കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികന്‍ മരണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളില്‍ ബോംബ് കണ്ടെടുത്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പുറത്തുവന്നതോടെ CPIM പ്രതിരോധനത്തിലായി. ഇതിന് പിന്നാലെയാണ് മരണപ്പെട്ട വയോധികന്റെ അയല്‍വാസിയായ സീന എന്ന യുവതി CPIM നെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പലയിടങ്ങളിലും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബോംബ് നിര്‍മാണം നടക്കുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ അവര്‍ക്ക് ഭീഷണിയുമുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് CPIM-നെതിരെ രംഗത്തെത്തിയ സീന എന്ന യുവതിയുടേതെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യുവമോർച്ച കണ്ണൂർ ജില്ല മുൻ സെക്രട്ടറിയായ ലസിത പാലക്കലിനൊപ്പം ദുര്‍ഗവാഹിനി പഥസഞ്ചലനത്തില്‍ പങ്കെടുക്കുന്ന സീനയുടേതെന്ന തരത്തിലാണ് പ്രചാരണം.
സംഘപരിവാര്‍ പ്രവര്‍ത്തകയുടെ വാദങ്ങള്‍ ഏറ്റെടുത്ത മാധ്യമങ്ങളെ പരിഹസിച്ചും നിരവധി പേര്‍ ഈ ചിത്രം പങ്കുവെച്ചതായി കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചിത്രം എഡിറ്റ് ചെയ്തതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തിലെ സീന എന്ന യുവതിയുടെ ചിത്രത്തിന്റെ ആംഗിള്‍, മുഖത്തെ സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്നുതന്നെ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പ് ലസിത പാലക്കല്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ 2019 മെയ് 17ന് പങ്കുവെച്ചതായി കണ്ടെത്തി.
ചങ്ങനാശേരിയില്‍ നടത്തിയ ദുര്‍ഗാവാഹിനി പഥസഞ്ചലനത്തിന്റെ ചിത്രങ്ങളെന്ന അടിക്കുറിപ്പോടെയാണ് പത്തോളം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിലെ ആദ്യ ചിത്രമാണ് എഡിറ്റ് ചെയ്ത് സീനയുടെ മുഖം ചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.
തുടര്‍ന്ന് കണ്ണൂരിലെ ബോംബ് സ്ഫോടനവുമായി CPIMനെതിരെ സീന നടത്തിയ പ്രതികരണങ്ങളുടെ മാധ്യമറിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും പരിശോധിച്ചു. മാധ്യമങ്ങള്‍ക്കുമുന്‍പില്‍ അവര്‍ രൂക്ഷമായി പാര്‍ട്ടിയ്ക്കെതിരെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മിക്ക ചാനലുകളും യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ ദൃശ്യങ്ങളിലെ അതേ ആംഗിളും ലൈറ്റുമാണ് എഡിറ്റ് ചെയ്ത് ചേര്‍ത്ത ചിത്രത്തിലുമുള്ളതെന്ന് വ്യക്തം.
ഇതോടെ പ്രചാരണം വസ്തുതവിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
കണ്ണൂരിലെ ബോംബ് സ്ഫോടനങ്ങളില്‍ CPIM നെതിരെ രംഗത്തുവന്ന സീന എന്ന യുവതി ദുര്‍ഗാവാഹിനി പഥസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്. 2019ല്‍ ലസിത പാലക്കല്‍ പങ്കുവെച്ച ചിത്രത്തില്‍ സീന മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍നിന്നെടുത്ത അവരുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.