ടോള്‍പ്ലാസകളിലെ സൗജന്യസേവനങ്ങള്‍: പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവമെന്ത്?

ദേശീയപാതയില്‍ വാഹനത്തിന്റെ ഇന്ധനമോ ബാറ്ററിയോ തീര്‍ന്നാല്‍ സൗജന്യ ഇന്ധനവും ബാറ്ററിയുമായി ടോള്‍ പ്ലാസ അധികൃതര്‍ വാഹനത്തിനരികിലെത്തുമെന്നും ഇതടക്കം സേവനങ്ങള്‍ ലഭിക്കാന്‍ ടോള്‍ രസീതി സൂക്ഷിക്കണമെന്നുമാണ് പ്രചരിക്കുന്ന സന്ദേശം.

By -  HABEEB RAHMAN YP |  Published on  24 Dec 2023 6:28 PM GMT
ടോള്‍പ്ലാസകളിലെ സൗജന്യസേവനങ്ങള്‍: പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവമെന്ത്?

ദേശീയപാത ടോള്‍ പ്ലാസകളിലെ സൗജന്യ സേവനവുമായി ബന്ധപ്പെട്ട ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ടോള്‍ രസീതി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ടോള്‍ രസീതി ഉപയോഗിച്ച് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുമാണ് Patrick DIlip എന്ന അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റ്. വാഹനം ദേശീയപാതയില്‍ വെച്ച് തകരാറിലായാല്‍ ഇന്ധനം, ബാറ്ററി സേവനങ്ങള്‍ പത്തുമിനിറ്റിനകം ലഭിക്കുമെന്നും പരമാവധി പത്ത് ലിറ്റര്‍ വരെ ഇന്ധനം സൗജന്യമായി ലഭിക്കുമെന്നും പോസ്റ്റിലുണ്ട്. വാഹനത്തിന്റെ ടയര്‍ പഞ്ചറായാലും സഹായം ലഭിക്കുമെന്നാണ് അവകാശവാദം. ഒപ്പം ആംബുലന്‍സ്, ക്രെയിന്‍ സര്‍വീസുകളെക്കുറിച്ചും പറയുന്നു. ഏഴായിരത്തിലധികം പേരാണ് ഈ പോസ്റ്റ് നേരിട്ട് പങ്കുവെച്ചിരിക്കുന്നത്.Fact-check

പ്രചരിക്കുന്ന സന്ദേശത്തിന്റെ ഘടനയും ഇന്ധനവും ബാറ്ററിയും ഉള്‍പ്പെടെ സൗജന്യമായി ലഭിക്കുമെന്നുള്ള അവകാശവാദവുമാണ് പ്രചരിക്കുന്ന സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ പ്രേരിപ്പിച്ചത്. കൂടാതെ ടോള്‍ സംവിധാനം ഫാസ്ടാഗിലേക്ക് മാറിയ കാലത്തും രസീതി സൂക്ഷിക്കണമെന്നതിലെ യുക്തിയും സംശയം ജനിപ്പിച്ചു. സന്ദേശത്തില്‍ നല്കിയിരിക്കുന്ന പേരില്‍ ഒരു കണ്‍സ്യൂമര്‍ സേഫ്റ്റി കമ്മറ്റിയെക്കുറിച്ച് യാതൊരു വിവരവും ഇന്റര്‍നെറ്റില്‍നിന്ന് ലഭ്യമായില്ല. സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രൊഫ. രഞ്ജന പ്രവീണ്‍ ദേശ്മുഖ് എന്ന പേരും അന്വേഷിച്ചു. രാഷ്ട്രവാദി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ഒരു പ്രൊഫൈലാണ് ലഭ്യമായത്. ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാകാമെന്ന സൂചനലഭിച്ചു.

രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചാണ് ആദ്യം പരിശോധിച്ചത്. സ്വകാര്യ ഏജന്‍സികളാണ് ടോള്‍ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയപാത അതോറിറ്റിയുടെ കീഴില്‍ നടത്തിവരുന്നത്. രാജ്യത്തെ എല്ലാ ടോള്‍ ബൂത്തുകളുടെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.


കേരളത്തിലെ പ്രധാന ദേശീയപാത ടോള്‍ പ്ലാസയായ പാലിയേക്കര ടോള്‍ പ്ലാസയുടെ വിശദാംശങ്ങളും വെബ്സൈറ്റില്‍നിന്ന് ലഭ്യമായി. ഇതില്‍ അടിയന്തരസേവനങ്ങള്‍ എന്ന വിഭാഗത്തില്‍ ‍ആംബുലന്‍സ്, ക്രെയിന്‍, പട്രോളിങ് എന്നീ സേവനങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള നമ്പര്‍ നല്കിയതായി കണ്ടു. രാജ്യത്തെ എല്ലാ ടോള്‍പ്ലാസകള്‍ക്കും സമാനമായ രീതിയില്‍ അടിയന്തര സേവനത്തിന് ബന്ധപ്പെടാനുള്ള നമ്പര്‍ നല്കിയിട്ടുണ്ട്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ക്രെയിന്‍, ആംബുലന്‍സ്, പട്രോളിങ് എന്നീ അടിയന്തരസേവനങ്ങളാണ് ടോള്‍പ്ലാസകള്‍ വഴി ലഭ്യമാകുന്നതെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതിനെ സാധൂകരിക്കുന്ന ചില റിപ്പോര്‍ട്ടുകളും രേഖകളും ലഭിച്ചു. ദേശീയപാതാ അതോറിറ്റിയുടെ ടോള്‍ അഗ്രിമെന്റ് രേഖകളില്‍ ഇത് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 2022 ല്‍ രാജ്യത്തെ ദേശീയപാതകളെക്കുറിച്ചും ടോള്‍പ്ലാസകളെക്കുറിച്ചും പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലും ഇത് കാണാം. ഇതിലെവിടെയും സേവനങ്ങള്‍ക്കായി ടോള്‍ രസീതി ഹാജറാക്കണമെന്ന പരാമര്‍ശവുമില്ല.
ടോള്‍ പ്ലാസ സേവനങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി സ്വദേശി 2010 ല്‍ നല്കിയ വിവരാവകാശ അപേക്ഷയില്‍ ദേശീയ പാത അതോറിറ്റി നല്കിയ മറുപടി അടിസ്ഥാനമാക്കി ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും സമാനകാര്യങ്ങള്‍ പറയുന്നു.

തുടര്‍ന്ന് പാലിയേക്കര ടോള്‍ബൂത്തിന്റെ പ്രതിനിധി പി. ശങ്കരനുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന സന്ദേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

“ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം വിവിധ അടിയന്തര സേവനങ്ങള്‍ ടോള്‍ പ്ലാസകള്‍വഴി ലഭ്യമാക്കിയിട്ടുണ്ട്. ആംബുലന്‍സ് സേവനം, ക്രെയിന്‍, ഹൈവേ പട്രോളിങഅ എന്നിവയാണ് ഇവ. ഇതല്ലാതെ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്ന ഇന്ധനം, ബാറ്ററി, ടയര്‍പഞ്ചര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ടോള്‍പ്ലാസകള്‍ നല്കുന്നില്ല. അത് പ്രായോഗികവുമല്ല. വാഹനം അപകടത്തില്‍ പെടുകയോ തകരാറിലാകുകയോ ചെയ്താല്‍ അത് റോഡില്‍നിന്ന് മാറ്റി ട്രാഫിക് സുഗമമാക്കേണ്ട ഉത്തരവാദിത്തം ടോള്‍ പ്ലാസയ്ക്കുണ്ട്. അതിനായി 24 മണിക്കൂര്‍ ക്രെയിന്‍ സേവനം ലഭ്യമാണ്. ഇതിന് പ്രത്യേക ചാര്‍ജുകളില്ല. ടയര്‍ പഞ്ചറായാലും ഇന്ധനം തീര്‍ന്നാലും വാഹനം റോഡിന് വശത്തേക്ക് മാറ്റാന്‍ മാത്രമേ സഹായം ലഭിക്കൂ. മറിച്ചുള്ള പ്രചരണമെല്ലാം വ്യാജമാണ്. കൂടാതെ, മേല്‍പ്പറഞ്ഞ സേവനങ്ങള്‍ക്ക് ടോള്‍ അടച്ച രസീതി ആവശ്യമില്ല.”

ഇതോടെ പ്രചരിക്കുന്ന സന്ദേശം പൂര്‍ണമായും ശരിയല്ലെന്നും അതില്‍ പറഞ്ഞിരിക്കുന്ന സേവനങ്ങളില്‍ ചിലത് മാത്രമാണ് ടോള്‍ പ്ലാസകള്‍ വഴി ലഭ്യമാകുന്നതെന്നും വ്യക്തമായി.


Conclusion:

ടോള്‍ പ്ലാസകള്‍ നല്കുന്ന സേവനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആംബുലന്‍സ്, ക്രെയിന്‍, പട്രോളിങ് സേവനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. ഇന്ധനമോ ബാറ്ററിയോ പഞ്ചര്‍ സര്‍വീസോ ലഭിക്കില്ലെന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് ടോള്‍ രസീതി ആവശ്യമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Toll receipts help in availing various services including fuel, battery and puncture assistance by toll plazas
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story