Fact Check: മന്‍മോഹന്‍ സിങിനെ അവഗണിച്ച് സോണിയ ഗാന്ധി? ചൈനീസ് സംഘത്തെ സ്വീകരിക്കുന്ന വീഡിയോയുടെ വാസ്തവം

കാറില്‍നിന്നിറങ്ങി വരുന്ന ഏതാനും പേര്‍ സോണിയ ഗാന്ധിയ്ക്ക് ഹസ്തദാനം നല്‍കിയ ശേഷം മന്‍മോഹന്‍ സിങുമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. പ്രധാനമന്ത്രിയെന്ന പരിഗണന സോണിയ ഗാന്ധി നല്‍കിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ അവകാശവാദം.

By -  HABEEB RAHMAN YP
Published on : 7 Sept 2025 11:29 AM IST

Fact Check: മന്‍മോഹന്‍ സിങിനെ അവഗണിച്ച് സോണിയ ഗാന്ധി? ചൈനീസ് സംഘത്തെ സ്വീകരിക്കുന്ന വീഡിയോയുടെ വാസ്തവം
Claim:പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ അവഗണിച്ച് സോണിയ ഗാന്ധി ചൈനീസ് സംഘത്തെ സ്വീകരിക്കുന്ന വീഡിയോ
Fact:വീഡിയോ 2015 ല്‍ ചൈനീസ് സംഘം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന്റേത്. ഈ സമയത്ത് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നില്ല.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ സോണിയ ഗാന്ധി അവഗണിക്കുന്ന ദൃശ്യമെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് സംഘത്തെ സ്വീകരിക്കുന്ന സോണിയ ഗാന്ധിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. മന്‍മോഹന്‍ സിങിന് പ്രധാനമന്ത്രി പദത്തില്‍ അധികാരങ്ങളില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും സോണിയഗാന്ധിയുമാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നതെന്നുമാണ് അവകാശവാദം. കാറില്‍നിന്നിറങ്ങി വരുന്ന ചിലരെ സോണിയഗാനന്ധി ഹസ്തദാനം നല്‍കി സ്വീകരിക്കുന്ന വീഡിയോയില്‍ പിന്നീട് തൊട്ടടുത്ത് നില്‍ക്കുന്ന മന്‍മോഹന്‍ സിങിനോട് അവര്‍ സംസാരിക്കുന്നതും കാണാം.





Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്‍മോഹന്‍ സിങ് പ്രധാനമനന്ത്രിയായിരുന്ന സമയത്തെ ദൃശ്യങ്ങളല്ല പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചതോടെ സമാന ചിത്രങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എക്സ് പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി. 2015 ജൂണ്‍ 16 നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.



ചൈനീസ് പാര്‍ലമെന്ററി പ്രതിനിധി സംഘം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിനെയും സന്ദര്‍ശിച്ചുവെന്നാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വിവരണം. ഇതോടെ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായ കാലയളവിലെ ചിത്രമല്ല ഇതെന്ന് വ്യക്തമായി. 2004 മുതല്‍ 2014 വരെയായിരുന്നു മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്.




തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യൂട്യൂബ് പേജില്‍ ഇതേ സമയത്ത് പങ്കുവെച്ച ദൃശ്യങ്ങളും ലഭ്യമായി. ഈ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ മോദിയുടെ വീഡിയോയ്ക്കൊപ്പം ചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.




ചൈനീസ് പ്രതിനിധി സംഘമെത്തിയത് കോണ്‍ഗ്രസ് നേതാക്കളെ കാണാനായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അവരെ സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നും ഇതോടെ വ്യക്തമായി. കൂടിക്കാഴ്ച സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചു.






ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 2015 ജൂണില്‍ ഇന്ത്യയിലെത്തിയ ചൈനീസ് പാര്‍ലമെന്ററി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദര്‍ശിച്ചിരുന്നു.


Conclusion:

ചൈനീസ് സംഘത്തിന്റെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അവരെ സ്വീകരിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2015 ല്‍ ഇന്ത്യയിലെത്തിയ ചൈനീസ് പാര്‍ലമെന്ററി പ്രതിനിധി സംഘം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളാണിത്. ഈ സമയത്ത് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നില്ല.

Claim Review:പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ അവഗണിച്ച് സോണിയ ഗാന്ധി ചൈനീസ് സംഘത്തെ സ്വീകരിക്കുന്ന വീഡിയോ
Claim Fact Check:False
Fact:വീഡിയോ 2015 ല്‍ ചൈനീസ് സംഘം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന്റേത്. ഈ സമയത്ത് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നില്ല.
Next Story