യോഗ പരിശീലനത്തിനിടെ വിരമിച്ച സൈനികന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇന്‍ഡോറില്‍ യോഗ പരിശീലനത്തിനിടെ ദേശഭക്തി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപതാകയുമായി നൃത്തം ചെയ്യുന്നതിനിടെ വേദിയില്‍ വീണ് മരണപ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളിലുള്ളത് വിരമിച്ച ഇന്ത്യന്‍ സൈനികന്‍ ബൽബീർ സിംഗ് ചാബ്രയാണെന്നാണ് അവകാശവാദം. സൈനികവേഷത്തിലാണ് വേദിയില്‍ ഇദ്ദേഹത്തിന്റെ പ്രകടനം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മരണപ്പെട്ട ബൽബീർ സിംഗ് ചാബ്ര സൈനികനല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പേര്, സ്ഥലം, യോഗ തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി.
73 വയസ്സുള്ള വ്യക്തി എന്ന് മാത്രമാണ് PTI നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024 മെയ് 31 നായിരുന്നു സംഭവം. പ്രത്യേക വേഷം ധരിച്ച് നടത്തിയ നൃത്തത്തിനിടെയാണ് കുഴഞ്ഞുവീണതെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രചരിക്കുന്ന വീഡിയോ സഹിതം PTI യുടെ എക്സ് ഹാന്‍ഡിലിലും ഈ വാര്‍ത്ത പങ്കുവെച്ചതായി കാണാം.
മരണപ്പെട്ടയാള്‍ സൈനികനായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയാവേണ്ടതും അദ്ദേഹത്തെ സൈനികന്‍ എന്ന് വിശേഷിപ്പിക്കേണ്ടതുമാണ്. ഇത് സ്ഥിരീകരിക്കുന്നതിനായി ഏതാനും റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ചു. Times of India നല്‍കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ മകന്റെ പ്രതികരണം ഉള്‍പ്പെടുത്തിയതായി കണ്ടെത്തി.
സൈന്യത്തില്‍ ചേരണമെന്ന് തന്റെ പിതാവ് ഏറെ നാളായി ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ അതിയായ രാഷ്ട്രസ്നേഹമാണ് ഇത്തരം നൃത്ത പ്രകടനങ്ങളിലേക്ക് നയിച്ചതെന്നും അദ്ദേഹത്തിന്റെ മകന്‍ ജഗജീത് സിങ് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പിതാവിന് ട്രാന്‍സ്പോര്‍ട്ട് ബിസിനസ് ആയിരുന്നുവെന്നും അതില്‍നിന്ന് വിരമിച്ചതിന് ശേഷം ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും മറ്റ് സാമൂഹ്യസേവന രംഗത്തും സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചില പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. അദ്ദേഹം സൈനികനായിരുന്നില്ലെന്നും ബിസിനസുകാരനായിരുന്നുവെന്നും ഈ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. സാമൂഹ്യസേവനത്തിന് അദ്ദേഹത്തിന് ഏതാനും പുരസ്കാരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യോഗ പരിശീലനത്തിനിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ച ബൽബീർ സിംഗ് ചാബ്രയെന്നയാള്‍ സൈനികനല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സൈന്യത്തില്‍ ചേരാന്‍ അതിയായി ആഗ്രഹിച്ചിരുന്ന അദ്ദേഹം ഒരു ബിസിനസുകാരനായിരുന്നു. ബിസിനസില്‍നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഇത്തരം പ്രകടനങ്ങളിലും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. വേദിയില്‍ പ്രകടനത്തിനായി അദ്ദേഹം ധരിച്ച സൈനികവേഷമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.