പൊതുപരീക്ഷയില്‍ റാങ്ക് നേടിയ കര്‍ണാടകയിലെ മുസ്ലിം പെണ്‍കുട്ടി ആര്?
കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ വിജയത്തിന് പിന്നാലെ പ്രചരിക്കുന്ന വീഡിയോയില്‍ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടി റാങ്ക് നേടിയെന്നും ഇതാണ് കര്‍ണാടകയുടെ വിജയത്തുടക്കമെന്നുമാണ് അവകാശവാദം.
By - HABEEB RAHMAN YP | Published on 18 May 2023 8:28 PM ISTകര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് 2022ല്‍ വലിയതോതില്‍ വാര്‍ത്തയായിരുന്നു. പൊതു പരീക്ഷകള്‍ക്കുപോലും ഹിജാബ് ധരിച്ച് പരീക്ഷാഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതിനെതിരെ അന്ന് വലിയ പ്രതിഷധങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കര്‍ണാടക പ്രീ യൂനിവേഴ്സിറ്റി പരീക്ഷയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ വീണ്ടും പ്രചരിച്ചുതുടങ്ങി. ഇപ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയതിനു പിന്നാലെ കര്‍ണാടകയുടെ വിജയത്തുടക്കം ഹിജാബ് നേടിയ പെണ്‍കുട്ടി പരീക്ഷയില്‍ റാങ്ക് നേടിയതുമുതല്‍ തുടങ്ങിയിട്ടുണ്ടെന്ന അവകാശവാദത്തോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
ഞങ്ങള്‍ ലീഗുകാര്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയും പിയുസി പരീക്ഷയില്‍ റാങ്ക് നേടിയ കുട്ടിയുമായി കന്നട ചാനല്‍ നടത്തിയ അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും ചേര്‍ത്ത് നല്‍കിയതായി കാണാം.
പിയുസി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തബസും ശൈഖ് എന്ന അടിക്കുറിപ്പോടെ Ali Mekalady എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്നും പ്രതിഷേധ വീഡിയോ പങ്കുവെച്ചതായി കാണാം.
Fact-check:
പ്രചരിക്കുന്ന പ്രതിഷേധ വീഡിയോയില്‍ മാസ്ക് ധരിച്ച പെണ്‍കുട്ടിയെയാണ് കാണാനാവുന്നത്. ഹിജാബ് വിലക്കിനെതിരായ പ്രതിഷേധങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നതിനാല്‍ പ്രതിഷേധ വീഡിയോയിലെ പെണ്‍കുട്ടിയുടെ പേര് സ്ഥിരീകരിക്കാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി കീവേഡ് പരിശോധനയിലൂടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിച്ചു.
2022 ഫെബ്രുവരി 10 ന് ടൈംസ് ഓഫ് ഇന്ത്യ വെബ്സൈറ്റില്‍ നല്കിയ വാര്‍ത്തയില്‍ വൈറല്‍ വീഡിയോയിലെ പെണ്‍കുട്ടിയ്ക്ക് വിവിധ സംഘടനകള്‍ പാരിതോഷികം പ്രഖ്യാപിച് വാര്‍ത്ത കാണാം. വാര്‍ത്തയിലും ചിത്രത്തിന്‍റെ അടിക്കുറിപ്പിലും പെണ്‍കുട്ടിയുടെ പേര് മുസ്കാന്‍ ഖാന്‍ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ദി വയര്‍ നല്‍കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ തലക്കെട്ടില്‍ തന്നെ പെണ്‍കുട്ടിയുടെ പേര് മുസ്കാന്‍ ഖാന്‍ എന്ന് നല്‍കിയതായി കാണാം.
ഇതോടെ കര്‍ണാടകയില്‍ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിക്കുന്ന പെണ്‍കുട്ടിയുടെ പേര് മുസ്കാന്‍ ഖാന്‍ ആണെന്ന് വ്യക്തമായി.
തുടര്‍ന്ന് കര്‍ണാടക പ്രീ യുനിവേഴ്സിറ്റി പരീക്ഷയില്‍ റാങ്ക് നേടിയത് മുസ്കാന്‍ ഖാന്‍ ആണോ എന്ന് പരിശോധിച്ചു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഉന്നതവിജയം നേടിയ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയ വാര്‍ത്തയില്‍ ആര്‍ട്സ് വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടിയ വിദ്യാര്‍ഥിനിയുടെ പേര് തബസൂം ശൈഖ് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിദ്യാര്‍ഥിയുമായി നടത്തിയ അഭിമുഖം ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെ പേര് തബസും ശൈഖ് എന്നാണെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്.
Times Now വെബ്സൈറ്റിലും ചിത്രസഹിതം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതോടെ കര്‍ണാടക പിയുസി പരീക്ഷയില്‍ ആര്‍ട്സ് വിഭാഗത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ഥിനിയുടെ പേര് തബസും ശൈഖ് ആണെന്നും ഇത് ഹിജാബ് വിലക്കില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയല്ലെന്നും വ്യക്തമായി.
Conclusion:
കര്‍ണാടകയില്‍ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ പെണ്‍കുട്ടിയ്ക്ക് പൊതുപരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചെന്ന പ്രചരണം വ്യാജമാണെന്ന് ന്യൂസമീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഹിജാബ് വിലക്കിനെതിരായ പ്രതിഷേധ ദൃശ്യങ്ങളിലുള്ളത് മുസ്കാന്‍ ഖാന്‍ ആണ്. എന്നാല്‍ പിയുസി പരീക്ഷയില്‍ റാങ്ക് നേടിയത് തബ്സൂം ശൈഖ് ആണ്.