മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ പരിഹസിക്കുന്ന തരത്തില്‍ അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു വേദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മന്‍മോഹന്‍ സിങിനെ ഇരിപ്പിടം മാറ്റിയിരുത്തുന്നതും അവിടെ സോണിയാ ഗാന്ധി ഇരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍.
കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആജ്ഞയ്ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു മന്‍മോഹന്‍ സിങെന്നും അതിനാലാണ് അദ്ദേഹത്തെ ജനങ്ങള്‍ ‘പുറത്താക്കിയതെ’ന്നുമാണ് വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന അവകാശവാദം. Shaji Muriparambil എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ദൃശ്യങ്ങള്‍ക്കൊപ്പം ഇത്തരത്തില്‍ അടിക്കുറിപ്പ് കാണാം.
Fact-check
കേവലം എട്ട് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മന്‍മോഹന്‍ സിങ് എഴുന്നേല്‍ക്കുന്നതും ആ ഇരിപ്പിടത്തില്‍ സോണിയ ഗാന്ധി ഇരിക്കുന്നതും വ്യക്തമാണ്. എന്നാല്‍ ഇതിന്‍റെ സാഹചര്യം എന്താണെന്നോ വീഡിയോയുടെ പശ്ചാത്തലം എവിടെയാണെന്നോ പരിപാടി എന്താണെന്നോ വ്യക്തമല്ല.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വ്യക്തതക്കുറവ് മൂലം ഫലം ലഭിച്ചില്ല. തുടര്‍ന്ന് സൂചനകള്‍ ഉപയോഗിച്ച് ഏതാനും കീവേഡുകള്‍ സഹിതം നടത്തിയ ഗൂഗ്ള്‍ സെര്‍ച്ചില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
India TV യൂട്യൂബ് ചാനലില്‍ 2011 ഡിസംബര്‍ 14ന് പങ്കുവെച്ച വാര്‍ത്തയില്‍ ഇതേ ദൃശ്യങ്ങള്‍ കാണാം. ആദ്യഘട്ടത്തില്‍ ഇരിപ്പിടം മാറിയിരുന്ന മന്‍മോഹന്‍ സിങും സോണിയഗാന്ധിയും പിന്നീട് സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി എസ്പിജി ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അവരവര്‍ക്ക് അനുവദിച്ച ഇരിപ്പിടങ്ങളിലേക്ക് മാറിയിരിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വീഡിയോയുടെ അടിക്കുറിപ്പില്‍നിന്ന് ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് യൂട്യൂബില്‍ നടത്തിയ തിരച്ചിലില്‍ ഇതേ യോഗത്തിന്‍റെ മറ്റൊരു റിപ്പോര്‍ട്ടും ലഭിച്ചു.
ETV Andhra Pradesh നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലും ഇതേ ദൃശ്യങ്ങള്‍ കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം എഴുന്നേല്‍പ്പിക്കുന്നത് സോണിയ ഗാന്ധിയെയാണ്. പിന്നീട് മന്‍മോഹന്‍ സിങിനെയും കാര്യം ധരിപ്പിച്ച ശേഷം സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇരുവരും ഇരിപ്പിടം മാറിയിരുന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
ഇതോടെ പ്രചരിക്കുന്ന വീഡിയോ ഇതിലെ അവസാനഭാഗം മാത്രം അടര്‍ത്തിമാറ്റി തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പോടെ പങ്കുവെയ്ക്കുന്നതാണെന്ന് വ്യക്തമായി. കൂടുതല്‍ പരിശോധനയില്‍ 2017 ലും 2020 ലും സമാന അടിക്കുറിപ്പുകളോടെ ഇതേ വീഡിയോ പ്രചരിച്ചിരുന്നതായും കണ്ടെത്തി.
Conclusion:
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ അവഹേളിക്കുന്ന തരത്തില്‍ അദ്ദേഹത്തെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍പ്പിച്ചുവെന്നും കോണ്‍ഗ്രസില്‍ കുടുംബ മേധാവിത്തം തുടരുന്നതിന് ഉദാഹരണമാണ് ഇതെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. എസ്പിജി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഇരിപ്പിടം മാറിയിരിക്കുന്ന ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പങ്കുവെയ്ക്കുന്നത്.