"സ്വാതന്ത്ര്യദിനത്തില്‍ ഭാരതാംബയെ ഹിജാബണിയിച്ച് നമസ്കാരം" - സ്കൂള്‍ വിദ്യാര്‍ഥികളുടെ നാടകത്തിനെതിരെ വ്യാജപ്രചരണം
മതസൗഹാര്‍ദവും ഐക്യവും സാഹോദര്യവും പ്രമേയമാക്കി സ്വാതന്ത്ര്യദിനത്തില്‍ ലക്നൗവിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിന്‍റെ ദൃശ്യമാണ് വക്രീകരിച്ച് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്. നാടകത്തിന്‍റെ ഒരുഭാഗം മാത്രം അടര്‍ത്തിമാറ്റി മതസ്പര്‍ധ വളര്‍ത്തുന്നവിധത്തില്‍ അടിക്കുറിപ്പോടെ പ്രചരിപ്പിച്ചത് ഇതിനകം നിരവധി പേരാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
By HABEEB RAHMAN YP
സ്വാതന്ത്ര്യദിനത്തില്‍ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിന്‍റെ വീഡിയോയില്‍ നിന്ന് അടര്‍ത്തിമാറ്റിയ ദൃശ്യങ്ങളുപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. "ഭാരതാംബയെ ഹിജാബണിയിച്ച് നമസ്കാരം നടത്തി" എന്നതുള്‍പ്പെടെ സമുദായിക വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന നിരവധി അടിക്കുറിപ്പുകളോടെയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനകം നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.
"ഭാരതാംബയുടെ കിരീടം മാറ്റി ഹിജാബ് ധരിപ്പിച്ചു" എന്ന തലക്കെട്ടോടെയാണ് 'സുദര്‍ശന്‍ ന്യൂസ്' ഔദ്യോഗിക അക്കൗണ്ടില്‍നിന്ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 30 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സാരിയണിഞ്ഞ കുട്ടിക്ക് ചുറ്റും മുസ്ലിം വേഷത്തില്‍ വിദ്യാര്‍ഥികള്‍ അണിനിരന്ന് കിരീടം എടുത്തുമാറ്റി തല മറയ്ക്കുന്ന രീതിയില്‍ വെള്ളനിറത്തിലുള്ള തുണി അണിയിക്കുന്നതും തുടര്‍ന്ന് ബാങ്കിന്‍റെ പശ്ചാത്തലത്തില്‍ നമസ്ക്കരിക്കുന്നതും കാണാം. (Archive)
വ്യത്യസ്ത അടിക്കുറിപ്പുകളോടെയാണ് ദൃശ്യം വിവിധ അക്കൗണ്ടുകളില്‍നിന്ന് ട്വിറ്ററില്‍ പങ്കുവെച്ചത്.
"സ്വാതന്ത്ര്യദിനത്തില്‍ ഭാരതാംബയുടെ കിരീടം അഴിച്ചുമാറ്റുകയും വേദിയില്‍ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന ജിഹാദി-വിഭാഗീയ അജണ്ടയിലൂടെ നിങ്ങള്‍ എന്താണ് മനസ്സിലാക്കുന്നത്?" എന്ന അടിക്കുറിപ്പോടെ @surabhi2003 എന്ന അക്കൗണ്ടില്‍നിന്ന് ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി: (Archive)
"കിരീടം അഴിച്ചുമാറ്റി വെള്ളവസ്ത്രം അണിയിക്കുന്നുതും ഒപ്പം പ്രാര്‍ഥിക്കുന്നതുമാണ് നാടകത്തില്‍ കാണിച്ചിരിക്കുന്നതെന്നും ഹിന്ദുക്കള്‍ക്കൊഴികെ ഇക്കാര്യം വ്യക്തമാണെന്നും ഹിന്ദുക്കള്‍ ഇനിയും ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമാന അനുഭവങ്ങള്‍ ഉണ്ടായേക്കാ"മെന്നുമുള്ള തലക്കെട്ടോടെയാണ് @RaviRocks16 എന്ന അക്കൗണ്ടില്‍നിന്ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്: (Archive)
സ്കൂളുകളുടെ മൗനാനുവാദത്തോടെയാണ് ഭാരതാംബയുടെ കിരീടമഴിച്ച് നമസ്കാരം പഠിപ്പിക്കുന്നതെന്നും സ്കൂളിനെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും @YogeshApoorva എന്ന അക്കൗണ്ടില്‍നിന്നും പങ്കുവെച്ച വീഡിയോക്കൊപ്പം എഴുതിയിട്ടുണ്ട്: (Archive)
Fact-check:
പങ്കുവെച്ചിരിക്കുന്ന വീഡിയോ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ പരിപാടിയുടേതാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പല അക്കൗണ്ടുകളില്‍നിന്നും പങ്കുവെച്ച വീഡിയോകള്‍ക്കൊപ്പം നല്‍കിയ അടിക്കുറിപ്പുകളില്‍ സുചിപ്പിച്ച സ്കൂളിന്‍റെ പേരും (ശിശു ഭാരതി വിദ്യാലയ, മാളവിയ നഗര്‍, ഐഷ്ബാഗ്, ലക്നൗ) മറ്റ് കീവേഡുകളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ നാടകത്തിന്‍റെ മറ്റൊരു ആംഗിളില്‍നിന്നുള്ള വീഡിയോ കണ്ടെത്തി. (Archive)
രണ്ട് മിനിറ്റും 20 സെക്കന്‍റും ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള പ്രാര്‍ഥനകളുടെ ആവിഷ്കാരമാണ് കാണാനായത്. പശ്ചാത്തലത്തിലും സദസ്സിലിരിക്കുന്ന കുട്ടികളുടെ കൈയ്യിലും ദേശീയ പതാകയും കാണാം. ഭാരതാംബയെ പ്രതിനിധീകരിച്ച് ഒരുകുട്ടിയും ഓരോ മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത സംഘങ്ങളായി വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഈ കലാവിഷ്കാരം അവതരിപ്പിക്കുന്നത്.
ലക്നൗ പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഈ വീഡിയോ പങ്കുവെച്ചതായി കാണാനായി. (Archive)
സാമുദായിക സൗഹാര്‍ദത്തിനായി ചെറിയ കുട്ടികള്‍ അവതരിപ്പിച്ച നാടകത്തിന്‍റെ വീഡിയോ ചില സാമൂഹ്യവിരുദ്ധര്‍ തെറ്റായരീതിയില്‍ പ്രചരിപ്പിച്ചുവെന്നും സാമുദായിക സ്പര്‍ധ പടര്‍ത്തുന്ന ഇത്തരം ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ലക്നൗ പൊലീസ് കമ്മീഷണറേറ്റ് പങ്കുവെച്ച കുറിപ്പും കണ്ടെത്തി:
കൂടുതല്‍ സ്ഥീരീകരണത്തിനായി നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത സ്കൂള്‍ വിദ്യാര്‍ഥികളെ അവതരണം പരിശീലീപ്പിച്ച അധ്യാപികയുടേത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ @Arv_Ind_Chauhan എന്ന അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചതായി കണ്ടെത്തി.
വീഡിയോയില്‍ ശിശു ഭാരതി വിദ്യാലയയിലെ അധ്യാപിക പ്രഗതി നിഗം എന്ന് സ്വയം പരിചയപ്പെടുത്തുന്ന അവര്‍ പ്രസ്തുത സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥ വീഡിയോയില്‍നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നതാണെന്ന് അവര്‍ വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ നാല് മതങ്ങളെ ഒരുമിപ്പിക്കുന്ന സന്ദേശം പകരാനാണ് നാടകം അവതരിപ്പിച്ചതെന്നും വീഡിയോ പ്രചരിപ്പിച്ചവര്‍ ഒരുമതത്തിലും വിശ്വസിക്കാത്തവരോ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചെയ്തതോ ആയിരിക്കാമെന്നും അവര്‍ വിശദീകരിക്കുന്നു.
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ഇതേ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ലക്നൗ വെസ്റ്റ് ഡി.സി.പി.യുടെ വിശദീകരണം എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും ലഭ്യമായി:
വീഡിയോയില്‍ സംസാരിക്കുന്നത് ഉത്തര്‍പ്രദേശ് വെസ്റ്റ് ഡി.സി.പി.ശിവസിംപി ചിന്നപ്പയാണ്.
ഭാരതാംബയുടെ തലയില്‍നിന്ന് കിരീടം മാറ്റുന്നതും തലമറച്ച് നമസ്കാരം നിര്‍വഹിക്കുന്നതും ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടുകയും വീഡിയോയുടെ പൂര്‍ണരൂപം ശേഖരിക്കുകയും ചെയ്തു എന്ന് ഡി.സി.പി. വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പരിശോധിച്ചപ്പോള്‍ കുട്ടികളുടെ നാടകം മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്നും മറിച്ച് മതസൗഹാര്‍ദവും അഖണ്ഡതയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്നും ബോധ്യമായെന്നും അദ്ദേഹം വിശദീകരിക്കുന്നു. വര്‍ഗീയത ലക്ഷ്യമിട്ട് തെറ്റായ രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നു.
നേരിട്ടുള്ള സ്ഥിരീകരണത്തിനായി ന്യൂസ്മീറ്റര്‍ ഉത്തര്‍പ്രദേശ് വെസ്റ്റ് ഡി.സി.പി. ശിവസിംപി ചിന്നപ്പയെ ഫോണില്‍ ബന്ധപ്പെട്ടു.
"കുട്ടികള്‍ അവതരിപ്പിച്ച നാടകത്തില്‍ സാമുദായിക ധ്രുവീകരണത്തിനോ മതസ്പര്‍ധയ്ക്കോ കാരണമാകുന്ന ഒന്നുംതന്നെയില്ല. അത് വെറുമൊരു നാടകം മാത്രമായിരുന്നു. പക്ഷേ നാടകത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. വീഡിയോയുടെ പൂര്‍ണരൂപം കണ്ടാല്‍ അതില്‍ വ്യക്തമായൊരു സന്ദേശമുണ്ടെന്ന് മനസ്സിലാകും. അത് സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റേതുമാണ്."
മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ തെറ്റായ സന്ദേശത്തോടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം 'ന്യൂസ്മീറ്ററി'നോട് പറഞ്ഞു.
Conclusion:
"ഭാരതാംബയെ ഹിജാബണിയിച്ച് നമസ്കാരം നടത്തി" എന്നതുള്‍പ്പെടെ സമുദായിക വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ കുട്ടികളുടെ നാടകത്തിലെ ചെറിയൊരു ഭാഗം മാത്രമാണ്. വീഡിയോയുടെ പൂര്‍ണരൂപത്തില്‍ ഇത് മതസൗഹാര്‍ദത്തിന്‍റെയും ഐക്യത്തിന്‍റെയും മികച്ച സന്ദേശം നല്‍കുന്ന നാടകത്തിന്‍റെ ദൃശ്യങ്ങളാണെന്ന് കാണാം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അടര്‍ത്തിമാറ്റിയ വീഡിയോയുടെ ഭാഗങ്ങളാണ് തീര്‍ത്തും വസ്തുതാ വിരുദ്ധമായ അടിക്കുറിപ്പുകളോടെ പ്രചരിക്കുന്നത്. ഭാരതാംബയെ ഹിജാബണിയിച്ച് നമസ്കാരം നടത്തിയെന്നതടക്കമുള്ള വാദങ്ങള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണ്.