേരിയില്‍ നടന്ന റൂട്ട് മാര്‍ച്ചിന്‍റെ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
എന്നാല്‍ തമിഴ്നാട്ടില്‍ എവിടെയും RSS മാര്‍ച്ച് നടന്നതായി വാര്‍ത്തകള്‍ ദേശീയ-പ്രാദേശിക മാധ്യമങ്ങളില്‍നിന്ന് കണ്ടെത്താനായില്ല. ഇതോടെ, ഗാന്ധിജയന്തി ദിനത്തില്‍ നടന്ന RSS റൂട്ട് മാര്‍ച്ച് പുതുച്ചേരിയിലായിരുന്നു എന്ന് വ്യക്തമായി.
Conclusion:
സ്റ്റാലിന്‍ സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ RSS ഗാന്ധിജയന്തിദിനത്തില്‍ തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്തിയെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. News INDIA Malayalam നല്‍കിയ വാര്‍ത്തയില്‍ പുതുച്ചേരി തമിഴ്നാടിന്‍റെ ഭാഗമാണെന്ന് പരാമര്‍ശിച്ചത് വസ്തുതാപരമായി വലിയ തെറ്റാണ്. പുതുച്ചേരിയില്‍ നടന്ന റൂട്ട്മാര്‍ച്ചിന് തമിഴ്നാടുമായോ സ്റ്റാലിന്‍ സര്‍ക്കാറുമായോ യാതൊരു ബന്ധവുമില്ല. സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഗാന്ധിജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ RSS ന് സാധിച്ചിട്ടില്ല.