എലിസബത്ത് രാജ്ഞിയുടേതെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത് പഴയ ചലചിത്ര ദൃശ്യങ്ങള്‍

1900 കാലഘട്ടത്തില്‍ ഫ്രഞ്ച് സംവിധായിക ഗബ്രിയേല്‍ വെയ്ര്‍ നിര്‍മിച്ച ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിലെ ദൃശ്യങ്ങളാണ് അന്തരിച്ച എലിസബത്ത് രാജ്ഞിയുടേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. രണ്ട് സ്ത്രീകള്‍ കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന ഈ ദൃശ്യങ്ങള്‍ വിയറ്റ്നാമിലെ ഫ്രഞ്ച് കോളനിയില്‍നിന്ന് ചിത്രീകരിച്ചതാണെന്ന് ന്യൂസ്മീറ്റര്‍ വസ്തുതാപരിശോധനയില്‍ കണ്ടെത്തി.

By HABEEB RAHMAN YP  Published on  12 Sep 2022 4:05 AM GMT
എലിസബത്ത് രാജ്ഞിയുടേതെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത് പഴയ ചലചിത്ര ദൃശ്യങ്ങള്‍

2022 സെപ്തംബര്‍ എട്ടിന് അന്തരിച്ച എലിസബത്ത് രാജ്ഞിയുടേതെന്ന പേരില്‍ നിരവധി വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ഇരുണ്ട കാലത്തെ അനുസ്മരിപ്പിക്കുന്നതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഇത്തരമൊരു വീഡിയോ ഇപ്പോള്‍ വ്യത്യസ്ത ഭാഷകളില്‍ അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ വൈറലാണ്.

"മരിച്ചെന്ന് കരുതി അവരുടെ ഇരുണ്ട കാലം മറക്കാനാവില്ല മനുഷ്യർക്ക്,

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ" എന്ന അടിക്കുറിപ്പോടെ Sini Joy എന്ന പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച ഒരു വീഡിയോ ഇതിനകം ആയിരത്തിലധികം പേരാണ് പങ്കുവെച്ചത്.


വീഡിയോയില്‍ രണ്ട് സ്ത്രീകള്‍ ഏതാനും കുട്ടികള്‍ക്ക് എന്തോ ചെറിയവസ്തുക്കള്‍ എറിഞ്ഞുകൊടുക്കുന്നതും കുട്ടികള്‍ അത് പെറുക്കിയെടുക്കുന്നതും കാണാം. വീഡിയോയില്‍ എലിസബത്ത് രാജ്ഞി പാവപ്പെട്ട കുട്ടികള്‍‌ക്ക് നാണയം എറിഞ്ഞു കൊടുക്കുകയാണെന്നാണ് പ്രചരിക്കുന്ന പല പോസ്റ്റുകളിലെയും അവകാശവാദം. മലയാളത്തില്‍ പങ്കുവെച്ച പോസ്റ്റിലെ അടിക്കുറിപ്പും സൂചന നല്‍കുന്നത് എലിസബത്ത് രാജ്ഞിയുടെ ക്രൂരതയെയും അധികാരഗര്‍വിനെയും കുറിച്ചാണ്.

Fact Check:

നിശ്ചലാവസ്ഥയില്‍ കൃത്യമായി ഫ്രെയിം ചെയ്തുവെച്ച ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രഥമദൃഷ്ട്യാ സംശയമുളവാക്കി. തുടര്‍ന്ന് പങ്കുവെച്ച വീഡിയോ കീഫ്രെയിം ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ദൃശ്യം ഒരു ചലചിത്രവുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കുന്ന ഫലങ്ങള്‍ ലഭിച്ചു.


ചലചിത്രത്തിന്‍റെ പേര് പ്രതിപാദിക്കുന്നില്ലെങ്കിലും ഗബ്രിയേല്‍ വെയ്ര്‍ എന്ന സംവിധായികയെയും 1901 എന്ന വര്‍ഷത്തെയും കുറിച്ച് സൂചകള്‍ ഇതില്‍നിന്ന് ലഭിച്ചു. ചലചിത്രത്തെക്കുറിച്ച് നല്‍കിയ ഡിസ്ക്രിപ്ഷനില്‍ വെള്ളക്കാരായ രണ്ട് സ്ത്രീകള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു നല്‍കുന്ന ഈ ദൃശ്യങ്ങള്‍ വിയറ്റ്നാമിലേതാണെന്നും വ്യക്തമാക്കുന്നു.

ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് സെര്‍ച്ചില്‍ പ്രസ്തുത ചലചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. ലൂമിയര്‍ കാറ്റലോഗ് എന്ന ചലചിത്ര ആര്‍ക്കൈവ് വെബ്സൈറ്റില്‍നിന്ന് ഈ ദൃശ്യത്തിന്‍റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രവും ലഭിച്ചു.


വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഗബ്രിയേല്‍ വെയ്ര്‍ സംവിധാനം ചെയ്ത ഈ ചിത്രം 1899 നും 1900ത്തിനും ഇടയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫ്രഞ്ച് ഇന്‍ഡോ ചൈന (ഇന്നത്തെ വിയറ്റ്നാം) യില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കാണാം. ദൃശ്യങ്ങളില്‍ കാണുന്ന വെള്ളക്കാരായ സ്ത്രീകള്‍ മാഡം പോള്‍ ഡോമറും അവരുടെ മകളുമാണെന്നും ചിത്രത്തെക്കുറിച്ച് നല്‍കിയ ഡിസ്ക്രിപ്ഷനില്‍‌ കാണാം. 1901 ജനുവരി 20ന് ഫ്രാന്‍സിലെ ലയണില്‍ Indo-Chine: Annamese children picking up cash in front of the ladies' pagoda എന്ന തലക്കെട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതായും വെബ്സൈറ്റില്‍ നല‍്കിയിരിക്കുന്നു.

പഗോഡ എന്നത് ബുദ്ധമത വിശ്വാസികളുടെ ആരാധനയ്ക്കുപയോഗിക്കുന്ന നിര്‍മിതികളാണെന്നും വിയറ്റ്നാം ഉള്‍പ്പെടെ രാജ്യങ്ങളില്‍ ഇത് ഉണ്ടെന്നും മനസ്സിലാക്കാനായി. ചിത്രത്തിലെ കെട്ടിടത്തിലെ എഴുത്ത് തര്‍ജമ ചെയ്ത് പരിശോധിച്ചപ്പോള്‍ കിട്ടിയ ഫലവും ഇതിനെ സാധൂകരിക്കുന്നതായിരുന്നു.




വെബ്സൈറ്റില്‍ നല്‍കിയ ടൈറ്റില്‍ ഉപയോഗിച്ച് യൂട്യൂബില്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ വ്യക്തതയുള്ള ബ്ലാക്ക് ആന്‍റ് വൈറ്റ് വീഡിയോ ലഭിച്ചു.


സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഇതുതന്നെയാണെങ്കിലും അത് ബ്ലാക്ക് ആന്‍റ് വൈറ്റ് മോഡില്‍ ഉള്ളതല്ല. 1900 കളില്‍ കളര്‍ ദൃശ്യ ചിത്രീകരണത്തിന്‍റെ പരിമിതി ഉണ്ടായിരുന്നതിനാല്‍ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി കളര്‍ ചെയ്തതാകാം എന്ന അനുമാനത്തില്‍ അതുമായി ബന്ധപ്പെട്ടും ചില പരിശോധനകള്‍ നടത്തി.

ഓള്‍ഡന്‍ ഡെയ്സ് എന്ന യൂട്യൂബ് ചാനലില്‍നിന്ന് ഈ ദൃശ്യം കൃത്രിമമായി കളര്‍ നല്‍കി പുറത്തിറക്കിയതിന്‍റെ വീഡിയോ ലഭിച്ചു.


ആധുനിക വീഡിയോ എഡിറ്റിങ് - കളറിങ് സോഫ്റ്റ്-വെയറുകള്‍ ഉപയോഗിച്ച് 1900 ലെ വീഡിയോ കൃത്രിമമായി കളര്‍ ചെയ്തെടുത്തത് ആണെന്നും വിയറ്റ്നാമില്‍ ചിത്രീകരിച്ച ഇതേ വീഡിയോയുടെ കളര്‍ ചെയ്ത ക്ലിപ്പില്‍നിന്ന് എടുത്ത ഏതാനും സെക്കന്‍ഡ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ഇതോടെ വ്യക്തമായി.

Conclusion:

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഇരുണ്ട ഭൂതകാലം എന്ന തലക്കെട്ടോടെ രണ്ട് സ്ത്രീകള്‍ കുട്ടികള്‍ക്ക് നാണയം എറിഞ്ഞുകൊടുക്കുന്നതായി പ്രചരിക്കുന്ന വീഡിയോ 1900 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ഒരു ചലചിത്രത്തിന്‍റെ ഭാഗമാണ്. ഗബ്രിയേല്‍ വെയ്ര്‍ എന്ന സംവിധായികയുടെ ഈ ചിത്രം ഫ്രഞ്ച് ഇന്‍ഡോ ചൈന (ഇന്നത്തെ വിയറ്റ്നാം) യില്‍ വെച്ച് ചിത്രീകരിച്ചതാണെന്നും 1926 ല്‍ എലിസബത്ത് രാജ്ഞി ജനിക്കുന്നതിനും ഏകദേശം 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ വീഡിയോ വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുകയാണെന്ന് ന്യൂസ്മീറ്റര്‍ വസ്തുതാ പരിശോധനയില്‍ വ്യക്തമായി.

Claim Review:The video shows the cruel past of Queen Elizabeth II, as she throws coins to the poor children
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:False
Next Story