പശു ഓക്സിജന്‍ നല്‍കുന്നുവെന്ന് പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജിയാണോ രാഹുല്‍ ഗാന്ധിയ്ക്ക് തടവുശിക്ഷ വിധിച്ചത്?
കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധിയ്ക്കെതിരെ വിധി പുറപ്പെടുവിച്ചത് മുന്‍പ് പശു ഓക്സിജന്‍ നല്‍കുന്നുവെന്ന വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയാണെന്നും അതുകൊണ്ട് വിധിയില്‍ അത്ഭുതപ്പെടാനില്ലെന്നുമാണ് പ്രചരിക്കുന്ന അവകാശവാദം.
By - HABEEB RAHMAN YP | Published on 28 March 2023 1:36 AM ISTകോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതോടെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. വിധിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവം. എന്നാല്‍ രാഹുല്‍ഗാന്ധിയ്ക്കെതിരെ വിധി പുറപ്പെടുവിച്ചത് മുന്‍പ് വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയാണെന്നാണ് പ്രചരിക്കുന്ന ഒരു അവകാശവാദം. ‘ഓക്സിജന്‍ ശ്വസിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ഏക ജീവിയാണ് പശു’ എന്ന പരാമര്‍ശം നടത്തിയ ജഡ്ജിയെ സൂചിപ്പിച്ചാണ് പ്രചരണം.
Aliaskar KT Hridyam എന്ന അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന കുറിപ്പ് നാനൂറോളം പേരാണ് പങ്കുവെച്ചിരിക്കുന്നത്.
ഇതേ അടിക്കുറിപ്പോടെ Naveen Sandhya എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച കുറിപ്പിലും ഈ അവകാശവാദം ഉന്നയിച്ചതായി കാണാം. ഫെയ്സ്ബുക്കിലും വാട്സാപ്പിലും നിരവധിപേര്‍ ഇത് പങ്കുവെയ്ക്കുന്നതായി കണ്ടെത്തി.
Fact-check:
പശു ഓക്സിജന്‍ നല്‍കുന്നുവെന്ന വിവാദ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജിയുടെ വാര്‍ത്ത 2021-ലാണ് പുറത്തുവന്നത്. മലയാള മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതും സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ പങ്കുവെയ്ക്കപ്പെട്ടതും ഓര്‍ക്കുന്നു. വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ കീവേഡുകള്‍ ഉപയോഗിച്ച് ഈ മാധ്യമവാര്‍ത്തകള്‍ ശേഖരിച്ചു.
2021 സെപ്തംബര്‍ 3-ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വിവാദ പരാമര്‍ശം നടത്തിയത് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആണെന്ന് കാണാം.
ജഡ്ജിയുടെ പേര് സ്ഥിരീകരിക്കാനായി മറ്റ് മാധ്യമറിപ്പോര്‍ട്ടുകളും പരിശോധിച്ചു. ഡൂള്‍ന്യൂസ് ഇതേദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും വിവാദ പരാമര്‍ശം നടത്തിയത് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആണെന്ന് കാണാം.
കൂടാതെ ഏഷ്യാനെറ്റ് ന്യൂസ്, കേരള കൗമുദി ഓണ്‍ലൈന്‍, സുപ്രഭാതം ഓണ്‍ലൈന്‍ തുടങ്ങി മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയതായി കാണാം. ഇതോടെ ഓക്സിജന്‍ ശ്വസിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ഏക മൃഗമാണ് പശു എന്ന വിവാദ പരാമര്‍ശം നടത്തിയത് 2021 സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആണെന്ന് സ്ഥിരീകരിച്ചു.
വസ്തുതാ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് തടവുശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു. ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
മലയാള മനോരമ ഓണ്‍ലൈനില്‍ മാര്‍ച്ച് 24ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് കാണാം. മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ജഡ്ജിയുടെ പേര് എച്ച്. എച്ച്. വര്‍മയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും വിധി പ്രസ്താവിച്ച ജഡ്ജിയുടെ പേര് എച്ച്. എച്ച്. വര്‍മയെന്ന് നല്‍കിയതായി കാണാം.
കൂടാതെ ഏഷ്യാനെറ്റ് ന്യൂസ്, മാധ്യമം തുടങ്ങിയവയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് തടവുശിക്ഷ വിധിച്ചത് ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണെന്നും ജഡ്ജിയുടെ പേര് എച്ച്. എച്ച്. വര്‍മയെന്നാണെന്നും സ്ഥിരീകരിക്കാം.
അലഹബാദ് ഹൈക്കോടതിയുടെയും സൂറത്ത് സിജെഎം കോടതിയുടെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ പരിശോധിച്ചതോടെ രണ്ട് ജഡ്ജിമാരുടെയും പേരുകള്‍ സ്ഥിരീകരിച്ചു.
ഇതോടെ പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.
Conclusion:
‘പശു ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്നു’ എന്ന വിവാദ പരാമര്‍ശം നടത്തിയ കോടതി ജഡ്ജിയാണ് രാഹുല്‍ഗാന്ധിയ്ക്ക് തടവുശിക്ഷ വിധിച്ചതെന്ന അവകാശവാദം തെറ്റാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. വിവാദ പരാമര്‍ശം നടത്തിയത് 2021 ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആണെന്നും എന്നാല്‍ രാഹുല്‍ഗാന്ധിയ്ക്കെതിരായ വിധി പ്രസ്താവിച്ചത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി എച്ച്. എച്ച്. വര്‍മയാണെന്നും വ്യക്തമായി.