രാമായണവും മഹാഭാരതവും സൗദി അറേബ്യ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ? വാസ്തവമറിയാം
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാഠ്യപദ്ധതിയില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സൗദി സന്ദര്‍ശനത്തിനിടെയുള്ള ചിത്രസഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
By - HABEEB RAHMAN YP | Published on 24 Jan 2024 8:28 AM ISTരാമായണവും മഹാഭാരതവും സൗദി അറേബ്യ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സൗദി സന്ദര്‍ശനത്തിനിടെയുള്ള ചിത്രവും ഒരു മാധ്യമറിപ്പോര്‍ട്ടിന്റെ തലക്കെട്ടും പോസ്റ്റുകളില്‍ കാണാം.
ഇതേ ഉള്ളടക്കം വീഡിയോ ആയും പ്രചരിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കൊപ്പം കേന്ദ്രസഹമന്ത്രി വി. മുരളീധരനും ഉള്‍പ്പെടുന്ന ദൃശ്യങ്ങളും മാധ്യമറിപ്പോര്‍ട്ടിന്റെ തലക്കെട്ടുമാണ് ‘സൗദി രാജാവിന്റെ മക്കള്‍ ഇനി രാമായണവും മഹാഭാരതവും പഠിക്കും’ എന്ന തലക്കെട്ടോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നല്‍കിയിരിക്കുന്ന മാധ്യമറിപ്പോര്‍ട്ടും ചിത്രവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന പോസ്റ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന മാധ്യമവാര്‍ത്ത ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടാണെന്ന് വീഡിയോയില്‍നിന്ന് വ്യക്തമാണ്. ഈ റിപ്പോര്‍ട്ട് 2021 മെയ് ആറിന് അവസാനമായി അപ്ഡേറ്റ് ചെയ്തതാണ്.
പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലെ ചിത്രം ഈ റിപ്പോര്‍ട്ടിലില്ലെന്നതും ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടില്‍ Nouf-al-Marwai എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റിനെക്കുറിച്ച് പരാമര്‍ശമുണ്ട്. Hindustan Times 2021 ഏപ്രില്‍ 23 ന് നല്‍കിയ സമാന റിപ്പോര്‍ട്ടിലും ഈ പരാമര്‍ശം കാണാം.
തുടര്‍ന്ന് എക്സില്‍ പദ്മശ്രീ ജേതാവും സൗദിയിലെ ആദ്യ യോഗ പരിശീലകയുമായ നൗഫ് അല്‍-മര്‍വെയുടെ ട്വീറ്റുകള്‍ പരിശോധിച്ചു. മാധ്യമറിപ്പോര്‍ട്ടുകള്‍ക്ക് ആധാരമായ ട്വീറ്റ് 2021 ഏപ്രില്‍ 15 നാണ് അവര്‍ പങ്കുവെച്ചത്.
സൗദി അറേബ്യയുടെ വിഷന്‍-2030 ഉം പാഠ്യപദ്ധതിയും യുവതലമുറയെ കൂടുതല്‍ സഹിഷ്ണുതരാക്കുന്നുവെന്ന് അവര്‍ ട്വീറ്റില്‍ കുറിച്ചതായി കാണാം. രാമായണവും മഹാഭാരതവും ഉള്‍പ്പെടെ ഇന്ത്യന്‍ സങ്കല്പങ്ങളെ ആധാരമാക്കിയുള്ള തന്റെ മകന്റെ സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറിലെ ഏതാനും ചോദ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് മകനെ പഠിപ്പിക്കുന്നത് താന്‍ ആസ്വദിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മകന്‍ പഠിക്കുന്ന സ്കൂളിനെക്കുറിച്ചോ മറ്റോ ട്വീറ്റില്‍ പരാമര്‍ശമില്ല. എന്നാല്‍ ട്വീറ്റിന് താഴെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തതായി കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതേ അക്കൗണ്ടില്‍നിന്ന് 2021 മെയ് 2ന് പങ്കുവെച്ച മറ്റൊരു ട്വീറ്റും ലഭ്യമായി. തന്റെ ആദ്യത്തെ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പല ഇന്ത്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തുവെന്നും പരാമര്‍ശിച്ച പാഠ്യപദ്ധതി സൗദിയുടെ ദേശീയ പാഠ്യപദ്ധതിയല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
തന്റെ മകന്‍ പഠിക്കുന്നത് സൗദിയിലെ ഒരു ഇന്റര്‍നാഷണല്‍ സ്കൂളിലാണെന്നും പിന്തുടരുന്ന പാഠ്യപദ്ധതി സൗദി വിദ്യാഭ്യാസമന്ത്രാലയം അംഗീകരിച്ചതാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത് സൗദി ഗവണ്മെന്റിന്റെ ഔദ്യോഗിക പാഠ്യപദ്ധതിയല്ലെന്നും വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ ബന്ധപ്പെട്ടിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. വിഷന്‍-2030 യുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് അത് പരാമര്‍ശിച്ചതെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഇതോടെ മഹാഭാരതത്തെയും രാമായണത്തെയും അടിസ്ഥാനപ്പെടുത്തിയ ഉള്ളടക്കം ഒരു സൗദി അംഗീകൃത ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് പഠിപ്പിക്കുന്നതെന്ന് വ്യക്തമായി.
തുടര്‍ന്ന് വിഷന്‍-2030 യുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചു. ഇതില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് എവിടെയും പരാമര്‍ശമില്ല. ഹ്യൂമന്‍ കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം എന്ന തലക്കെട്ടില്‍ ചില മൂല്യങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും അതിലെവിടെയും രാമായണത്തെയോ മഹാഭാരതത്തെയോ ഇന്ത്യന്‍ സാംസ്കാരികതയെയോ കുറിച്ച് പരാമര്‍ശിച്ചതായി കണ്ടെത്താനായില്ല.
ഇതോടെ 2021 ഏപ്രില്‍-മെയ് മാസങ്ങളില്‍ വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റാണെന്ന് വ്യക്തമായി.
തുടര്‍ന്ന്, പ്രചരിക്കുന്ന ഉള്ളടക്കത്തിലുപയോഗിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും കേന്ദ്രസഹമന്ത്രി വി മുരളീധരന്റെയും ചിത്രം പരിശോധിച്ചു (യഥാര്‍ത്ഥ മാധ്യമറിപ്പോര്‍ട്ടില്‍ ഈ ചിത്രം ഇല്ലായിരുന്നു). ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ The Pilgrims Affairs Department എന്ന് വ്യക്തമായി കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം 2024 ലേതാണന്ന് കണ്ടെത്തി.
പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രം ഉള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ ANI 2024 ജനുവരി 7ന് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുന്നതിനായി സൗദിയിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കേന്ദ്രസഹമന്ത്രി വി മുരളീധരനും സൗദി ഹജ്-ഉംറ മന്ത്രിയായ ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍-റബിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണിത്.
പ്രചരിക്കുന്ന പോസ്റ്റുകളില്‍ ചിലതില്‍ ഉപയോഗിച്ചിരിക്കുന്ന വീഡിയോയും ഇതേ സന്ദര്‍ശനത്തിന്റേതാണെന്ന് കണ്ടെത്തി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 2024 ജനുവരി 8ന് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കാണാം.
ഇതോടെ പ്രചരിക്കുന്ന ഉള്ളടക്കത്തിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
Conclusion:
സൗദി അറേബ്യ തങ്ങളുടെ പാഠ്യപദ്ധതിയില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണ്. ഇതുസംബന്ധിച്ച് 2021 ഏപ്രിലില്‍ ഏതാനും മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ക്കൊപ്പം, കേന്ദ്രമന്ത്രി സ്മൃതി ഇറാനി 2024 ലെ ഹജ് തീര്‍ഥാടന കരാര്‍ ഒപ്പിടുന്നതിനായി ജനുവരിയില്‍ നടത്തിയ സൗദി സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ചേര്‍ത്താണ് അയോധ്യ പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തില്‍ പ്രചാരണമെന്നും ഇത് പൂര്‍ണമായും വസ്തുതാവിരുദ്ധമാണെന്നും ന്യൂസ്മീറ്റര്‍ സ്ഥിരീകരിച്ചു. സൗദി അറേബ്യയിലെ ഒരു ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ രാമായണത്തെയും മഹാഭാരതത്തെയും ഇന്ത്യന്‍ സാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ പരിചയപ്പെടുത്തുന്നതിനെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത്.