നടന്‍ സെയ്ഫ് അലി ഖാന്‍ തന്റെ വസതിയില്‍ ആക്രമിക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ജനുവരി 16ന് മോഷണശ്രമത്തിനിടെയാണ് അക്രമി അദ്ദേഹത്തെ കത്തി ഉപയോഗിച്ച് കുത്തിയത്. പരിക്കേറ്റ സെയ്ഫിനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച രാത്രിയാണ് സെയ്ഫ് ആശുപത്രി വിടുന്നത്. ഇതിനിടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 11,000 രൂപ മാത്രമാണ് സെയ്ഫ് പാരിതോഷികം നല്‍കിയതെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഓട്ടോഡ്രൈവര്‍ക്ക് 11,000 രൂപ പാരിതോഷികം നല്‍കിയത് നടന്‍ സെയ്ഫ് അല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഓട്ടോ ഡ്രൈവറായ ഭജന്‍ സിങ് റാണയ്ക്ക് 11,000 രൂപ പാരിതോഷികം ലഭിച്ചതായി നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. സെയ്ഫിനെ ആക്രമിക്കാനുപയോഗിച്ച കത്തി കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം ലഭിച്ചതിനെക്കുറിച്ച് സൂചനയുണ്ട്.
സെയ്ഫുമായി കൂടിക്കാഴ്ച നടത്തിയ ഓട്ടോഡ്രൈവര്‍ അദ്ദേഹത്തിന് പാരിതോഷികമായി നടന്‍ നല്‍കിയ തുക വെളിപ്പെടുത്തിയില്ലെന്നും അതേസമയം സാമൂഹ്യപ്രവര്‍ത്തകനായ ഫൈസാന്‍ അന്‍സാരി അദ്ദേഹത്തിന് 11,000 രൂപ പാരിതോഷികം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പിടിഐ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇപ്രകാരം നടത്തിയ തിരച്ചിലില്‍ ഭജന്‍സിങ് റാണ പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തിന്റെ വീഡിയോയും ലഭിച്ചു.
തുടര്‍ന്ന് അദ്ദേഹത്തിന് നടന്‍ സെയ്ഫ് നല്‍കി പാരിതോഷികവുമായി ബന്ധപ്പെട്ടും അന്വേഷിച്ചു. പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞതുപോലെ തുക വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്നുതന്നെയാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെയ്ഫിന് താന്‍ നല്‍കിയ വാക്ക് പാലിക്കുന്നുവെന്നും തുക വെളിപ്പെടുത്തുകയില്ലെന്നുമാണ് അദ്ദേഹം ഇന്ത്യാടുഡേയോട് പ്രതികരിച്ചത്.
എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടില്‍ 50,000 രൂപയാണ് സെയ്ഫ് നല്‍കിയതെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് ആധികാരികമായി സ്ഥിരീകരിക്കാന്‍ മറ്റ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചില്ല. ഒരുലക്ഷം രൂപയാണ് നല്‍കിയതെന്ന തരത്തിലും ചില പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം 11,000 രൂപയുടെ പാരിതോഷികം സെയ്ഫ് നല്‍കിയതല്ലെന്ന് വ്യക്തമായി.
Conclusion:
ആക്രമിക്കപ്പെട്ട നടന്‍ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവര്‍ ഭജന്‍ സിങ് റാണയ്ക്ക് 11,000 രൂപയുടെ പാരിതോഷികം നല്‍കിയത് മുംബൈയിലെ സാമൂഹ്യപ്രവര്‍ത്തകനായ ഫൈസാന്‍ അന്‍സാരിയാണ്. നടന്‍ സെയ്ഫ് പിന്നീട് ആശുപത്രിവിട്ട ദിവസം ഓട്ടോഡ്രൈവറുമായി കൂടിക്കാഴ്ച നടത്തുകയും പാരിതോഷികം നല്കുകയും ചെയ്തെങ്കിലും തുക വെളിപ്പെടുത്താന്‍ ഓട്ടോ ഡ്രൈവര്‍ തയ്യാറായില്ല.