കരിക്ക് വിൽക്കുന്ന അമ്മയെ കാണാൻ വന്ന സൈനികനായ മകന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെയുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ട്.
ഇന്ത്യൻ സൈന്യത്തോട് സ്നേഹമുണ്ടെങ്കിൽ ഷെയർ ചെയ്യണമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയിൽ സല്യൂട്ട് ചെയ്യുന്ന യുവാവിനെയും അത് കണ്ട് അദ്ദേഹത്തെ വൈകാരികമായി കെട്ടിപിടിച്ച് കരയുന്ന ഒരു വയോധികയെയും കാണാം.
കരിക്ക് വാങ്ങാനായി വന്ന രണ്ട് ചെറുപ്പക്കാർക്ക് സൈനിക യൂണിഫോം ധരിച്ച യുവാവ് പിന്നീട് കരിക്ക് വെട്ടി നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് യഥാര്‍ത്ഥ സംഭവമല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
3:37 മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ അവസാനത്തിൽ ഒരു നിരാകരണ കുറിപ്പ്/ ഡിസ്ക്ലൈമര്‍ കാണാൻ സാധിച്ചു.
പൊതുജനങ്ങളുടെ വിജ്ഞാന വിനോദത്തിനായി ചിത്രീകരിച്ച വീഡിയോയാണിതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ പ്രസ്തുത വീഡിയോ സഞ്ജന ഗള്‍റാണി എന്ന ഫേസ്ബുക്ക് പേജില്‍ നവംബർ പന്ത്രണ്ടാം തീയതി പങ്കുവെച്ചതായി കണ്ടെത്തി.
വീഡിയോയുടെ അടികുറിപ്പിനു താഴെയും ബോധവൽക്കരണത്തിനു വേണ്ടി ചിത്രീകരിച്ചതാണെന്നും വീഡിയോയില്‍ ഉള്ളവര്‍ എല്ലാ അഭിനയിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പേജിന്റെ മറ്റ് ഉള്ളടക്കം പരിശോധിച്ചതോടെ ഇത്തരത്തില്‍ എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റ് അടിസ്ഥാനമാക്കി നിര്‍മിച്ച നിരവധി വീഡിയോകള്‍ പങ്കുവെച്ചതായി കണ്ടെത്തി.
പേജിൽ പങ്കു വെച്ച മറ്റൊരു വീഡിയോ മുൻപ് ന്യൂസ്മീറ്റർ സമാനമായ രീതിയിൽ ചിത്രീകരിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
കരിക്ക് വിൽക്കുന്ന അമ്മയെ സല്യൂട്ട് ചെയ്യുന്ന ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന മകന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥ സംഭവമല്ലെന്നും വിനോദത്തിനായി എഴുതിത്തയ്യാറാക്കിയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തിൽ വ്യക്തമായി.