ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവിലാക്കിയ ഇന്ത്യന്‍ പെണ്‍കുട്ടികളെ യുഎന്‍ സൈന്യം രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 38 ഇന്ത്യന്‍ പെണ്‍കുട്ടികളെ സൈന്യം രക്ഷപ്പെടുത്തിയെന്നാണ് അവകാശവാദം. കേരള സ്റ്റോറിയെന്ന ചലചിത്രം ഏറെ വിവാദമായതിന് പിന്നാലെ പ്രചരിക്കുന്ന വീഡിയോയില്‍ ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണെന്നതിന്റെ തെളിവാണ് വീഡിയോ എന്നും അവകാശപ്പെടുന്നു.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യന്‍ യുവതികളെ മോചിപ്പിക്കുന്ന ദൃശ്യങ്ങളെല്ല ഇതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ഒരുമിനുറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സൈന്യം രണ്ടു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുന്നത് മാത്രമാണ് കാണാനാവുന്നത്.
വീഡിയോയുടെ മുകളില്‍ നല്‍കിയിരിക്കുന്ന ലോഗോയില്‍ YPJ എന്ന് കാണാം. ഇത് ചേര്‍ത്ത് നടത്തിയ കീവേഡ് പരിശോധനയില്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ANF News എന്ന വെബ്സൈറ്റില്‍ 2022 സെപ്തംബര്‍ 6ന് നല്‍കിയ വാര്‍ത്തയില്‍ ഇതേ വീഡിയോ കാണാം. സിറിയയിലെ അല്‍-ഹൗള്‍ പ്രവിശ്യയിലെ ISIS ക്യാമ്പില്‍നിന്ന് യുവതികളെ YPJ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (SDF) ന്റെ നേതൃത്വത്തിലാണ് ദൗത്യം നടത്തിയതെന്നും സിറിയയിലെ ന്യൂനപക്ഷമായ കുര്‍ദിഷ് വിഭാഗത്തിന്റെ പുരുഷ-വനിതാ പ്രതിരോധ സേനകളായ YPJ യും YPGയും ഇതില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ കാണാം.
ഏഴുമിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൂന്ന് സ്ത്രീകളെ മോചിപ്പിക്കുന്ന ദൃശ്യങ്ങളാണ് കാണാനാവുന്നത്. ഈ ദൃശ്യങ്ങള്‍ക്കൊപ്പം യൂട്യൂബില്‍ അറബി ഭാഷയില്‍ നല്‍കിയിരിക്കുന്ന വിവരണവും നേരത്തെ ലഭ്യമായ മാധ്യമറിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നു.
അല്‍-ഹൗളില്‍ ISIS തടവിലാക്കിയ സ്ത്രീകളെ YPJ എന്ന വനിതാ സംരക്ഷണ യൂണിറ്റുകള്‍ രക്ഷപ്പെടുത്തിയെന്ന വിവരണത്തോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. SDF വെബ്സൈറ്റിലും ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പങ്കുവെച്ചതായി കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് യുഎന്‍ സൈന്യമല്ലെന്നും 2022 സെപ്തംബറില്‍ സിറിയയിലെ അല്‍-ഹൗള്‍ പ്രവിശ്യയിലെ ISIS ക്യാമ്പില്‍നിന്ന് യുവതികളെ മോചിപ്പിക്കുന്ന സിറിയയിലെ YPJ പ്രതിരോധസംഘമാണെന്നും വ്യക്തമായി.
മോചിപ്പിക്കപ്പെട്ട യുവതികളുടെ വിവരങ്ങള്‍ക്കായി തിരച്ചില്‍ തുടര്‍ന്നു. ഇവര്‍ ഇന്ത്യക്കാരാണെന്ന സൂചന എവിടെയും കണ്ടത്താനായില്ല. തിയതി ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ അത്തരം മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചില്ല.
തുടര്‍ന്ന് എക്സില്‍ നടത്തിയ പരിശോധനയില്‍ YPJ യുടെ ട്വീറ്റ് കണ്ടെത്തി.
2022 സെപ്തംബര്‍ 5ന് പങ്കുവെച്ച വീഡിയോയിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. പിന്നീട് സെപ്തംബര്‍ 7ന് ചേര്‍ത്തിരിക്കുന്ന മറ്റ് ചില ട്വീറ്റുകളിലൊന്നില്‍ മോചിപ്പിച്ചത് യസീദി വനിതകളെയാണെന്ന സൂചന കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ISIS തടവിലാക്കിയ 38 ഇന്ത്യന്‍ വനിതകളെ മോചിപ്പിക്കുന്ന യുഎന്‍ സൈന്യമെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ 2022-ലേതാണ്. സിറിയയിലെ YPJ സംഘം അല്‍–ഹൗള്‍ പ്രവിശ്യയിലെ ISIS ക്യാമ്പില്‍നിന്ന് യസീദി വനിതകളെ മോചിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.