ബീഹാറിലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മദ്യലഹരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പ്രധാനമന്ത്രിയ്ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന അദ്ദേഹം ബീഹാറില്‍നിന്ന് മന്ത്രിസഭയില്‍ ഇടംലഭിച്ച നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പറയുന്നത്. തീരെ പതുക്കെ സംസാരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയ്ക്കൊപ്പം മദ്യലഹരിയിലാണ് പൊതുസ്ഥലത്ത് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചതെന്നാണ് വിവരണം.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ അദ്ദേഹത്തിന്റെ സംസാരം മാത്രമല്ല, കണ്ണിന്റെ ചലനമടക്കം എല്ലാ ചലനങ്ങള്‍ക്കും വേഗം കുറവാണെന്ന് വ്യക്തമായി. തുടര്‍ന്ന് അദ്ദേഹത്തിന് ചുറ്റും നില്‍ക്കുന്നവരെ നിരീക്ഷിച്ചതോടെ ഈ വേഗക്കുറവ് വീഡിയോയ്ക്ക് മൊത്തത്തിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് ഇതിന്റ യഥാര്‍ത്ഥ പതിപ്പ് ലഭിക്കുന്നതിനായി വീഡിയോയിലെ സംസാരവുമായി ബന്ധപ്പെട്ട കീവേഡുകള്‍ ഉപയോഗിച്ച് പരിശോധന നടത്തി. ഇതോടെ ANI 2024 ജൂലൈ 11ന് യൂട്യൂബില്‍ പങ്കിട്ട വീഡിയോ ലഭിച്ചു.
പ്രചരിക്കുന്ന വീഡിയോയുമായി താരതമ്യം ചെയ്തതോടെ രണ്ടിലും ഉള്ളടക്കം ഒന്നുതന്നെയാണെന്ന് വ്യക്തമായി. എന്നാല്‍ ANI പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം സാധാരണനിലയിലാണ് സംസാരിക്കുന്നതെന്ന് കാണാം. 30 സെക്കന്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. ഇതോടെ പ്ലേബാക്ക് സ്പീഡ് കുറച്ചാണ് പ്രചരിക്കുന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമായി. 0.75 വേഗത്തില്‍ യൂട്യൂബില്‍ തന്നെ പ്ലേ ചെയ്താല്‍ ANI വീഡിയോയും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് സമാനമായി തോന്നുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ വീഡിയോ തേജസ്വി യാദവ് തന്റെ എക്സ് അക്കൗണ്ടിലും പങ്കുവെച്ചിരുന്നതായി കണ്ടെത്തി. 2024 ജൂലൈ 10നാണ് അദ്ദഹം ഈ വിഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ബീഹാറില്‍നിന്നുള്ള നേതാക്കള്‍ക്ക് അര്‍ഹമായ മന്ത്രിസ്ഥാനം ലഭിച്ചില്ലെന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മോദി പ്രധാനമന്ത്രിയായത് ബീഹാറിലെ പാര്‍ട്ടിയുടെ വിജയത്തിലൂടെയാണെന്നും വേണ്ട പരിഗണന നല്‍കാതിരിക്കുന്നത് ശരിയല്ലെന്നുമാണ് തേജസ്വിയാദവിന്റെ വാദം. അദ്ദേഹത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളും കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോയുടെ പ്ലേബാക്ക് സ്പീഡ് മാറ്റിയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നും വ്യക്തമായി.
Conclusion:
ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മദ്യലഹരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണ്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ ഭാഗം വേഗം കുറച്ച് 43 സെക്കന്‍റ് ആക്കിമാറ്റുകയും സംസാരത്തിന്റെ വേഗം കുറയുന്നതോടെ മദ്യപിച്ച വ്യക്തി സംസാരിക്കുന്നതുപോലെ തെറ്റിദ്ധരിപ്പിക്കാനായി പ്രചരിപ്പിക്കുകയുമാണ് ചെയ്തതെന്ന് വസ്തുത പരിശോധനയില്‍ കണ്ടെത്തി.