ദീപാവലിയോടനുബന്ധിച്ച് അയ്യായിരം രൂപവരെ സമ്മാനം നേടാമെന്ന അവകാശവാദത്തോടെ ലിങ്ക് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രസഹിതം പ്രചരിക്കുന്ന പോസ്റ്റില്‍ ഫോണ്‍പേയുടെ ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം നേടാമെന്നാണ് പ്രചാരണം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന വ്യാജ ലിങ്കാണിതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
നേരത്തെയും സമാനമായ ലിങ്കുകള്‍ പ്രചരിച്ചിരുന്നതിനാലും പങ്കുവെച്ചിരിക്കുന്ന ഫെയ്സ്ബുക്ക് പേജിന്റെ പേരും ഉള്ളടക്കവും ഉള്‍പ്പെടെ ഘടകങ്ങളും പ്രചാരണം വ്യാജമാകാമെന്നതിന്റെ സൂചനയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേജിന്റെ ഉള്ളടക്കം ഉള്‍പ്പെടെ കാര്യങ്ങള്‍ പ്രചാരണം വ്യാജമാണെന്നതിനെ സാധൂകരിക്കുന്നതാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന വെബ്സൈറ്റിന് യാതൊരു ഔദ്യോഗിക സ്വഭാവങ്ങളുമില്ലെന്നും തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ലിങ്കാണിതെന്നും വ്യക്തമായി. പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എത്തുന്ന വെബ്സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും UPI ഉള്‍പ്പെടെ ചില ലോഗോകളും നല്‍കിയതായി കാണാം. എന്നാല്‍ https://cashzoneofferzz.dev/PAYM/index.html എന്ന URL ഇത് വ്യാജ പേജാണെന്ന് സ്ഥിരീകരിക്കുന്നു.
പേജിന് താഴേക്ക് സ്ക്രോള്‍ ചെയ്യുന്നതോടെ സ്ക്രാച്ച് ചെയ്യാനുള്ള ഒരു ബട്ടണും പിന്നീട് ചില വാഗ്ദാനങ്ങളും കാണാം. സ്ക്രാച്ച് ചെയ്യുന്നതോടെ ഒരു നിശ്ചിത തുക അതില്‍ പ്രത്യക്ഷപ്പെടുന്നു. ഈ തുക ലഭിക്കുന്നതിനായി ക്ലിക്ക് ചെയ്യാനാവശ്യപ്പെടുന്ന മറ്റൊരു ബട്ടണ്‍ കാണാം.
അക്കൗണ്ടിലേക്ക് പണം പിന്‍വലിക്കാനായി എന്ന വാഗ്ദാനത്തോടെ നല്‍കിയിരിക്കുന്ന ലിങ്കിന്റെ വിവരങ്ങളാണ് പിന്നീട് പരിശോധിച്ചത്. ഫോണ്‍പേ എന്ന പെയ്മെന്റ് അപ്ലിക്കേഷനിലേക്ക് നയിക്കുന്ന ലിങ്കാണ് നല്‍കിയിരിക്കുന്നത്. മുന്‍കൂട്ടി സെറ്റ് ചെയ്ത ഒരു അക്കൗണ്ടിലേക്ക് നിശ്ചിത തുക കൈമാറ്റം ചെയ്യാനുള്ള ലിങ്ക്. അതായത്, പണം സ്വീകരിക്കാനല്ല, നല്‍കാനുള്ള ലിങ്കാണ് പേജില്‍ ചേര്‍ത്തിരിക്കുന്നത്.
നല്‍കിയിരിക്കുന്ന ലിങ്കില്‍ കാണുന്ന 680 എന്നത് തുകയും INR എന്നത് കറന്‍സി യൂണിറ്റുമാണ്. പെയ്മെന്റ് അക്കൗണ്ടിന്റെ ഐഡിയായി sbipmodpad എന്നും കാണാം. ഈ ലിങ്ക് ഫോണ്‍പേ അപ്ലിക്കേഷനുള്ള ഫോണുകളില്‍ നേരിട്ട് ട്രാന്‍സാക്ഷന്‍ പേജിലേക്ക് നയിക്കുന്നതിനാല്‍ പണം ലഭിക്കുന്നുവെന്ന പ്രതീതിയില്‍ ആളുകള്‍ തെറ്റിദ്ധരിക്കാനും തുക അവര്‍ക്ക് കൈമാറ്റം ചെയ്യാനും സാധ്യതയുണ്ട്. വികാസ് എന്റര്‍പ്രൈസസ് എന്ന പേടിഎം അക്കൗണ്ടിലേക്കാണ് പണം മാറ്റുന്നതെന്നും കാണാം.
ഇതോടെ പ്രചാരണം സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണമാണെന്ന് സ്ഥിരീകരിച്ചു.