ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ A.M.M.A. ഭാരവാഹികള്‍ രാജിവെച്ചതിന് പിന്നാലെ ചലച്ചിത്രരംഗത്തെ പലര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവെന്നിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ രാഷ്ട്രീയ പ്രതികരണങ്ങളും വന്നുതുടങ്ങി. സിനിമാനടനും ഇടതുപക്ഷ MLA യുമായ മുകേഷിനെതിരെയും ആരോപണങ്ങള്‍ വന്നതോടെ അദ്ദേഹം രാജിവെയ്ക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ സുരേഷ്ഗോപിയുടെ പ്രതികരണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് കൃത്യമായി നിലപാട് വ്യക്തമാക്കിയതാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തുവെന്ന വാര്‍ത്ത വ്യാജമാണെന്നും വീഡിയോയിലെ മറ്റൊരുഭാഗം മാത്രം എഡിറ്റ് ചെയ്താണ് പ്രചാരണമെന്നുമാണ് അവകാശവാദം. വീഡിയോയില്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതും കാണാം.
Fact-check:
ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുന്നതായി വീഡിയോയിലില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ പരിശോധിച്ചതോടെ ഇതിന്റെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തി. വീഡിയോയില്‍ മുകേഷിനെ പിന്തുണച്ച് സുരേഷ് ഗോപി സംസാരിക്കുന്നുണ്ട്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുന്നതായി കണ്ടെത്തി.
മാധ്യമപ്രവര്‍ത്തകരുടെ മൈക്ക് തട്ടിമാറ്റി ക്ഷുഭിതനായി കാറില്‍ കയറുന്ന അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നില്ലെന്നും കാണാം. ഇതോടെ പ്രചരിക്കുന്ന വീഡിയോയും രണ്ടാമത്തെ വീഡിയോയും വ്യത്യസ്ത സംഭവങ്ങളാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് രണ്ട് വീഡിയോകളും സൂക്ഷ്മമായി നിരീക്ഷിച്ചതോടെ രണ്ടിന്റെയും പശ്ചാത്തലം വ്യത്യസ്തമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. മാതൃഭൂമി ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്തയില്‍ രാവിലെ അദ്ദേഹം ഒല്ലൂരില്‍ പ്രതികരിച്ചിരുന്നു എന്ന പരാമര്‍ശം കണ്ടെത്തി. ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി മീഡിയവണ്‍ തൃശൂര്‍ റിപ്പോര്‍ട്ടര്‍ അഖിലുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം:
“സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തുവെന്നത് വാസ്തവമാണ്. അത് വ്യാജപ്രചാരണമാണെന്ന് വരുത്തിത്തീര്‍ക്കാനായി ചിലര്‍ നല്‍കുന്ന ദൃശ്യം മറ്റൊരു സമയത്തേതാണ്. 2024 ആഗസ്റ്റ് 27ന് രണ്ട് തവണ തൃശൂരില്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. ആദ്യത്തേത് രാവിലെ പത്തരയോടെ ഒല്ലൂരിലായിരുന്നു. ക്രിസ്ത്യന്‍ ദേവാലയത്തില്‍ വിശുദ്ധ എവുപ്രാസ്യാമ്മയുടെ കബറിടം സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു പ്രതികരണം. ഈ ഘട്ടത്തില്‍ അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങള്‍ ഈ സംഭവം വിറ്റ് കാശാക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം മുകേഷിനെ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്തു. പിന്നീട് ബിജെപി നേതൃത്വം അദ്ദേഹത്തിന്റെ നിലപാട് തിരുത്തി. ഇതില്‍ പ്രതികരണം തേടാനാണ് രണ്ടാം തവണ ഉച്ചയ്ക്ക് ഒരുമണിയോടെ തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ അദ്ദേഹത്തെ കാണുന്നത്. ഈ സമയത്താണ് അദ്ദേഹം ക്ഷുഭിതനായി മാധ്യമപ്രവര്‍ത്തകരുടെ മൈക്ക് തട്ടിമാറ്റിയ ശേഷം പ്രതികരിക്കാതെ മടങ്ങിയത്. ”
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ വിവിധ ദൃശ്യമാധ്യമ യൂട്യൂബ് ചാനലുകളില്‍ ലഭ്യമാണ്. 24 ന്യൂസ്, മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങി മിക്ക മാധ്യമങ്ങളും ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കാണാം.
ഇതോടെ പ്രചരിപ്പിക്കുന്ന വീഡിയോ രാവിലെ ഒല്ലൂരില്‍ വെച്ച് നടന്ന പ്രതികരണത്തിന്റേതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തത് പിന്നീട് ഉച്ചയ്ക്ക് തൃശൂരിലെ പ്രതികരണത്തിനിടെയാണെന്നും വ്യക്തമായി. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Conclusion:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരണം തേടുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോ ഒല്ലൂരില്‍ 2024 ഓഗ്സ്റ്റ് 27ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റേതാണെന്നും അന്നേദിവസം ഉച്ചയ്ക്ക് തൃശൂരില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ് കൈയ്യേറ്റം ചെയ്തതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.