പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് 699 രൂപവരെ വിലവരുന്ന സമ്മാനങ്ങള്‍ ഓണ്‍ലൈനിലൂടെ നല്‍കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പ്രധാനമന്ത്രിയുടെ ചിത്രമുള്‍പ്പെടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഇന്ത്യന്‍ പതാകയും നല്‍കിയിട്ടുണ്ട്. ഗിഫ്റ്റ് യോജന സെന്റര്‍ എന്ന പേരില്‍ ഒരു ഫെയ്സ്ബുക്ക് പേജില്‍നിന്നാണ് ലിങ്ക് പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ ലിങ്കാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ലിങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതെന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ജന്മദിനം സെപ്തംബര്‍ 17-നാണെന്ന് ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് പ്രചരിക്കുന്ന പേജിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു. ഗിഫ്റ്റ് സെന്റര്‍ യോജന എന്ന പേരിലുള്ള ഈ പേജ് 2024 മെയ് 16 ന് മറ്റൊരു പേരിലാണ് ആരംഭിച്ചത്. പിന്നീട് 2025 ജൂലൈ 10നാണ് പുതിയ പേരിലേക്ക് മാറ്റിയത്. ഇതോടെ പ്രചാരണം വ്യാജമാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് സുരക്ഷിതമായി നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന ലിങ്ക് വഴി ലഭിക്കുന്ന പേജില്‍ ജന്‍ധന്‍ യോജന പദ്ധതിയുടെ ലോഗോ ഉള്‍പ്പെടുത്തിയതായി കണ്ടെത്തി. ഇതില്‍ സ്ക്രാച്ച് ചെയ്യാനുള്ള ഒരു ബട്ടണും നല്‍കിയിട്ടുണ്ട്.
സ്ക്രാച്ച് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് പെയ്മെന്റ് ഓപ്ഷന്‍ എന്ന തരത്തില്‍ രണ്ട് രീതികള്‍ കാണിക്കുന്നു. ഫോണ്‍പേ വഴിയും പേടിഎം വഴിയും പണം ലഭിക്കാനെന്ന തരത്തിലാണിത്. ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഫോണ്‍ ഉപയോഗിച്ച് മാത്രം അതത് അപ്ലിക്കേഷനുകളിലേക്ക് ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇത് നല്‍കിയിരിക്കുന്നത്. അതായത് ഫോണ്‍പേ തിരഞ്ഞെടുത്താല്‍ ഫോണ്‍പേ അപ്ലിക്കേഷനും പേടിഎം തിരഞ്ഞെടുത്താല്‍ പേടിഎം അപ്ലിക്കേഷനും തുറന്നുവരുന്നു.
പണം സ്വീകരിക്കുന്നതിന് ഏതെങ്കിലും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതോ ലിങ്കുകള്‍ ഉപയോഗിക്കേണ്ടതോ ആയ രീതി നിലവില്‍ ഓണ്‍ലൈന്‍ പണമിടപാട് സൈറ്റുകളിലില്ല. പണം അയയ്ക്കാനാണ് ഇത്തരത്തില്‍ ചെയ്യേണ്ടത്. ഇവിടെ സെറ്റ് ചെയ്തിരിക്കുന്നതും ‘പെയ്മെന്റ് റിക്വസ്റ്റ്’ ആണ്. അതായത് അപ്ലിക്കേഷന്‍ തുറന്നാല്‍ നിശ്ചിത തുക അതില്‍ സെറ്റ് ചെയ്ത് വച്ചിരിക്കുന്ന അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്.
ഇതോടെ പ്രചാരണം സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ ലിങ്കാണെന്ന് വ്യക്തമായി.
Conclusion:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമ ഉപയോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ ഈ ലിങ്കിലൂടെ പണം നഷ്ടമായേക്കാമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.