18-ാം ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ബിജെപിയ്ക്ക് ലഭിച്ച ഏക സീറ്റാണ് തൃശൂര്‍. 75,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത്. ഇതിന് പിന്നാലെ അദ്ദേഹം CPIM ന് നന്ദി പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. CPIM ജില്ലാകമ്മിറ്റിയോടും പാര്‍ട്ടി പ്രവര്‍ത്തരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡ് രൂപത്തിലാണ് പ്രചാരണം. (Archive)
കോണ്‍ഗ്രസ് ഗ്രൂപ്പുകളിലും മറ്റ് ഇടതുവിരുദ്ധ ഗ്രൂപ്പുകളിലും നിരവധി പേരാണ് ഈ വാര്‍ത്താ കാര്‍ഡ് പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന കാര്‍ഡിലെ തിയതിയ്ക്കും പ്രധാന ഉള്ളടക്കത്തിനും ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസ് പൊതുവില്‍ ഉപയോഗിക്കുന്ന ഫോണ്ടല്ലെന്നത് കാര്‍ഡ് വ്യാജമാകാമെന്നതിന്റെ ആദ്യ സൂചനയായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമ പേജുകളിലൊന്നും ഈ കാര്‍ഡ് പങ്കുവെച്ചതായി കണ്ടില്ല. പിന്നീട് കീവേഡുകള്‍ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഫെയ്സ്ബുക്ക് പേജില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഇതിന് സമാനമായ ഡിസൈനില്‍ മറ്റൊരു കാര്‍ഡ് 2023 സെപ്തംബര്‍ 21 ന് പങ്കുവെച്ചതായി കണ്ടെത്തി. (Archive)
സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ കാര്‍ഡാണിത്. ഇതിലെ ഉള്ളടക്കവും തിയതിയും മാത്രം മാറ്റി പുതിയ വാചകങ്ങള്‍ എഴുതിച്ചേര്‍ത്താണ് പ്രചാരണമെന്ന് ഇതോടെ വ്യക്തമായി.
പിന്നീട് വോട്ടെണ്ണല്‍ ദിവസം സുരേഷ് ഗോപി നടത്തിയ പ്രതികരണങ്ങളും പരിശോധിച്ചു. വിജയമുറപ്പിച്ച സമയത്ത് അദ്ദേഹം അരമണിക്കൂറോളം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന്റെ പൂര്‍ണരൂപം മീഡിയവണ്‍ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. വീഡിയോയുടെ എട്ടാം മിനുറ്റിലും പന്ത്രണ്ടാം മിനുറ്റിലും ഇടതു വോട്ടുകളെക്കുറിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നുണ്ട്.
ഇതിലെവിടെയും അദ്ദേഹം ഇടതുപക്ഷത്തിന് നന്ദി പറയുന്നില്ല. മറിച്ച്, ജനങ്ങളാണ് തന്നെ വിജയിപ്പിച്ചതെന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത്. LDF ന്റെ മാത്രമല്ല, UDF ന്റെ വോട്ടുകളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടുചെയ്തവരാരും ബിജെപിയ്ക്കുവേണ്ടിയല്ല വോട്ട് ചെയ്തതെന്ന് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സുരേഷ് ഗോപിയുടെ പ്രതികരണം സംബന്ധിച്ച് മറ്റ് മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. അദ്ദേഹം നന്ദിപറയുന്നത് ജനങ്ങളോടാണെന്നും ഏതെങ്കിലും പാര്‍ട്ടിയെ പരാമര്‍ശിച്ചിട്ടില്ലെന്നും വ്യക്തം.
അതേസമയം CPIM തൃശൂരില്‍ BJPയ്ക്ക് വോട്ട് മറിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയിരുന്നു. തൃശൂര്‍ പൂരത്തില്‍ പൊലീസിന്റെ അനാവശ്യ ഇടപെടലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും ഉള്‍പ്പെടെ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തി. ഇത് സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
തൃശൂരിലെ വിജയത്തിന് പിന്നാലെ BJP സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി CPIM ന് കടപ്പാട് അറിയിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്. സുരേഷ്ഗോപി ഇത്തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.