ലൈംഗിക ഉത്തേജക മരുന്ന് കുറഞ്ഞ വിലയില്‍ നല്‍കുന്നുവെന്ന അവകാശവാദത്തോടെ വ്യാജ ലിങ്ക് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മാന്‍കെയര്‍ പ്രോ എന്ന പേരില്‍ വിപണിയില്‍ ലഭിക്കുന്ന ഗുളിക 50 ശതമാനം വിലക്കുറവില്‍ ലഭിക്കുമെന്ന അവകാശവാദത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ ലിങ്ക് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനായി തയ്യാറാക്കിയ ലിങ്കാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഫെയ്സ്ബുക്കില്‍ പരസ്യരൂപത്തിലാണ് ഉള്ളടക്കം പങ്കുവെച്ചിരിക്കുന്നത്. വാക്യഘടനയിലെയും ഭാഷയിലെയും അസ്വാഭാവികത കണക്കിലെടുത്തപ്പോള്‍ പ്രചാരണം വ്യാജമാകാമെന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പേജ് 2022 ല്‍ നിര്‍മിച്ചതാണെന്നും മറ്റ് സജീവ ഉള്ളടക്കങ്ങളൊന്നുമില്ലെന്നും കണ്ടെത്തി. ഫിലിപ്പീന്‍സ് ആണ് കമ്പനിയുടെ ആസ്ഥാനമായി പേജില്‍ നല്‍കിയിരിക്കുന്നതെന്നും കാണാം.
തുടര്‍ന്ന് ഉള്ളടക്കത്തിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് സുരക്ഷിതമായി പരിശോധിച്ചു. സാധാരണ വാണിജ്യ വെബ്സൈറ്റുകളുടെ ഡൊമെയ്ന് പകരം മറ്റൊരു ഡൊമെയ്ന്‍ ആണ് വെബ്സൈറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. ഹോം പേജില്‍ ഉല്പന്നത്തിന്റെ പരസ്യത്തിനൊപ്പം തെറ്റായ മലയാളത്തില്‍ ചില ഉള്ളടക്കങ്ങള്‍ കാണാം.
തുടര്‍ന്ന് 50 ശതമാനം കിഴിവില്‍ ഉല്പന്നം ലഭിക്കുമെന്ന അവകാശവാദത്തോടെ നല്‍കിയിരിക്കുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ നമ്പറും പേരും നല്‍കാന്‍ ഒരു കോളമാണ് പ്രത്യക്ഷപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വിവരശേഖരണത്തിന്റെ ഭാഗമായാണ് ഇതെന്ന് സൂചന ലഭിച്ചു.
ഈ വെബ്സൈറ്റിന്റെ ആധികാരികര സ്കാം ഡിറ്റക്ടര്‍ എന്ന വെബ്സൈറ്റ് ഉപയോഗിച്ച് പരിശോധിച്ചു. സംശയാസ്പദമായ വെബ്സൈറ്റ് എന്ന വിഭാഗത്തില്‍ 100-ല്‍ 1.9 സ്കോര്‍ മാത്രമാണ് സൈറ്റിന് നല്‍കിയത്. ഇതോടെ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സൈറ്റാണിതെന്ന് ഏറെക്കുറെ ഉറപ്പിക്കാനായി.
തുടര്‍ന്ന് മറ്റൊരു നമ്പര്‍ പരീക്ഷണത്തിനായി വെബ്സൈറ്റില്‍ നല്‍കി. ഏതാനും മണിക്കൂറുകള്‍ക്കം ഒരു നമ്പറില്‍നിന്ന് കോളെത്തി. ട്രൂകോളറില്‍ ഹരിയാന കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകേന്ദ്രമെന്ന് അടയാളപ്പെടുത്തിയ ഈ നമ്പറിലെ കോളുകള്‍ എടുക്കരുതെന്ന് എയര്‍ടെലിന്റെ സന്ദേശവും കോളിന് മുന്നോടിയായി ലഭിച്ചു.
ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. പ്രസ്തുത ഉല്പന്നം മറ്റ് ഇ-കൊമേഴ്സ് സംവിധാനങ്ങളില്‍ ലഭ്യമാണെന്നും കണ്ടെത്തി.
Conclusion:
ലൈംഗിക ഉത്തേജക മരുന്ന് കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയതാണന്ന് അന്വേഷണത്തില്‍ വ്യക്തമായി. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനായി തയ്യാറാക്കിയ ലിങ്കാണ് ഇതിനൊപ്പം പ്രചരിക്കുന്നത്.