Fact Check: ജന്‍ധന്‍ യോജനയില്‍ 5000 രൂപവരെ ക്യാഷ്ബാക്ക് - പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജനയുടെ ഭാഗമായി അയ്യായിരം രൂപവരെ നേടാമെന്ന അവകാശവാദത്തോടെ ഒരു ലിങ്ക് സഹിതമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

By -  HABEEB RAHMAN YP |  Published on  9 Oct 2024 1:09 AM GMT
Fact Check: ജന്‍ധന്‍ യോജനയില്‍ 5000 രൂപവരെ ക്യാഷ്ബാക്ക് - പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം
Claim: ജന്‍ ധന്‍ യോജയുടെ ഭാഗമായി ഫോണ്‍പേ വഴി അയ്യായിരം രൂപയുടെ ക്യാഷ്ബാക്ക്.
Fact: പ്രചാരണം അടിസ്ഥാനരഹിതം. പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ലിങ്കാണെന്നും ഇതുവഴി പണം നഷ്ടപ്പെട്ടേക്കാമെന്നും അന്വേഷണത്തില്‍ സ്ഥിരികരിച്ചു.

അയ്യായിരം രൂപവരെ സമ്മാനമായി നേടാമെന്ന അവകാശവാദത്തോടെ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന സന്ദേശത്തൊടൊപ്പം നല്കയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനനാവശ്യപ്പെടുന്ന സന്ദേശത്തില്‍ ഫോണ്‍പേ ഉള്‍പ്പെടെ ചില UPI പെയ്മെന്റ് സംവിധാനങ്ങളുടെ ലോഗോയും കാണാം.




Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ടുള്ള ലിങ്കാണ് പ്രചരിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ജനങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സാക്ഷരത ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകളില്‍ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ച്ചേര്‍ക്കാനും ലക്ഷ്യമിട്ടാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജനയ്ക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിവഴി നേരിട്ട് യാതൊരു സാമ്പത്തിക സഹായവും നല്‍കുന്നില്ല, മറിച്ച് മറ്റ് പദ്ധതികളുടെ സാമ്പത്തിക സഹായം ബാങ്കുകള്‍ വഴി സ്വീകരിക്കുന്നത് സുഗമമാക്കുകയാണ് ലക്ഷ്യം. അതിനാല്‍തന്നെ പ്രചരിക്കുന്ന സന്ദേശം വ്യാജമാകാമെന്ന സൂചനകള്‍ ലഭിച്ചു.

സമാനമായ നിരവധി തട്ടിപ്പുകള്‍ നേരത്തെയും നടന്നതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന ലിങ്ക് പങ്കുവെച്ചിരിക്കുന്നത് Last Day Sale എന്ന ഒരു ഫെയ്സ്ബുക്ക് പേജില്‍നിന്നാണെന്ന് കണ്ടെത്തി. 2024 സെപ്തംബറില്‍ മാത്രമാണ് ഈ പേജ് നിര്‍മിച്ചിരിക്കുന്നത്.




തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന വെബ്സൈറ്റിന് യാതൊരു ഔദ്യോഗിക സ്വഭാവങ്ങളുമില്ലെന്നും തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ലിങ്കാണിതെന്നും വ്യക്തമായി. പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എത്തുന്ന വെബ്സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും UPI ഉള്‍പ്പെടെ ചില ലോഗോകളും നല്‍കിയതായി കാണാം. എന്നാല്‍ https://cashzoneofferzz.dev/PAYM/index.html എന്ന URL ഇത് വ്യാജ പേജാണെന്ന് സ്ഥിരീകരിക്കുന്നു.




പേജിന് താഴേക്ക് സ്ക്രോള്‍ ചെയ്യുന്നതോട സ്ക്രാച്ച് ചെയ്യാനുള്ള ഒരു ബട്ടണും പിന്നീട് ചില വാഗ്ദാനങ്ങളും കാണാം. സ്ക്രാച്ച് ചെയ്യുന്നതോടെ ഒരു നിശ്ചിത തുക അതില്‍ പ്രത്യക്ഷപ്പെടുന്നു. ഈ തുക ലഭിക്കുന്നതിനായി ക്ലിക്ക് ചെയ്യാനാവശ്യപ്പെടുന്ന മറ്റൊരു ബട്ടണ്‍ കാണാം.




അക്കൗണ്ടിലേക്ക് പണം പിന്‍വലിക്കാനായി എന്ന വാഗ്ദാനത്തോടെ നല്‍‍കിയിരിക്കുന്ന ലിങ്കിന്റെ വിവരങ്ങളാണ് പിന്നീട് പരിശോധിച്ചത്. ഫോണ്‍പേ എന്ന പെയ്മെന്റ് അപ്ലിക്കേഷനിലേക്ക് നയിക്കുന്ന ലിങ്കാണ് നല്‍കിയിരിക്കുന്നത്. മുന്‍കൂട്ടി സെറ്റ് ചെയ്ത ഒരു അക്കൗണ്ടിലേക്ക് നിശ്ചിത തുക കൈമാറ്റം ചെയ്യാനുള്ള ലിങ്ക്. അതായത്, പണം സ്വീകരിക്കാനല്ല, നല്‍കാനുള്ള ലിങ്കാണ് പേജില്‍ ചേര്‍ത്തിരിക്കുന്നത്.




നല്‍കിയിരിക്കുന്ന ലിങ്കില്‍ കാണുന്ന 680 എന്നത് തുകയും INR എന്നത് കറന്‍സി യൂണിറ്റുമാണ്. പെയ്മെന്റ് അക്കൗണ്ടിന്റെ ഐഡിയായി sbipmodpad എന്നും കാണാം. ഈ ലിങ്ക് ഫോണ്‍പേ അപ്ലിക്കേഷനുള്ള ഫോണുകളില്‍ നേരിട്ട് ട്രാന്‍സാക്ഷന്‍ പേജിലേക്ക് നയിക്കുന്നതിനാല്‍ പണം ലഭിക്കുന്നുവെന്ന പ്രതീതിയില്‍ ആളുകള്‍ തെറ്റിദ്ധരിക്കാനും തുക അവര്‍ക്ക് കൈമാറ്റം ചെയ്യാനും സാധ്യതയുണ്ട്. വികാസ് എന്റര്‍പ്രൈസസ് എന്ന പേടിഎം അക്കൗണ്ടിലേക്കാണ് പണം മാറ്റുന്നതെന്നും കാണാം.




ഇതോടെ പ്രചാരണം സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണമാണെന്ന് സ്ഥിരീകരിച്ചു.

Claim Review:ജന്‍ ധന്‍ യോജയുടെ ഭാഗമായി ഫോണ്‍പേ വഴി അയ്യായിരം രൂപയുടെ ക്യാഷ്ബാക്ക്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ലിങ്കാണെന്നും ഇതുവഴി പണം നഷ്ടപ്പെട്ടേക്കാമെന്നും അന്വേഷണത്തില്‍ സ്ഥിരികരിച്ചു.
Next Story