ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞയാളെ സൈന്യം വെടിവെച്ചിട്ടുവെന്ന് അവകാശപ്പെട്ട് സൈന്യത്തെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. നരേന്ദ്രമോദിയുടെ പുതിയ ഭാരതത്തിലെ സൈന്യത്തിന്‍റെ ശക്തിയെ പ്രകീര്‍ത്തിക്കുന്ന തരത്തിലാണ് ഫെയ്സ്ബുക്കില്‍ വീഡിയോ പ്രചരിക്കുന്നത്.
വീഡിയോ ജമ്മുകശ്മീരില്‍നിന്നുള്ളതാണെന്നും ഒരു 'ജിഹാദി' സൈന്യത്തിന് നേരെ കല്ലെറിഞ്ഞപ്പോള്‍ സൈന്യം അയാളെ വെടിവെച്ചിട്ടുവെന്നും സൈന്യത്തിന്‍റെ ഉന്നം പിഴക്കാറില്ലെന്നും അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. (Archived Link)
Fact-check:
പത്ത് സെക്കന്‍റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാനഭാഗത്ത് പശ്ചാത്തല സംഗീതം ഉപയോഗിച്ച് ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കാണിക്കുന്ന തരത്തില്‍ ആകെ 15 സെക്കന്‍റ് വീഡിയോ ആണ് പ്രചരിക്കുന്നത്. ഫ്രെയിമിന് പുറത്തുള്ള ഭാഗത്തേക്ക് എന്തോ ഒരു വസ്തു എറിഞ്ഞ് പുറകോട്ട് മാറുന്ന ഒരാള്‍ ഒരു പൊട്ടിത്തെറിയില്‍ നിലത്തുവീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാവുന്നത്.
വീഡിയോയുടെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി.
Teletica.com എന്ന വാര്‍ത്താ വെബ്സൈറ്റില്‍ ഓഗസ്റ്റ് 8-ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്:
"ബൊളീവിയയില്‍ കൊക്കെയ്ന്‍ വളര്‍ത്തുന്നവരും പൊലീസുമായുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ പൊലീസിന് നേരെ പ്രയോഗിക്കാനിരുന്ന ഡൈനമൈറ്റിന് പകരം സിഗരറ്റ് പാക്കറ്റ് മാറി കൈയ്യിലെടുക്കുകയും ഡൈനമൈറ്റ് കൈയ്യിലിരുന്ന പൊട്ടിത്തെറിക്കുകയും ചെയ്തു. തെരുവില്‍ നടന്ന സംഘര്‍ഷങ്ങളില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊക്കെയ്ന്‍ വ്യാപാരത്തിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്."
യാഹൂ സ്പോര്‍ട്സ് വെബ്സൈറ്റിലും ഇതേ വാര്‍ത്ത ഓഗസ്റ്റ് 10-ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്ക് നേരെ എറിയാനിരുന്ന ഡൈനമൈറ്റ് കൈയ്യിലിരുന്ന് പൊട്ടിത്തെറിച്ചതോടെ സംഘര്‍ഷം ദുരന്തത്തില്‍ കലാശിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
കൂടുതല്‍ അന്വേഷണത്തില്‍ ഇതേ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദമായ റിപ്പോര്‍ട്ടുകളും കാണാനായി. ISTOE എന്ന വെബ്സൈറ്റില്‍ ഓഗസ്റ്റ് 9-ന് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വിശദമായ റിപ്പോര്‍ട്ട് ഇപ്രകാരമാണ്:
"പൊലീസിന് നേരെ ഗ്രനേഡ് എറിയുന്നതിനിടെ പ്ലാസിഡോ കോട്ട എന്ന മയക്കുമരുന്ന് വില്‍പ്പനക്കാരന്‍റെ മുന്‍കൈ നഷ്ടപ്പെട്ടു. ബൊളീവിയയില്‍ ഓഗസ്റ്റ് 8-നാണ് സംഭവം. ഇയാളുടെ കൊക്കെയ്ന്‍ പ്ലാന്‍റേഷന്‍ പൊലീസ് കണ്ടെത്താതിരിക്കാന്‍ സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ ഗ്രനേഡ് എറിയുകയും എന്നാല്‍ സ്ഫോടകവസ്തു കൈയ്യില്‍പ്പെട്ടതിനാല്‍ അത് പൊട്ടിത്തെറിക്കുകയും ചെയ്തു."
കൊക്കെയ്ന്‍ ഉല്പാദകരും പൊലീസും തമ്മില്‍ നിയമവിരുദ്ധ കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ബൊളീവിയയില്‍ നടന്നുവരുന്നതായി അനുബന്ധ അന്വേഷണങ്ങളില്‍ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കാം.
ഇന്ത്യന്‍ സൈനികരെ പ്രകരീര്‍ത്തിച്ചുകൊണ്ടും ജമ്മുകശ്മീരില്‍ 'ജിഹാദികള്‍' സൈന്യത്തിന് നേരെ കല്ലെറിയുന്നു എന്ന തരത്തിലും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ളതല്ല. ബൊളീവിയയില്‍ ഏതാനും ആഴ്ചകളായി കൊക്കെയ്ന്‍ ഉല്‍പാദകരും അധികൃതരും തമ്മില്‍ വില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി ഓഗസ്റ്റ് 8-ന് നടന്ന സംഘര്‍ഷത്തിലെ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്. ഈ ദൃശ്യങ്ങള്‍ക്ക് ഇന്ത്യയുമായോ ഇന്ത്യന്‍ സൈനികരുമായ യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ പ്രചരണം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്.