Fact Check: ദേശീയപാതയിലെ സൈന്‍ബോര്‍ഡില്‍ ഇടിച്ചുകയറിയ ഥാര്‍? വീഡിയോയുടെ സത്യമറിയാം

ഏറെ ഉയരത്തിലുള്ള ദേശീയപാത സൈന്‍ബോര്‍ഡിലേക്ക് പറന്നുകയറിയ നിലയില്‍ അപകടത്തില്‍പെട്ട ഒരു ഥാര്‍ വാഹനത്തിന്റേതെന്ന നിലയിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 22 Feb 2026 8:10 PM IST

Fact Check: ദേശീയപാതയിലെ സൈന്‍ബോര്‍ഡില്‍ ഇടിച്ചുകയറിയ ഥാര്‍? വീഡിയോയുടെ സത്യമറിയാം
Claim:ദേശീയപാതയില്‍ ജയ്പൂരിനടുത്ത് അപകടത്തില്‍പ്പെട്ട് ഉയരത്തില്‍ സ്ഥാപിച്ച സൈന്‍ബോര്‍ഡിലേക്ക് ഇടിച്ചുകയറിയ ഥാര്‍ വാഹനം.
Fact:പ്രചാരണം വസ്തുതാവിരുദ്ധം. ഇത്തരമൊരു അപകടമുണ്ടായിട്ടില്ലെന്നും വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ദേശീയപാതയില്‍ അവിശ്വസനീയമാംവിധം അപകടത്തില്‍പെട്ട ഒരു ഥാര്‍ വാഹനത്തിന്റേതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ജയ്പൂരിനടുത്ത് ദേശീയപാത 48-ല്‍ ഉയരത്തില്‍ സ്ഥാപിച്ച ദിശാസൂചിക ബോര്‍ഡില്‍ ഇടിച്ചുകയറിയ നിലയിലാണ് വാഹനം. ഇതിന്റെ വീഡിയോ ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു വാഹനത്തില്‍നിന്ന് പകര്‍ത്തിയ നിലയിലുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


Fact-check:


പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ലെന്നും എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഇത്തരമൊരു അപകടം നടന്നാല്‍ അത് വലിയ വാര്‍ത്തയാകുമെന്നരിക്ക നടത്തിയ പരിശോധനകളിലൊന്നും ഇത്തരമൊരു അപകടം സംബന്ധിച്ച് വിശ്വസനീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായില്ല. അപകടത്തിലെ വാഹനത്തിന്റെ നമ്പര്‍ കേരള രജിസ്ട്രേഷന്‍ സൂചിപ്പിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ മാധ്യമങ്ങളിലും ഇത്തരമൊരു അപകടവാര്‍ത്ത കണ്ടെത്താനായില്ല.

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ ചില അപാകതകള്‍ കണ്ടെത്തി. ദിശാസൂചിക ബോര്‍ഡിലെ എഴുത്തിലാണ് പ്രധാനമായും അപാകതകള്‍ കണ്ടത്. ബോര്‍ഡില്‍ ദേശീയപാത 48 എന്ന അടയാളത്തിന് വലതുവശത്തായി നല്‍കിയിരിക്കുന്ന എഴുത്ത് അവ്യക്തവും അര്‍ഥശൂന്യവുമാണ്. ഇത് പൊതുവെ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളില്‍ വരുന്ന പ്രശ്നമാണ്. രണ്ടാമതായി വാഹനത്തിന്റെ നമ്പരാണ് ശ്രദ്ധിച്ചത്. അടുത്തെത്തുന്ന സമയത്ത് മാത്രമാണ് ഈ നമ്പര്‍ വ്യക്തമാകുന്നത്. അതുവരെ അവ്യക്തമായ അക്ഷരങ്ങളില്‍ എഐ നിര്‍മിത ഉള്ളടക്കത്തോട് സാമ്യത പുലര്‍ത്തുന്ന തരത്തിലാണ് വാഹനത്തിന്റെ നമ്പര്‍ കാണുന്നത്. ഥാര്‍ വാഹനവും ദിശാസൂചിക ബോര്‍ഡും തമ്മില്‍ വലിപ്പത്തിന്റെ അനുപാതവും കൃത്യമല്ലെന്ന് വീഡിയോ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചു. KL05BA7213 എന്ന വീഡിയോയില്‍ കാണുന്ന നമ്പര്‍ ഒരു ഥാര്‍ വാഹനത്തിന്റേതല്ലെന്ന് പരിശോധനയില്‍ സൂചന ലഭിച്ചു.



തുടര്‍ന്ന് വീഡിയോ എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്ന ഹൈവ് മോഡറേഷന്‍, സൈറ്റ് എന്‍ജിന്‍ എന്നീ സൈറ്റുകളില്‍ പരിശോധിച്ചു. സൈറ്റ് എന്‍ജിന്‍ ഉപയോഗിച്ച് നടത്തിയ പരിശോധയില്‍ വീഡിയോയുടെ ഭൂരിഭാഗവും എഐ ഉപയോഗിച്ചതായി കണ്ടെത്തി. സോറ എന്ന എഐ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കിയതാകാമെന്ന സൂചനയാണ് ലഭിച്ചത്.



തുടര്‍ന്ന് ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും ഉള്ളടക്കത്തിന്റെ പ്രധാനഭാഗങ്ങളില്‍ എഐ ഉപയോഗിച്ചിട്ടുണ്ടെന്ന സൂചന ലഭിച്ചു.




ഇതോടെ വീഡിയോ എഐ ടൂളുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാകാമെന്ന് വ്യക്തമായി.


Conclusion:

ഥാര്‍ വാഹനം ദേശീപാതയില്‍ അപകടത്തില്‍പെട്ട് സൈന്‍ബോര്‍‍ഡിലേക്ക് ഇടിച്ചുകയറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം വസ്തുതാവിരുദ്ധം. ഇത്തരമൊരു അപകടമുണ്ടായിട്ടില്ലെന്നും വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
Next Story