പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളില്‍ മുസ്‍ലിം വിദ്യാര്‍ഥിനിയെ ഹിജാബ് ധരിച്ച് സ്കൂളില്‍ വരാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ വിവാദം രൂക്ഷമായിരുന്നു. വിദ്യാര്‍ത്ഥിയെ പിന്തുണച്ച് സംസ്ഥാനസര്‍ക്കാറും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. അതേസമയം സ്കൂളിനെ അനുകൂലിച്ച് നിലപാടെടുക്കുന്നവരുമുണ്ട്. സ്കൂളിന്റെ നിയമാവലി അംഗീകരിക്കാനാവുമെങ്കില്‍ മാത്രം സ്കൂളില്‍ പഠിച്ചാല്‍ മതിയല്ലോ എന്നും അല്ലെങ്കില്‍ മുസ്‍ലിം മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ പഠിക്കാമല്ലോ എന്നുമാണ് ചിലരുടെ വാദം. എന്നാല്‍ ഇതിനിടയില്‍ കുട്ടി നേരത്തെ പഠിച്ചിരുന്നത് തീവ്ര മുസ്‍ലിം രാഷ്ട്രീയ സംഘടനയായ SDPIയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലായിരുന്നുവെന്നും ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനത്തിലെത്തിയത് ഗൂഢ ഉദ്ദേശ്യത്തോടെയാണെന്നും അവകാശപ്പെടുന്ന ഒരു സന്ദേശവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കളത്തറയിലെ എസ്ഡിപിഐ സ്കൂളിലായിരുന്നു കുട്ടി നേരത്തെ പഠിച്ചതെന്നാണ് അവകാശവാദം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും SDPI-യുടെ സ്കൂളിലല്ല വിദ്യാര്‍ത്ഥി പഠിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐ സംസ്ഥാനത്ത് സ്കൂളുകള്‍ നടത്തുന്നതായി വിവരമില്ല. ഈ പശ്ചാത്തലത്തില്‍ പ്രചാരണം വ്യാജമാകാമെന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കളത്തറയില്‍ SDPI സ്കൂള്‍ നടത്തുന്നില്ലെന്നും കുട്ടി പഠിച്ചതായി പറയുന്ന കളത്തറയിലെ സ്കൂള്‍ ശ്രീ ധര്‍മ പരിപാലന യോഗം അഥവാ SDPY സ്ഥാപനമാണെന്നും വ്യക്തമായി. ഗൂഗ്ള്‍ മാപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സ്കൂളിന്റെ ചിത്രവും കാണാം.
കളത്തറയില്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയ സംഘടനയുടെ മറ്റൊരു സ്കൂളില്ലെന്നും വ്യക്തമായി. പള്ളുരുത്തി ശ്രീ ഭവനീശ്വരം ദേവസ്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിവൈ സ്കൂളിന്റെ വെബ്സൈറ്റില്‍ സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങളും കാണാം.
തുടര്‍ന്ന് എസ്ഡിപിഐ എന്ന സംഘടനയുമായി കുട്ടിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന ആരോപണങ്ങളും പരിശോധന വിധേയമാക്കി. കുട്ടിയുടെ പിതാവുമായി നടത്തിയ അഭിമുഖങ്ങളിലെല്ലാം പ്രസ്തുത ആരോപണം അടിസ്ഥാനരരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകനൊപ്പം കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിക്കവെ വ്യാജപ്രചാരണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും വ്യക്തമാക്കുന്നുണ്ട്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളില്‍ ഹിജാബുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കുട്ടി നേരത്തെ പഠിച്ചിരുന്നത് എസ്ഡിപിഐ സ്കൂളിലായിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. കളത്തറയിലേത് ശ്രീ ധര്‍മ പരിപാലന യോഗ അഥവാ എസ്ഡിപിവൈ നടത്തുന്ന സ്ഥാപനമാണെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കി.