തമിഴ്നാട്ടിലെ കരൂരില്‍ ചലച്ചിത്ര നടന്‍ വിജയ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരണപ്പെട്ടിരുന്നു. ദാരുണമായ അപകടത്തിന് പിന്നാലെ വിജയ്ക്കെതിരെ വിവിധ കോണുകളില്‍ പ്രതിഷേധമുയര്‍ന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി കൊടിമരം തകര്‍ക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൊടിമരവും വിജയ്‍യുടെ ചിത്രവുമടക്കം ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ പഴയതാണെന്നും വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ വീഡിയോയും ചിത്രങ്ങളും 2025 ജൂണില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തി. എക്സില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം ടിവികെയുടെ വളര്‍ച്ചയ്ക്കെതിരെ ഡിഎംകെ നടത്തുന്ന അക്രമമാണിതെന്ന തരത്തില്‍ വിവരണം നല്‍കിയതായി കാണാം. എന്നാല്‍ എവിടെ നടന്ന സംഭവമാണെന്നോ മറ്റ് വിശദാംശങ്ങളോ ഇല്ല. 2025 ജൂണ്‍ 26നാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
തുടര്‍ന്ന് കീവേഡുകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്നതിന് സമാനമായ വീഡിയോയും കണ്ടെത്തി. ഇത് എബിപി ലൈവ് തമിഴ് ചാനലിന്റെ യൂട്യൂബ് പേജില്‍ ഷോട്സ് ആയി പങ്കുവെച്ചിരിക്കുന്നത് 2025 ജൂണ്‍ 26 ന് തന്നെയാണ്. എന്നാല്‍ ടിവികെയുടെ കൊടിമരം ജെസിബി ഉപയോഗിച്ച് തകര്‍ത്തു എന്നുമാത്രമാണ് വിവരണത്തില്‍ നല്‍കിയിരിക്കുന്നത്.
ഇതോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് നിലവിലെ സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായി. വീഡിയോയുടെ യഥാര്‍ത്ഥ പശ്ചാത്തലം സ്ഥിരീകരിക്കാനായില്ലെങ്കിലും 2025 ജൂണ്‍മുതല്‍ സമൂഹമാധ്യമങ്ങളിലും മാധ്യമറിപ്പോര്‍ട്ടിലും ഉള്‍പ്പെട്ട വീഡിയോ ആയതിനാല്‍ കരൂര്‍ സംഭവവുമായി വീഡിയോയ്ക്ക് ബന്ധമില്ലെന്ന് ഉറപ്പിക്കാനായി.
Conclusion:
കരൂര്‍ അപകടത്തിന്റെ പശ്ചാത്തത്തില്‍ നടന്‍ വിജയ്‍യുടെ പാര്‍ട്ടി കൊടിമരം ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി. ഈ വീഡിയോ 2025 ജൂണ്‍ 26 ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ചതായും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതായും കണ്ടെത്തി.