Fact Check: മുസ്ലിം ജനതയ്ക്കൊപ്പം യോഗി - ഇത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് നാടകമോ? ചിത്രത്തിന്റെ വാസ്തവം

മുസ്ലിം വേഷമണിഞ്ഞ ഒരുകൂട്ടം ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന യോഗി ആദിത്യനാഥ് അതിലൊരാളെ പുഞ്ചിരിയോടെ കെട്ടിപ്പിടിക്കുന്ന ചിത്രം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് നാടകമാണെന്ന വിവരണത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  23 May 2024 12:45 AM GMT
Fact Check: മുസ്ലിം ജനതയ്ക്കൊപ്പം യോഗി -  ഇത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് നാടകമോ? ചിത്രത്തിന്റെ വാസ്തവം
Claim: ഒരുകൂട്ടം മുസ്ലിം വ്യക്തികള്‍ക്കൊപ്പം സ്നേഹപ്രകടനം നടത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ നാടകം.
Fact: ചിത്രം യഥാര്‍ത്ഥമല്ല; നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് മുസ്ലിം വേഷമണിഞ്ഞ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതില്‍ പ്രായം ചെന്ന ഒരു വ്യക്തിയെ പുഞ്ചിരിയോടെ കെട്ടിപ്പിടിക്കുന്നതാണ് ചിത്രം. (Archive)


തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്ന അടിക്കുറിപ്പോടെയാണ് നിരവധി പേര്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2)


Fact-check:

ചിത്രം വ്യാജമാണന്നും നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

ഈ ചിത്രമോ സമാനമായ മറ്റ് ചിത്രങ്ങളോ യോഗി ആദിത്യനാഥിന്റെ സമൂഹമാധ്യമങ്ങളിലോ മറ്റ് മാധ്യമ റിപ്പോര്‍ട്ടുകളിലോ കണ്ടെെത്താനായില്ലെന്നതായിരുന്നു ചിത്രം വ്യാജമാകാമെന്നതിന്റെ ആദ്യസൂചന. തുടര്‍ന്ന് ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചതോടെ നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്നതിന് ഏതാനും സൂചനകള്‍ ലഭിച്ചു.



നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളില്‍ പൊതുവെ കണ്ടുവരുന്ന പ്രശ്നമാണ് മനുഷ്യരുടെ ചിത്രങ്ങളിലെ കൈവിരലുകളുടെ ഘടനയിലും എണ്ണത്തിലുമുള്ള വ്യത്യാസങ്ങള്‍. ചിത്രത്തില്‍ ഈ പ്രശ്നങ്ങള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ കാണാം. കൂടാതെ ഒരാളുടെ വസ്ത്രത്തിന് രണ്ട് നിറങ്ങള്‍ നല്‍കിയതായും കാണാം.

നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉള്ളടക്കം തിരിച്ചറിയാന്‍ നിലവില്‍ ലഭ്യമായ ചില സംവിധാനങ്ങളില്‍ നടത്തിയ പരിശോധനയിലും ഇത് AI ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണെന്ന സൂചനയാണ് ലഭിച്ചത്.


തുടര്‍ന്ന് ചിത്രത്തില്‍ നല്‍കിയിരിക്കുന്ന വാട്ടര്‍മാര്‍ക്ക് പരിശോധിച്ചു. SAHIXD എന്ന പേര് ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ഇതേ പേരില്‍ വെരിഫൈ ചെയ്ത ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി.



Generative AI Enthusiast എന്ന ആമുഖത്തോടെ പങ്കുവെച്ച പ്രൊഫൈലില്‍ സാഹിദ് എസ് കെ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അക്കൗണ്ട് പരിശോധിച്ചതോടെ പ്രചരിക്കുന്ന ചിത്രം 2024 മെയ് 13 ന് പങ്കുവെച്ചതായി കണ്ടെത്തി.




മറ്റ് ഏഴ് ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ചതാണ് ഈ ചിത്രം. ഇതിനൊപ്പം Poliitics in a parallel universe എന്ന അടിക്കുറിപ്പും ചിത്രം നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം വിനോദത്തിനായി തയ്യാറാക്കിയതാണെന്നുള്ള വിവരണവും നല്‍കിയിട്ടുണ്ട്.

ഇതിനൊപ്പം പങ്കുവെച്ചിരിക്കുന്ന മറ്റ് ചിത്രങ്ങളും ഇത്തരത്തില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് കാണാം. കോണ്‍ഗ്രസ് പതാകയേന്തി നില്‍ക്കുന്ന ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെയും ബിജെപി വേദിയില്‍ പ്രസംഗിക്കുന്ന രാഹുല്‍ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ നേതാക്കളെയുമെല്ലാം ഇത്തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. മോദിക്കൊപ്പം സെല്‍ഫിയെടുക്കുന്ന സ്വന്തം ചിത്രവും കാണാം.



അദ്ദേഹത്തിന്റെ പേജില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച മറ്റ് നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചതായും കണ്ടെത്തി.



നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന Megalodon എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് ഇദ്ദേഹമെന്നും സമൂഹമാധ്യമത്തില്‍ പറയുന്നു.

ഇതോടെ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ലെന്ന് വ്യക്തമായി.


Conclusion:

മുസ്ലിം വേഷമണിഞ്ഞ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:ഒരുകൂട്ടം മുസ്ലിം വ്യക്തികള്‍ക്കൊപ്പം സ്നേഹപ്രകടനം നടത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ നാടകം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:ചിത്രം യഥാര്‍ത്ഥമല്ല; നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത്.
Next Story