ഇന്ത്യന്‍ റെയില്‍വേ ശ്രീരാമന്റെ ചിത്രമടങ്ങുന്ന ഡിസൈനില്‍ വന്ദേഭാരതടക്കം ട്രെയിന്‍ എഞ്ചിനുകള്‍ പുറത്തിറക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഈയിടെ തിരുവനന്തപുരത്ത് രാജ്ഭവനില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയില്‍ ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ചാണ് പ്രചാരണം. ശ്രീരാമന്റെ ചിത്രമടങ്ങുന്ന കാവി നിറത്തിലുള്ള ഡിസൈനില്‍ ഒരു സാധാരണ ട്രെയിന്‍ എഞ്ചിനും ഒരു വന്ദേഭാരത് എഞ്ചിനും പോസ്റ്റുകളില്‍ കാണാം.
Fact-check:
പ്രചരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ചിത്രങ്ങള്‍ ചില എഐ തിരിച്ചറിയല്‍ വെബ്സൈറ്റുകള്‍ ഉപയോഗിച്ചാണ് ആദ്യം പരിശോധിച്ചത്. ഹൈവ് മോഡറേഷന്‍ എന്ന വെബ്സൈറ്റില്‍ നടത്തിയ പരിശോധനയില്‍ 96 ശതമാനത്തിലധികം എഐ നിര്‍മിതമാകാനുള്ള സാധ്യതയാണ് ലഭിച്ചത്.
തുടര്‍ന്ന് വാസ് ഇറ്റ് എഐ എന്ന മറ്റൊരു വെബ്സൈറ്റ് ഉപയോഗിച്ചും സമാന പരിശോധന നടത്തി. ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്ന ഫലമാണ് ലഭിച്ചത്.
ഈ സൂചനകളുടെ അടിസ്ഥാനത്തില്‍ ചിത്രങ്ങളില്‍ കാണുന്ന ദി റെയില്‍ പൈലറ്റ് എന്ന വാട്ടര്‍മാര്‍ക്ക് അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പ് ഇതേ പേരിലുള്ള ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ കണ്ടെത്തി. ചിത്രത്തിനൊപ്പം നല്‍കിയ വിവരണത്തില്‍ ചിത്രം പൂര്‍ണമായും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതോടെ ചിത്രം യഥാര്‍ത്ഥമല്ലെന്ന് വ്യക്തമായി. അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ ഗോഹട്ടിയിലെ ഒരു റെയില്‍വേ ഡിവിഷനില്‍ ശ്രീരാമന്റെ ചിത്രം ഉള്‍പ്പെടുന്ന ഡിസൈന്‍ ഒരു ട്രെയിന്‍ എഞ്ചിന് നല്‍കിയിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. എന്നാല്‍ ഇത് ഒരു പൊതു ഡിസൈന്‍ അല്ലന്നും വന്ദേഭാരത് ട്രെയിനല്ലെന്നും വ്യക്തമാണ്.
ഇതോടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
ഇന്ത്യന്‍ റെയില്‍വേ വന്ദേഭാരതടക്കം ട്രെയിന്‍ എഞ്ചിനുകള്‍ക്ക് ശ്രീരാമന്റെ ചിത്രമടങ്ങുന്ന ഡിസൈന്‍ നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ ശ്രീരാമന്റെ ചിത്രമടങ്ങുന്ന ഡിസൈന്‍ ഒരു തീവണ്ടിയുടെ എഞ്ചിനില്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത് പൊതു രൂപകല്പനയല്ലെന്നും വന്ദേഭാരത് ഉള്‍പ്പെടെ ട്രെയിനുകളില്‍ ഇത് ഉപയോഗിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു.