റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറെന്ന തരത്തില്‍ ലിങ്ക് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫോണ്‍പേയുടെ പേരിലുള്ള ലിങ്കിനൊപ്പം നല്‍കിയിരിക്കുന്ന ദേശീയപതാകയുടെ ചിത്രത്തില്‍ സ്പര്‍ശിച്ച് ക്യാഷ്ബാക്ക് നേടാമെന്ന അവകാശവാദത്തോടെയാണ് പ്രചാരണം.
Fact-check:
പ്രചാരണം വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ലിങ്കാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ലിങ്ക് പങ്കുവെച്ചിരിക്കുന്ന പേജാണ് ആദ്യം പരിശോധിച്ചത്. റിപ്പബ്ലിക് ക്യാഷ്ബാക്ക് ഓഫര്‍ എന്ന പേരിലുള്ള ഈ പേജിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതോടെ 2025 ജനുവരി 22ന് ഉണ്ടാക്കിയ പേജാണിതെന്ന് കണ്ടെത്തി. ഇതോടെ പേജും സന്ദേശവും വ്യാജമാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷം പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചു. ഔദ്യോഗികമല്ലാത്ത ഒരു ഡൊമൈനില്‍ തയ്യാറാക്കിയ വെബ്സൈറ്റിലേക്കാണ് എത്തിച്ചേരുന്നത്. ഇതില്‍ മൊബൈല്‍ റീച്ചാര്‍ജ് ഓഫറുകള്‍ പട്ടികപ്പെടുത്തിയതായി കാണാം. https://sea-top.super-fk.site/ എന്ന URL വ്യാജസൈറ്റ് ആകാമെന്നതിന്റെ വ്യക്തമായ സൂചന നല്‍കി.
വിവിധ മൊബൈല്‍ കമ്പനികളുടെ റീച്ചാര്‍ജിനായി തയ്യാറാക്കിയ വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഹോംപേജ്. ജിയോ, എയര്‍ടെല്‍, വിഐ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളുടെ റീച്ചാര്‍ജ് ചെയ്യാമെന്ന തരത്തില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാനുള്ള കോളവും നല്‍കിയിട്ടുണ്ട്.
നമ്പര്‍ നല്‍കി മുന്നോട്ടുപോകുന്നതോടെ വലിയ ഓഫറുകളുടെ പട്ടികയാണ് പ്രത്യക്ഷപ്പെടുന്നത്. കുറഞ്ഞ തുകയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ ഉള്‍പ്പെടെ ഓഫറുകള്‍ കാണാം.
കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ പരിശോധിച്ചതോടെ ഈ വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ഓഫറുകളൊന്നും നിലവിലില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇതിലൊരു ഓഫര്‍ തിരഞ്ഞെടുത്ത് അടുത്ത പേജിലേക്ക് പ്രവേശിച്ചു.
പണം നല്‍കാനുള്ള പേജാണ് അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ഗൂഗ്ള്‍പേ, ഫോണ്‍പേ തുടങ്ങി ഫോണിലെ യുപിഐ അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പണം നല്‍കാം. എന്നാല്‍ ഈ പണം സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നുമാത്രം.
Ataul Kumar VRN എന്ന പേരിലുള്ള ഒരു യുപിഐ ഐഡിയിലേക്കാണ് പണമിടപാട് നടക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ പ്രചരിക്കുന്നത് വ്യാജ ലിങ്കാണെന്ന് സ്ഥിരീകരിക്കാനായി.
Conclusion:
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ഓഫറെന്ന തരത്തില്‍ പ്രചരിക്കുന്ന മൊബൈല്‍ റീച്ചാര്‍ജ് ലിങ്ക് വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് പ്രചാരണമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.