‘മുസ്ലിം പള്ളിയിലെ വൈദ്യുതി വിഛേദിക്കാന്‍ ശ്രമിച്ച് ഷോക്കേറ്റ് മരിച്ച യുവാക്കള്‍’ - വീഡിയോയുടെ വസ്തുതയറിയാം
രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്ലിം പള്ളിയിലേക്കുള്ള വൈദ്യുതി വിഛേദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 7 April 2023 12:43 AM IST
ഉത്തരേന്ത്യയില്‍ വ്യാപകമായി ആഘോഷിക്കുന്ന രാമനവമിയുടെ ഭാഗമായ ഘോഷയാത്രയ്ക്കിടെ മുസ്ലിം പള്ളിയിലെ വൈദ്യുതി വിഛേദിക്കാന്‍ യുവാക്കള്‍ ശ്രമിച്ചുവെന്നും ഇതേത്തുടര്‍ന്ന് ആറുപേര്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടുവെന്നും അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വൈദ്യുതകമ്പിയില്‍ നേരിട്ട് സ്പര്‍ശിക്കുന്ന യുവാക്കള്‍ ഷോക്കേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ശേഷം ഇവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുകയും വെള്ളം തളിക്കുകയും ചെയ്യുന്ന ഒരു ദൃശ്യവും പ്രചരിക്കുന്നുണ്ട്.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ പോലും അടിക്കുറിപ്പായി ചേര്‍ത്താണ് വീഡിയോ പങ്കുവെയ്ക്കുന്നത്. രാമനവമി ദിനത്തില്‍ ചെയ്ത ദുഷ്ചെയ്തിക്ക് രാമന്‍ തന്നെ നല്‍കിയ ശിക്ഷ എന്നാണ് ചിലരുടെ കുറിപ്പ്. Abusaeed Cherukunnu എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചേര്‍ത്തതും കാണാം.
Fact-check:
ദൃശ്യങ്ങള്‍ക്ക് വ്യക്തത കുറവാണെങ്കിലും ഏതാനും യുവാക്കള്‍ വൈദ്യുതാഘാതമേറ്റ് താഴെ വീഴുന്നത് കാണാം. വേഷവും പശ്ചാത്തലവും രാമനവമി ആഘോഷത്തിന്‍റെ ദൃശ്യങ്ങളാണെന്ന സൂചനയും നല്‍കുന്നു. ദൃശ്യങ്ങളിലെ വാഹനത്തിന്‍റെ നമ്പര്‍പ്ലേറ്റില്‍നിന്ന് സംഭവം നടന്നത് രാജസ്ഥാനിലാണെന്ന സൂചന ലഭിച്ചു.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ ഏതാനും മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
രാജസ്ഥാനിലെ കോട്ട ജില്ലയില്‍ 2023 മാര്‍ച്ച് 31ന് രാമനവമി ആഘോഷങ്ങള്‍ക്കിടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു എന്നാണ് ANI റിപ്പോര്‍ട്ട് ചെയ്യുന്നത്.
Times Now പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഇതേ കാര്യം ആവര്‍ത്തിക്കുന്നു. രാമനവമി ഘോഷയാത്രയ്ക്കിടെ രാജസ്ഥാനിലെ കോട്ടയില്‍ വൈദ്യുത കമ്പി സ്പര്‍ശിച്ച മൂന്ന് യുവാക്കള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ലളിത്, അഭിഷേക്, മഹേന്ദ്ര എന്നിവരാണ് മരണപ്പെട്ടതെന്നും വാര്‍ത്തയിലുണ്ട്.
അപകടത്തിന്‍റെ പശ്ചാത്തലം മനസ്സിലാക്കാനായി കൂടുതല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു.
ആഘോഷങ്ങള്‍ക്കിടെ വൈദ്യുത കമ്പിയില്‍ കുടുങ്ങിയ സ്റ്റീല്‍ റിങ് തിരിച്ചെടുക്കാന്‍ ശ്രമിക്കവേയാണ് അപകടമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാക്കള്‍ ഇതിനായി പിരമിഡ് രൂപീകരിച്ച് നേരിട്ട് വൈദ്യുതകമ്പിയില്‍ സ്പര്‍ശിച്ചതോടെയാണ് അപകടമുണ്ടായതെന്ന് DySP ഗജേന്ദ്ര സിങിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന് ETV Bharat നല്‍കിയ വാര്‍ത്തയും പരിശോധിച്ചു. ഇതില്‍ കൂടുതല്‍ വിശദമായ വിവരങ്ങള്‍ കാണാം.
രാമനവമി ഘോഷയാത്രയുടെ ഭാഗമായി നടക്കുന്ന അഘാഡ എന്ന ആചാരത്തിനിടെയാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ കാണാം. കൂടുതല്‍ പരിശോധിച്ചപ്പോള്‍ രാമനവമിയുടെ ഭാഗമായി നടക്കുന്ന വിവിധ ആയുധ അഭ്യാസങ്ങള്‍ സമന്വയിപ്പിച്ച ഘോഷയാത്രയാണിതെന്ന് വ്യക്തമായി. ഇത്തരത്തില്‍ വിവധ വര്‍ഷങ്ങളിലെ ഘോഷയാത്രകളുടെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ കാണാം. പ്രസ്തുത പരിപാടിക്കിടെ വൈദ്യുത കമ്പിയില്‍ കുടുങ്ങിയ സ്റ്റീല്‍ ചക്രം തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വ്യക്തം.
ഇക്കാര്യം വിശദീകരിക്കുന്ന വിവിധ പ്രാദേശിക മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി.
ഇതോടെ അപകടത്തിന് മുസ്ലിം പള്ളിയിലെ വൈദ്യുതി വിഛേദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടമെന്ന അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി.
Conclusion:
രാമ നവമി ആഘോഷങ്ങള്‍ക്കിടെ മുസ്ലിം പള്ളിയിലെ വൈദ്യുതി വിഛേദിക്കാന്‍ ശ്രമിച്ച യുവാക്കള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു എന്ന സന്ദേശം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. അഘാഡ ഘോഷയാത്രയ്ക്കിടെ സ്റ്റീല്‍ ചക്രങ്ങള്‍ വൈദ്യുതകമ്പിയില്‍ കുടുങ്ങുകയും ഇത് തിരിച്ചെടുക്കാന്‍ ശ്രമിക്കവേ വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നുവെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമായി.