ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ പരിപാടിയില്‍ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍ പങ്കെടുക്കുന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ശ്രീകണ്ഠന്‍ നായര്‍ എത്തിയപ്പോള്‍’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെയും പാനലിസ്റ്റുകളില്‍ ഒരാളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യുവിനെയും ശ്രീകണ്ഠന്‍ നായര്‍ വിമര്‍ശിക്കുന്നുമുണ്ട്.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ വീഡിയോ എഡിറ്റ് ചെയ്തതാകാമെന്ന് പ്രഥമദൃഷ്ട്യാ സൂചനകള്‍ ലഭിച്ചു.
വീഡിയോയില്‍ ശ്രീകണ്ഠന്‍ നായരുടെ ഫ്രെയിം മാത്രം ഫുള്‍സൈസില്‍ നല്‍കിയിരിക്കുന്നു. ഇത് 24 ന്യൂസിന്‍റെ അവതരണ ഫ്ലോറില്‍നിന്നുള്ള ദൃശ്യങ്ങള്‍ക്ക് സമാനമാണ്. ചര്‍ച്ചകളില്‍ ഇത്തരത്തില്‍ ഫ്രെയിം ഉപയോഗിക്കാറില്ല.
ശ്രീകണ്ഠന്‍ നായരുടെ പേര് നല്‍കിയിരിക്കുന്ന ഫോണ്ട്, ഉപയോഗിച്ചിരിക്കുന്ന നിറത്തിലുള്ള പ്രകടമായ വ്യത്യാസം; കൂടാതെ പാനലിസ്റ്റുകളുടെ പദവി കാണിക്കുന്ന ഭാഗത്തും ശ്രീകണ്ഠന്‍ നായരുടെ പേര് മാത്രം.
തത്സമയ പരിപാടിയുടെ ദൃശ്യങ്ങളില്‍ ശ്രീകണ്ഠന്‍ നായരുടെ വീഡിയോയുടെ വിവിധ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും തുടര്‍ച്ചയായ ഭാഗങ്ങളല്ലെന്നും വ്യക്തമാക്കുന്ന തരത്തിലുള്ള കട്ടുകള്‍.
പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാകാമെന്ന വ്യക്തമായ സൂചന ലഭിച്ചതോടെ സ്ഥിരീകരണത്തിനായി വസ്തുതാ പരിശോധനയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.ന്യൂസ് അവറിന്‍റെ സ്ക്രീനില്‍ നല്‍കിയ വിഷയം ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ യൂട്യൂബ് ചാനലില്‍ തെരഞ്ഞതോടെ ന്യൂസ് അവറിന്‍റെ പൂര്‍ണവീഡിയോ ലഭിച്ചു. 2023 ഫെബ്രുവരി 16നാണ് ഈ വീഡിയോ അപ്-ലോഡ് ചെയ്തിരിക്കുന്നത്.
ഇതില്‍ പാനലിസ്റ്റുകളായി പങ്കെടുത്തത് ജോസഫ് സി മാത്യു, അഡ്വ. ജയശങ്കര്‍, റോയ് മാത്യു എന്നിവരാണെന്ന് കാണാം. ഇതില്‍ ജോസഫ് സി മാത്യുവിന്‍റെ വീഡിയോയ്ക്കുമേലെ കൃത്യമായി ക്രോപ് ചെയ്ത് ശ്രീകണ്ഠന്‍ നായരുടെ വീഡിയോ ചേര്‍ത്തതാണെന്ന് മനസ്സിലാക്കാം.
തുടര്‍ന്ന് ശ്രീകണ്ഠന്‍ നായരുടെ വീഡിയോയുടെ യഥാര്‍ത്ഥ സ്രോതസ്സ് പരിശോധിച്ചു. ഇതിനായി റോയ് മാത്യു, വിനു വി ജോണ്‍, ശ്രീകണ്ഠന്‍ നായര്‍ എന്നീ കീവേഡുകള്‍ ഉപയോഗിച്ച് 24 ന്യൂസിന്‍റെ യൂട്യൂബ് ചാനലില്‍ തിരഞ്ഞു. 2021 ഒക്ടോബര്‍ 2ന് അപ്-ലോഡ് ചെയ്ത വീഡിയോ ലഭിച്ചു.
ഈ വീഡിയോയില്‍ ശ്രീകണ്ഠന്‍ നായര്‍ വിനു വി ജോണിനും റോയ് മാത്യുവിനുമെതിരെ സംസാരിക്കുന്നത് മറ്റൊരു വിഷയത്തിലാണ്. 24 ന്യൂസിലെ റിപ്പോര്‍ട്ടറായിരുന്ന സഹിന്‍ ആന്‍റണിയെയും ഭാര്യയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ന്യൂസ് അവറില്‍ പരാമര്‍ശമുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്.
ഈ വീഡിയോയുടെ വിവിധ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ഫെബ്രുവരി 16 ലെ ന്യൂസ് അവര്‍ വീഡിയോയില്‍ ചേര്‍ത്താണ് പ്രചരണമെന്ന് വ്യക്തമായി.
Conclusion:
ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് ശ്രീകണ്ഠന്‍ നായര്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്നും ശ്രീകണ്ഠന്‍ നായര്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2021 ല്‍ 24 ന്യൂസ് മോണിങ് ഷോയില്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തിയ പരാമര്‍ശങ്ങളാണ് 2023 ഫെബ്രുവരിയിലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ പരിപാടിയുടെ വീഡിയോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്.